കൊച്ചി: ഭാരതീയ ഭാഷകളിലെ സംസ്കൃത സ്വാധീനവും ശാസ്ത്രീയതയും തിരിച്ചറിയുവാനുള്ള അവസരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണമെന്ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.കെ. ഗീതാകുമാരി.
ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ ഭാരതീ ആചാര്യസംഗമത്തിന്റെ ഉദ്ഘാടനവും ഭാരതീ ബിരുദദാനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. അന്താരാഷ്ട്ര പുസ്തകോത്സവ സമിതി അധ്യക്ഷന്‍ ഇ.എന്‍. നന്ദകുമാര്‍ മുഖ്യസന്ദേശം നല്കി. ചടങ്ങില്‍ ഭാഷയുടെയും സംസ്കാരത്തിന്റെയും മേഖലയില്‍ നിന്നും തെരഞ്ഞെടുത്ത 12 ആചാര്യന്മാരെ ആദരിച്ചു. സംസ്കൃത ഭാഷ ഉന്നതാധികാര സമിതിയംഗം ഡോ എം.വി. നടേശന് അധ്യക്ഷത വഹിച്ചു. മാതൃഭാഷയ്ക്കും സംസ്കൃത വിജ്ഞാനത്തിന് പ്രാധാന്യം നല്കുന്ന സാംസ്കാരിക വിദ്യാഭ്യാസത്തിലൂടെ മാത്രമേ രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ബലപ്പെടുത്താനാവുള്ളുവെന്ന് നടേശന് പറഞ്ഞു.
കേന്ദ്ര സംസ്കൃത സര്‍വകലാശാല ഗുരുവായൂര്‍ കാമ്പസ് ഡയറക്ടര്‍ ഡോ. കെ.കെ. ഷൈന്‍ ആചാര്യവന്ദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. അമൃതഭാരതീവിദ്യാപീഠം കുലപതി ഡോ. ജി. ഗംഗാധരന് നായര്‍ അധ്യക്ഷത വഹിച്ചു. ഡോ. എന്‍.സി. ഇന്ദുചൂഡന്, എം.വി. ഹരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
അക്ഷരശ്ലോകാചാര്യന്മാരും സാംസ്കാരിക പ്രവര്‍ത്തകരുമായ കൃഷ്ണന് കുറൂര്‍, എന്‍.മോഹനന് നായര്‍, കവി ആര്.എസ്. ഭാസ്കര്‍, അദ്ധ്യാപകരും ഭാഷാപ്രവര്ത്തകരുമായ എം.എന്‍. പുരുഷോത്തമന് നമ്പൂതിരി, ഡോ. രേണുക പിസിവി, സംസ്കൃത ഭാഷാ പ്രചാരകന് ഡോ. കെ.പി.ഹെഗ്ഡെ, ഭാഷാപണ്ഡിതന്‍ ഡോ. ജോര്‍ജ് ഇരുമ്പയം, രാമായണ കഥയെ അടിസ്ഥാനമാക്കി തിരുവാതിരപ്പാട്ടുകള്‍ ചിട്ടപ്പെടുത്തിയ കുമാരി മുക്കാടത്ത്, സാംസ്കാരിക പ്രവര്ത്തകന് സെബാസ്റ്റ്യന്‍ എന്‍.ജെ. എന്നിവരെ ആദരിച്ചു.
അമൃതഭാരതീ വിദ്യാപീഠം ഉപാദ്ധ്യക്ഷന്‍ പ്രൊഫ. ഗോപാലകൃഷ്ണ മൂര്‍ത്തി അധ്യക്ഷതയില്‍ നടന്ന മാതൃഭാഷാഭിമാന സംഗമം എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം പ്രഭാകരന്, പ്രശസ്ത ശില്പി എം.എല്‍. രമേശ് എന്നിവര്‍ക്ക് അമൃതഭാരതീവിദ്യാപീഠത്തിന്റ ആദരവ് അമൃതഭാരതീവിദ്യാപീഠം സ്ഥാപകനും ബാലഗോകുലം മാര്‍ഗദര്‍ശിയുമായ എം.എ. കൃഷ്ണന് സമര്‍പ്പിച്ചു. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്. പ്രസന്നകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മാതൃഭാഷയും സ്വത്വവും എന്ന വിഷയത്തില്‍ ഡോ. ജ്യോത്സന ജി. പ്രബന്ധം അവതരിപ്പിച്ചു.
എഴുത്തച്ഛന്, ചങ്ങമ്പുഴ, സുബ്രഹ്മണ്യ ഭാരതീയാര്‍ കവിതകളുടെ അവതരണവും ഭാഷാഭിമാന പ്രതിജ്ഞയും നടന്നു. മാതൃഭാഷയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വിദ്യാഭ്യാസ സമ്പ്രദായം ഉന്നതവിദ്യാഭ്യാസ രംഗത്തും ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലും നടപ്പിലാക്കണമെന്ന് ഭാരതീയ ആചാര്യ സംഗമം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ലോകമാതൃഭാഷാദിനം മുതല്‍ മാര്‍ച്ച് 22 വരെ കേരളത്തിലെ നൂറ് താലൂക്കുകളില്‍ സംഘടിപ്പിക്കുന്ന മാതൃഭാഷാഭിമാനസദസുകള്ക്ക് ഭാരതീ ആചാര്യസംഗമത്തോടെ തുടക്കമായി. ഭാരതീ ആചാര്യസംഗമത്തിന്റെ സമാപനത്തോടനുബന്ധിച്ച് അമൃതഭാരതീവിദ്യാപീഠത്തിന്റെ ആസ്ഥാനമായ എഴുത്തച്ഛന് മണ്ഡപത്തില്‍ ഭാരതീയ ഭാഷാസംഗമവും കവിസമ്മേളനവും നടക്കുമെന്ന് അമൃതഭാരതീവിദ്യാപീഠം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: