India

കരാര്‍ ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കും; പാകിസ്ഥാന് ഭാരതത്തിന്റെ താക്കീത്

Published by

ന്യൂദല്‍ഹി: ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് പാകിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ച് ഭാരതം. ഇരു സൈന്യത്തിന്റെയും കമാന്‍ഡര്‍തല ചര്‍ച്ചയിലാണ് ഭാരതം നിലപാട് അറിയിച്ചത്. കരാര്‍ ലംഘനം ആവര്‍ത്തിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും സൈന്യം താക്കീത് നല്കി. പൂഞ്ച്, രജൗരി മേഖലയില്‍ തുടര്‍ച്ചയായി പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന സാഹചര്യത്തിലായിരുന്നു ചര്‍ച്ച.

പൂഞ്ചിലെ ചക്കന്‍-ദാ-ബാഗ് ക്രോസിങ് പോയിന്റിലാണ് ഫഌഗ് മീറ്റിങ് നടന്നത്. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത യോഗത്തില്‍ ഭാരതം ചൂണ്ടിക്കാട്ടി. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമത്തിന് പാക് സൈന്യം കൂട്ടുനില്‍ക്കരുത്. വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്ഥാന്‍ മാനിക്കണമെന്നും അതിര്‍ത്തിക്കിപ്പുറത്തേക്ക് വെടിവയ്‌പ്പ് ഉണ്ടായാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഭാരതം ഓര്‍മിപ്പിച്ചു.

സമാധാനം ഉറപ്പാക്കാന്‍ നടപടിയുണ്ടാകുമെന്ന് പാക് ഉദ്യോഗസ്ഥര്‍ അറിയിച്ചുവെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. സമാധാനപരമായി പ്രശ്‌നം പരിഹരിക്കാനുള്ള നടപടികളെ സ്വാഗതം ചെയ്യുന്നതായി ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വ്യക്തമാക്കി. 2003 നവംബര്‍ മുതലാണ് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ കര്‍ശനമായി പാലിക്കാന്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ധാരണയായത്. 2021ല്‍ കരാര്‍ പുതുക്കിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by