ജുന അഖാഡയിലെ മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി (ഇടത്ത്) അഖില വിമല്‍ (നടുവില്‍) സീന ഭാസ്കര്‍ (വലത്ത്)
ന്യൂദല്‍ഹി: കോളെജിലെ തല്ലുപിടിത്തത്തെ തുടര്‍ന്ന് പൊലീസ് കേസില്‍ പിടികൊടുക്കാതിരിക്കാന്‍ 2001ല്‍ നടക്കുന്ന ഒരു കുംഭമേളയിലേക്ക് ഒളിവില്‍ കഴിയാന്‍ പോയതാണ് സലില്‍ എന്ന എസ് എഫ് ഐ )ജില്ലാ നേതാവ്. പക്ഷെ ആ കുംഭമേള സലീഷ് എന്ന എസ് എഫ് ഐ നേതാവിന് വലിയ ഒരു മാറ്റം ഉണ്ടാക്കിയിരുന്നു. പ്രസ് ക്ലബ്ബില്‍ ജേണലിസം പഠിക്കുമ്പോള്‍ ഒന്നാം റാങ്കോടെ പാസായ ആളാണ് സലില്‍. പിന്നീട് മാതൃഭൂമിയില്‍ ജേണലിസ്റ്റായും ഒക്കെ പ്രവര്‍ത്തിച്ച അദ്ദേഹം വൈകാതെ സന്യാസത്തിലേക്ക് പോയി. മാതൃഭൂമിയില്‍ ജോലി ചെയ്യുമ്പോള്‍ ഹരിദ്വാര്‍, കാശി, ഹിമാലയന്‍ ഭാഗങ്ങള്‍ സന്ദര്‍ശിക്കല്‍ പതിവായി. വായിച്ചതിനേക്കാളും അറിഞ്ഞതിനേക്കാളും കൂടുതല്‍ അറിയണം എന്ന തോന്നലാണ് ആത്മീയതയിലേക്ക് അടുപ്പിച്ചത്. ഇപ്പോള്‍ പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ ഈ സഖാവ് വലിയൊരു സന്യാസപദവിയിലേക്ക് അവരോധിക്കപ്പെട്ടിരിക്കുന്നു. ജുന അഖാഡ എന്ന ഇന്ത്യയിലെ ഏറ്റവും വലിയ സന്യാസസമൂഹത്തിന്റെ മഹാമണ്ഡലേശ്വര്‍ പദവിയില്‍ എത്തിയ ഈ സഖാവിന്റെ ഇപ്പോഴത്തെ പേര് ആനന്ദവനം ഭാരതി എന്നാണ്.
ഇദ്ദേഹത്തിന്റെ മുന്‍കയ്യില്‍ ഇക്കുറി മഹാകുംഭമേളയില്‍ എത്തുന്ന മലയാളികള്‍ക്ക് താമസിക്കാന്‍ ഒരു ടെന്‍റ് തന്നെ സ്ഥാപിച്ചിരുന്നു. ഇവിടെ എത്തിയവരില്‍ പലരും പഴയ സഖാക്കള്‍ ആണെന്നതാണ് വാസ്തവം. എസ് എഫ് ഐ മൂരാച്ചികളല്ല. നല്ല എസ് എഫ് ഐക്കാരായിരുന്നവര്‍. പഠിച്ചിരുന്ന കാലത്ത് ആദര്‍ശം മുറുകെപ്പിടിച്ചവര്‍. അവസരവാദം എന്തെന്നറിയാത്തവര്‍. ദുര്‍മോഹങ്ങള്‍ ഇല്ലാത്തവര്‍. ഇപ്പോള്‍ ഇതുപോലെ പൂര്‍വ്വാശ്രമത്തില്‍ നല്ല എസ് എഫ് ഐക്കാരായി ഇരുന്നവര്‍ ഓരോരുത്തരായി സനാതനധര്‍മ്മത്തിന്റെ പരിശുദ്ധ വഴിയിലേക്ക് ചുവടുവെയ്‌ക്കുന്നതിനും പ്രയാഗ് രാജിലെ ഈ മഹാകുംഭമേള സാക്ഷ്യം വഹിച്ചു.
കഴിഞ്ഞകാലത്തെ എസ് എഫ് ഐ നേതാവായ അഖില വിമല്‍ സന്യാസവഴിയില്‍ എത്തിയത് ഈ മഹാകുംഭമേളയിലാണ്. മഹാരാജാസ് കോളെജില്‍ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ എസ് എഫ്ഐ നേതാവായിരുന്നു. പിന്നീട് അവര്‍ ബിരുദാനന്തരബിരുദവും പിഎച്ച് ഡിയും നേടിയത് ദല്‍ഹിയില്‍ നിന്നാണ്. അതിന് ശേഷം പോസ്റ്റ് ഡോക്ടറല്‍ ബിരുദം നേടിയത് യുഎസില്‍ നിന്ന്. ദല്‍ഹിയില്‍ ആയിരുന്നപ്പോള്‍ എസ് എഫ് ഐയുടെ ദേശീയ നേതാവായിരുന്നു. പഴയകാല നക്സലൈറ്റ് നേതാവായിരുന്നു അഖില വിമലിന്റെ അച്ഛന്‍. അച്ഛന്റെ വേര്‍പാടും മറ്റും അഖിലയെ ജീവിതത്തിന്റെയും ചെങ്കൊടിയുടെയും നിസ്സാരത പഠിപ്പിച്ചിരിക്കണം. പതിയെ അഖില വിമലും സന്യാസത്തിന്റെ വഴിയിലേക്ക് എത്തുകയായിരുന്നു. ഈ മഹാകുംഭമേളയില്‍ വെച്ചാണ് അഖില വിമല്‍ കാവിയുടുത്തത്. അഖില വിമല്‍ എന്ന പൂര്‍വ്വാശ്രമത്തിലെ പേര് ഇപ്പോള്‍ അവന്തിക ഭാരതി എന്നായി.
ഇക്കുറി മലയാളികള്‍ക്കായി പ്രയാഗ് രാജില്‍ ജുന അഖാഡ ഉയര്‍ത്തിയ ടെന്‍റില്‍ ഒരു വിശിഷ്ട അതിഥി എത്തിയിരുന്നു. പഴയകാല എസ് എഫ് ഐനേതാവിന്റെ ഭാര്യ. വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിനിടയില്‍ കത്തിക്കുത്തേറ്റ് ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് പിന്നീട് ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായി വീല്‍ചെയറില്‍ മരിക്കുന്നത് വരെ കഴിയേണ്ടി വന്ന സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കര്‍. ശരീരത്തിന്റെ പാതി തളര്‍ന്ന സൈമണ്‍ ബ്രിട്ടോയ്‌ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെയ്‌ക്കാനുള്ള വലിയ മനസ്സുള്ള വ്യക്തിയായിരുന്നു സീന ഭാസ്കര്‍. പക്ഷെ പിന്നീട് അവര്‍ക്ക് പാര്‍ട്ടിയില്‍ നിന്നും ഒട്ടേറെ ദുരനുഭവങ്ങളുണ്ടായി. പല ഷോക്കുകളും ദുര്‍വ്വിധികളുടെ രൂപത്തില്‍ എത്തി. സൈമണ്‍ ബ്രിട്ടോയ്‌ക്ക് വേണ്ടി പുസ്തകമെഴുതാന്‍ എത്തിയ മഹാരാജാസ് കോളെജിലെ വിദ്യാര്‍ത്ഥി അഭിമന്യു ആണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ കാമ്പസ് ഫ്രണ്ടിന്റെ കത്തിക്കുക്കുത്തേറ്റ് മരിച്ചത്. അന്ന് പ്രതികളെ പൊലീസ് പിടികൂടാത്തതിന് പിന്നില്‍ സര്‍ക്കാരിന്റെ ഒത്തുകളിയുണ്ടെന്ന് സൈമണ്‍ ബ്രിട്ടോ ആരോപിച്ചിരുന്നു. ഇടത് സര്‍ക്കാരിന്റെ പൊലീസിന് പോപ്പുലര്‍ ഫ്രണ്ടിനെയും എസ് ഡി പിഐയെയും ഭയമാണെന്ന് വരെ സൈമണ്‍ ബ്രിട്ടോ പരസ്യപ്രസ്താവന നടത്തിയിരുന്നു. അഭിമന്യുവിന്റെ നഷ്ടം സീന ഭാസ്കറിന് വലിയ ഷോക്കായിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമെന്ന് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ട യുവജനക്ഷേമ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോമിനെ അന്ന് സീന ഭാസ്‌കര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. “അധികാരം മനുഷ്യനെ മദിചിത്ത(നാ)യാക്കും. സ്വന്തം സഖാവ് പിടഞ്ഞ് വീണ് നിശ്ചലനാവുമ്പോള്‍ അത് ‘ഒറ്റപ്പെട്ട സംഭവത്തി’ലെ ഒരു സഹോദരനാകും… കാരണം അവര്‍ ചവിട്ടിക്കയറാനുള്ള പടവുകള്‍ തീര്‍ക്കുന്ന തിരക്കിലാണ്”- എന്നാണ് സീന ഭാസ്കര്‍ അന്ന് കുറിച്ചത്. അതിന് പിന്നാലെ സൈമണ്‍ ബ്രിട്ടോയുടെ മരണം.
സൈമണ്‍ ബ്രിട്ടോയുടെ മരണത്തിന് പിന്നില്‍ ഗൂഢാലോനചയുണ്ടോ എന്ന് സീന ഭാസ്കര്‍ സംശയിച്ചിരുന്നു. കാരണം അസുഖം വന്നെങ്കിലും അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകി എന്നാണ് സീന ഭാസ്കര്‍ അന്ന് ആരോപിച്ചത്. ചികിത്സിച്ച ഡോക്ടറും അതുപോലെ ഒരു ആരോപണം ഉയര്‍ത്തിയിരുന്നു. ഭൗതിക ജീവിതത്തിലെ ഷോക്കില്‍ നിന്നും രക്ഷപ്പെടാന്‍ ചിലപ്പോഴൊക്കെ ദാസ് ക്യാപിറ്റലിനേക്കാള്‍ അത്താണിയാവുക ഭഗവദ് ഗീതയും ഉപനിഷത്തും വേദങ്ങളും. ജീവിതത്തിന്റെ പ്രതിസന്ധിയെ ആഴത്തില്‍ അറിയാനും അതിനെ മറികടന്ന് മനസ്സിനെ ശാന്തമാക്കാനും സനാതനധര്‍മ്മത്തെപ്പോലെ വേറെ ഒന്നില്ല. എന്തോ, സീനാ ഭാസ്കര്‍ പാര്‍ട്ടി വിട്ടിട്ടില്ല. ഇപ്പോഴും ഇടത് സഹയാത്രിക തന്നെയാണ്. അവര്‍ ദല്‍ഹിയില്‍ മകള്‍ക്കൊപ്പമാണ് താമസം. എങ്കിലും അവര്‍ ജുന അഖാഡയുടെ ടെന്‍റില്‍ എത്തി. മഹാകുംഭമേളയില്‍ ത്രിവേണി സംഗമത്തില്‍ മുങ്ങിക്കുളിച്ചു.
പേര് പറയാന്‍ പറ്റാത്ത മറ്റ് പല സഖാക്കളും തലയില്‍ മുണ്ടിട്ട് പ്രയാഗ് രാജില്‍ എത്തിയിരുന്നു. അവരില്‍ പലരും ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമകേന്ദ്രത്തില്‍ മുങ്ങിക്കുളിക്കുകയും ചെയ്തു. ഭൗതിക ജീവിതതില്‍ അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങളില്‍ നിന്നും മുക്തരാകാന്‍….
പ്രതികരിക്കാൻ ഇവിടെ എഴുതുക