Palakkad

ഹരിതകര്‍മ സേനാംഗങ്ങള്‍ക്കുള്ള മേല്‍വസ്ത്രം വാങ്ങിയതില്‍ അഴിമതി; ഷൊര്‍ണൂര്‍ നഗരസഭയ്‌ക്കെതിരെ ബിജെപി

Published by

ഷൊര്‍ണൂര്‍: നഗരസഭയിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ മേല്‍വസ്ത്രത്തിനൊപ്പം ഇടേണ്ട ജാക്കറ്റ് വാങ്ങിയതില്‍ വന്‍ അഴിമതിയെന്ന് ആരോപണം. ഏറ്റവും കുറഞ്ഞ ടെന്‍ഡര്‍ നല്‍കിയ ന്യൂ ഇറ എന്ന സ്ഥാപനം 430 രൂപയ്‌ക്കും ജിംകോ 550 രൂപയ്കകുമാണ് ക്വാട്ടുചെയ്തിരുന്നത്. എന്നാല്‍ ഇവയെ മറികടന്ന് ജാക്കറ്റ് ഒന്നിന് 3390 രൂപയ്‌ക്ക് കോട്ടയത്തെ ഒരു സ്ഥാപനത്തിനാണ് ടെന്‍ഡര്‍ നല്‍കിയത്.

100 പേര്‍ക്കുള്ള ജാക്കറ്റാണ് കൗണ്‍സില്‍ ഇത്തരത്തില്‍ വാങ്ങിയത്. കുറഞ്ഞ തുകയ്‌ക്ക് ടെന്‍ഡര്‍ നല്‍കിയ സ്ഥാപനങ്ങളെ മറികടന്ന് അവര്‍ നല്‍കിയതിനെക്കാള്‍ പത്തിരട്ടി രൂപയ്‌ക്കുള്ള ജാക്കറ്റ് വാങ്ങിയതില്‍ വന്‍ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് ബിജെപി കൗണ്‍സിലര്‍ കെ. പ്രസാദ് പറഞ്ഞു.

നഗരസഭ ഓഡിറ്റ് നടത്തിയപ്പോഴാണ് ക്രമക്കേട് പുറത്തായത്. ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള പര്‍ച്ചെയ്‌സ് കമ്മിറ്റിയാണ് ക്രമവിരുദ്ധമായി അനുമതി നല്‍കിയിട്ടുള്ളതെന്ന് പ്രസാദ് ചൂണ്ടിക്കാട്ടി. സേനാംഗങ്ങള്‍ക്കുള്ള തൊപ്പിയും ഒന്നിന് 160 രൂപ നിരക്കിലാണ് വാങ്ങിയിട്ടുള്ളത്. ഈ ക്രമക്കേടിനെതിരെ വിജിലന്‍സിനും നഗരസഭാ ജോ. ഡയറക്ടര്‍ക്കും പരാതി നല്‍കുമെന്ന് പ്രസാദ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by