ഇതും കഷ്ടമാണ് സര്‍ക്കാരെ. ഓണറേറിയത്തിന്റെ കുടിശ്ശികയും വര്‍ധനവും ആവശ്യപ്പെട്ട ആശാ വര്‍ക്കര്‍മാരെ പരിഹസിച്ചത് പോലെ തന്നെയോ അതിലേറെയോ കഷ്ടമാണ്, അതിന്റെ പേരില്‍ കേന്ദ്രത്തെ പഴിച്ചുകൊണ്ട് പച്ച നുണ പറഞ്ഞത്. കേന്ദ്രം വിഹിതം തരാത്തതുകൊണ്ടാണത്രേ ഓണറേറിയം മുടങ്ങിയത്. പറയുന്നത് ആരോഗ്യമന്ത്രിയാണ് . സാധാരണ ധനമന്ത്രിയാണ് നുണ ലിസ്റ്റുമായി പ്രത്യക്ഷപ്പെടാറുള്ളത്. ഇത്തവണ ഒരു മാറ്റമാകാമെന്നു വച്ചതാകാം. ഏതായാലും, ഇതുപോലുള്ള കുറെയേറെ നുണകള്‍ കേട്ടു തഴമ്പിച്ച കേരള ജനതക്ക് കാര്യമൊക്കെ വേഗം പിടികിട്ടും. പറയുന്നയാള്‍ മാറിയിട്ട് കാര്യമില്ല.
ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയത്തിന്റെ കണക്കില്‍ ഒരു പൈസ പോലും കുടിശ്ശികയില്ലെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. കേരള സര്‍ക്കാര്‍ മുഴുവന്‍ വാങ്ങിക്കഴിഞ്ഞു എന്നുമാത്രമല്ല കണക്കു പ്രകാരം 25 കോടി കൂടുതല്‍ വാങ്ങിയിട്ടുമുണ്ട്. ഇതൊക്കെ കൃത്യം കണക്കു പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചത്. കേന്ദ്രം പണം തരാത്തതുകൊണ്ടാണ് ഓണറേറിയം മുടങ്ങിയതെന്നും ആശാവര്‍ക്കര്‍മാരുടെ സമരം കേന്ദ്രത്തിന് എതിരെയാണ് വേണ്ടതെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പരിഹാസ രൂപേണ പറഞ്ഞിരുന്നത്. സമരം രാഷ്‌ട്രീയ പ്രേരിതമാണെന്ന് ആവര്‍ത്തിച്ച് ആരോപിക്കുകയും ചെയ്തു. പണിയെടുത്തതിന്റെ പ്രതിഫലം ചോദിക്കുന്നതിന്റെ പിന്നില്‍ എന്ത് രാഷ്‌ട്രീയമാണാവോ ഇവര്‍ കാണുന്നത്.
സത്യത്തില്‍ രാഷ്‌ട്രീയം കളിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ശമ്പളം മുടക്കിയും ആനുകൂല്യങ്ങള്‍ മുടക്കിയും പ്രകോപിപ്പിച്ചും തൊഴിലാളികളെ സമരത്തിലിറക്കിയിട്ട്, എല്ലാം കേന്ദ്രത്തിന്റെ കുറ്റമാണെന്ന് അവരെ ധരിപ്പിക്കാനാണ് ശ്രമം. അങ്ങനെ കേന്ദ്ര വിരുദ്ധ വികാരം വളര്‍ത്താമെന്നും തങ്ങളുടെ പിടിപ്പുകേടും കെടുകാര്യസ്ഥതയും മറയ്‌ക്കാമെന്നുള്ള വ്യാമോഹം തുടങ്ങിയിട്ട് കാലം കുറച്ചായി. ഒരേ നുണ പലതവണ ആവര്‍ത്തിച്ചു സത്യമെന്നു വരുത്തിത്തീര്‍ക്കുന്ന കമ്യൂണിസ്റ്റ്‌ശൈലി ഒന്ന് മാറ്റിപ്പിടിക്കാനാണ് ശ്രമം. പക്ഷെ, ഒരേ തന്ത്രം പലകുറി ആവര്‍ത്തിച്ചപ്പോള്‍ ജനത്തിന് കാര്യം ബോധ്യപ്പെട്ടു തുടങ്ങി. കേന്ദ്രത്തിന്റെ കൃത്യമായ കണക്കിനെതിരെ ഒരു കണക്കുമില്ലാതെ പടവെട്ടാനിറങ്ങി തുടരെ പരാജയപ്പെട്ടിട്ടും, ഈ സര്‍ക്കാര്‍ പാഠം പഠിക്കുന്നില്ല. കിട്ടുന്നത് വകമാറ്റി ചെലവിട്ട് വേണ്ടപ്പെട്ടവരുടെ കീശ വീര്‍പ്പിക്കുന്നതിന് കണക്കുണ്ടാവില്ലല്ലോ. അതുവഴി മണ്ണിടുന്നത് പാവങ്ങളുടെ കഞ്ഞിയിലാണ്. അത്തരക്കാരെ അവഗണിച്ചും പുച്ഛിച്ചുമാണല്ലോ കഴിഞ്ഞ ദിവസം മറ്റു ചിലര്‍ക്ക് ലക്ഷങ്ങളുടെ ആനുകൂല്യം വാരിക്കൊടുത്തത്. പണമില്ലാത്തതിന്റെ പേരില്‍ കൂടെക്കൂടെ വായ്പ ചോദിച്ച് കേന്ദ്രത്തിന് മുന്നില്‍ കൈ നീട്ടുന്ന സര്‍ക്കാരാണിതൊക്കെ ചെയ്യുന്നത്. കടമെടുപ്പ് മേളയും ധൂര്‍ത്തടിക്കല്‍ ആഘോഷവും നിയന്ത്രിക്കാനൊരു സംവിധാനം വന്നാലേ ഇതുപോലുള്ള സര്‍ക്കാരുകളെ നിയന്ത്രിക്കാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക