ന്യൂദല്‍ഹി: മന്‍ കീ ബാത്തില്‍ അയ്യപ്പസ്വാമിയെയും പുലികളിയെയും പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ പ്രക്ഷേപണ പരിപാടിയായ മന്‍ കീ ബാത്തിന്റെ 119-ാം എപ്പിസോഡില്‍ രാജ്യത്തെ വൈവിധ്യമായ സസ്യജന്തുജാലങ്ങളെകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് മറ്റൊരിടത്തും ഇല്ലാത്ത, നമ്മുടെ രാജ്യത്ത് മാത്രം കാണുന്ന നിരവധി സസ്യജന്തുജാലങ്ങള്‍ ഉണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ വന്യജീവികള്‍ നമ്മുടെ ചരിത്രത്തിലും സംസ്‌കാരത്തിലും ആഴത്തില്‍ പതിഞ്ഞുകിടക്കുന്നു. നമ്മുടെ ദേവീദേവന്മാരുടെ വാഹനങ്ങളായും നിരവധി മൃഗങ്ങളെ കാണുന്നു. മധ്യഭാരതത്തിലെ പല ഗോത്രങ്ങളും ബാഗേശ്വരനെ ആരാധിക്കുന്നു. മഹാരാഷ്‌ട്രയില്‍ വാഗോബയെ ആരാധിക്കുന്ന ഒരു പാരമ്പര്യം നിലവിലുണ്ട്. അയ്യപ്പ ഭഗവാന് കടുവയുമായി വളരെ ആഴത്തിലുള്ള ബന്ധമുണ്ട്. സുന്ദര്‍വനത്തില്‍ ആരാധിക്കപ്പെടുന്ന ബോണ്‍ബീബിയുടെ വാഹനം കടുവയാണ്. കര്‍ണാടകയിലെ ഹുളിവേഷ, തമിഴ്നാട്ടിലെ പുലി, കേരളത്തിലെ പുലികളി തുടങ്ങി പ്രകൃതിയുമായും വന്യജീവികളുമായും ബന്ധപ്പെട്ട നിരവധി സാംസ്‌കാരിക നൃത്തരൂപങ്ങള്‍ നമുക്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
കര്‍ണാടകയിലെ ബിആര്‍ടി ടൈഗര്‍ റിസര്‍വില്‍ കടുവകളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധനവുണ്ടായതിനുള്ള ബഹുമതി കടുവയെ ആരാധിക്കുന്ന സോളിഗ ഗോത്രങ്ങള്‍ക്കാണ്. ഈ പ്രദേശത്ത് മനുഷ്യനും മൃഗങ്ങളും തമ്മില്‍ സംഘര്‍ഷം ഇല്ല. ഗീറിലെ ഏഷ്യാറ്റിക് സിംഹങ്ങളുടെ സുരക്ഷയിലും സംരക്ഷണത്തിലും ഗുജറാത്തിലെ ജനങ്ങള്‍ സംഭാവനകള്‍ നല്കി. പ്രകൃതിയുമായുള്ള സഹവര്‍ത്തിത്വം എന്താണെന്ന് അവര്‍ ലോകത്തിന് കാണിച്ചുകൊടുത്തു. ഈ ശ്രമങ്ങള്‍ കാരണം, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കടുവകള്‍, പുള്ളിപ്പുലികള്‍, ഏഷ്യന്‍ സിംഹങ്ങള്‍, കാണ്ടാമൃഗങ്ങള്‍, ബാരസിംഗ മാനുകള്‍ എന്നിവയുടെ എണ്ണം അതിവേഗം വര്‍ധിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
ഭാരതത്തിലെ വന്യജീവികളുടെ വൈവിധ്യം മനോഹരമാണ്. ഏഷ്യാറ്റിക് സിംഹങ്ങള്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തും കടുവകളുടെ ആവാസവ്യവസ്ഥ കിഴക്ക്, മധ്യ, ദക്ഷിണ ഭാഗത്തുമാണ്. കാണ്ടാമൃഗങ്ങള്‍ വടക്കുകിഴക്കന്‍ ഭാഗത്താണ്. ഭാരതത്തിന്റെ ഓരോ ഭാഗവും പ്രകൃതിയോട് സംവേദനക്ഷമതയുള്ളവരാണെന്ന് മാത്രമല്ല, വന്യജീവി സംരക്ഷണത്തിനും പ്രതിജ്ഞാബദ്ധമാണ്.
അടുത്ത മാസം ആദ്യം ലോക വന്യജീവി ദിനം ആഘോഷിക്കുമ്പോള്‍ വന്യജീവി സംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: