India

കാര്‍ഷിക വികസനം വികസിത ഭാരതത്തിന് അടിത്തറ പാകും: സുമന്‍ ബേരി

Published by

പാലന്‍പൂര്‍ (ഗുജറാത്ത്): ഗോസമ്പത്തിന്റെയും കൃഷിയുടെയും വികസനത്തിലൂടെ മാത്രമേ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മുന്നേറുകയുയുള്ളൂവെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ സുമന്‍ ബേരി. സര്‍ദാര്‍ കൃഷിനഗര്‍ ദാന്തിവാഡ കാര്‍ഷിക സര്‍വകലാശാല പരിസരത്ത് ഭാരതീയ കിസാന്‍സംഘിന്റെ പതിനാലാമത് ദേശീയ കണ്‍വെന്‍ഷനില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസിത ഭാരതം എന്ന ലക്ഷ്യം പൂര്‍ത്തിയാകണമെങ്കില്‍ കൃഷിയും കര്‍ഷകരും പുരോഗതി പ്രാപിക്കണം. പശുവിനെ അടിസ്ഥാനമാക്കിയുള്ള കാര്‍ഷിക സൗഹൃദ സാങ്കേതികവിദ്യയുമായി രാജ്യം മുന്നോട്ട് പോകണം. കര്‍ഷകരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനാണ് പ്രധാനമന്ത്രി തുടര്‍ച്ചയായി ശ്രമിക്കുന്നത്. വികസിത രാഷ്‌ട്രത്തിന് വികസിത സമൂഹം ആവശ്യമാണ്. കൃഷിയും കര്‍ഷകരും അഭിവൃദ്ധി പ്രാപിച്ചാല്‍ ഗ്രാമം സമൃദ്ധമാകും, ഗ്രാമം സമൃദ്ധമാകുമ്പോള്‍ രാജ്യത്ത് ഐശ്വര്യം വര്‍ധിക്കും, ബേരി പറഞ്ഞു.

ദാന്തിവാഡ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍.എം. ചൗഹാന്‍ സംസാരിച്ചു. ആനന്ദ് കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ബി. കഥിരിയ, ജുനാഗഡ് കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ വി.പി. ചോവടിയ, കാമധേനു സര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്‍.എച്ച്. കെലാവാല തുടങ്ങിയവര്‍ പങ്കെടുത്തു.ഗോ ആധാരിത ജൈവ കൃഷിയെ അടിസ്ഥാനമാക്കിയുള്ള പ്രദര്‍ശനം കണ്‍വെന്‍ഷന്‍ പരിസരത്ത് കിസാന്‍ സംഘ് ദേശീയ അധ്യക്ഷന്‍ ബദ്രി നാരായണ്‍ ചൗധരി, സംഘടനാ സെക്രട്ടറി ദിനേഷ് കുല്‍ക്കര്‍ണി, ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക