Kerala

തൃശൂര്‍ പൂരം: സമാന്തര എക്‌സിബിഷന് കൊച്ചിൻ ദേവസ്വം ബോര്‍ഡ്, പ്രതിഷേധവുമായി പൂരം സംഘാടകര്‍

Published by

തൃശൂര്‍ : പൂരം എക്‌സിബിഷന്‍ നടക്കുന്ന സമയത്ത് തന്നെ നഗരത്തില്‍ സമാന്തര എക്‌സിബിഷന്‍ സംഘടിപ്പിക്കാനുള്ള കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കം വിവാദത്തിലേക്ക്. ഏപ്രില്‍ ഒന്നു മുതല്‍ മെയ് 31 വരെ പള്ളിത്താമം ഗ്രൗണ്ടില്‍ എക്‌സിബിഷന്‍ നടത്താന്‍ ടെണ്ടറുകള്‍ ക്ഷണിച്ചാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കഴിഞ്ഞദിവസം പത്രപ്പരസ്യം നല്‍കിയത്. ഇതേ സമയത്ത് തന്നെയാണ് തൃശ്ശൂര്‍ പൂരം സംഘാടകസമിതി വടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ പൂരം പ്രദര്‍ശനം ഒരുക്കുന്നത്.

പൂരം പ്രദര്‍ശനത്തെ തകര്‍ക്കാനുള്ള നീക്കമാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ നീക്കമെന്ന് പൂരം സംഘാടകര്‍ ചൂണ്ടിക്കാണിക്കുന്നു. എക്‌സിബിഷനില്‍ നിന്ന് കിട്ടുന്ന വരുമാനമാണ് തൃശൂര്‍ പൂരം നടത്തിപ്പിന്റെ പ്രധാന ധനസ്രോതസ്സ്. ഒരേസമയത്ത് നഗരത്തില്‍ രണ്ട് എക്‌സിബിഷനുകള്‍ ആരംഭിച്ചാല്‍ വരുമാനം കുറയും എന്നുറപ്പ്. മാത്രമല്ല കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും സ്റ്റാളുകള്‍ ഒരേ നഗരിയില്‍ രണ്ട് എക്‌സിബിഷനുകളിലും ഒരുക്കുക എന്നത് പ്രായോഗികവുമല്ല.

ഇക്കാര്യങ്ങള്‍ മൂലം നേരത്തെയും പൂര സമയത്ത് മറ്റ് പ്രദര്‍ശനങ്ങളൊന്നും വേണ്ട എന്ന് നഗരസഭയും കോടതിയും തീരുമാനമെടുത്തിട്ടുള്ളതാണ്. 1990ല്‍ എക്‌സ് സര്‍വീസ് കോഡിനേഷന്‍ കമ്മിറ്റി എന്ന സംഘടന പൂരക്കാലത്ത് ഇത്തരമൊരു എക്‌സിബിഷന് വേണ്ടി സ്ഥലമനുവദിക്കുന്നതിന് നഗരസഭക്ക് അപേക്ഷ നല്‍കിയിരുന്നു. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഉചിതമായ തീരുമാനമെടുക്കാന്‍ നഗരസഭയ്‌ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യുകയും പൂരം പ്രദര്‍ശനം നടക്കുന്ന സമയത്ത് മറ്റ് എക്‌സിബിഷനുകള്‍ വേണ്ട എന്ന് തീരുമാനിക്കുകയുമായിരുന്നു.

ചെയര്‍മാന്‍ ജോയി കവലക്കാട്ടിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഒരാള്‍ മാത്രമാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്.ഇത്തരം കീഴ്‌വഴക്കങ്ങളും തീരുമാനങ്ങളും അട്ടിമറിച്ചാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സമാന്തര എക്‌സിബിഷന്‍ നീക്കവുമായി മുന്നോട്ടു പോകുന്നതെന്നും ഇത് തൃശൂര്‍പൂരത്തിനെതിരായ ഗൂഢാലോചനയാണെന്നും പൂരം സംഘാടകര്‍ ചൂണ്ടിക്കാണിക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by