തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത “മിറായി” റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ് ഒന്നിനാണ് ചിത്രം ആഗോള റിലീസായി എത്തുക. ഹനു-മാൻ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം തേജ സജ്ജ എത്തുന്നത് വീണ്ടുമൊരു പാൻ-ഇന്ത്യ ആക്ഷൻ-സാഹസിക സിനിമയിൽ നായകനായാണ്. ഒരു സൂപ്പർ യോദ്ധാവ് ആയാണ് അദ്ദേഹം ഈ ചിത്രത്തിൽ വേഷമിടുന്നത്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഓഗസ്റ്റ് 1-ന് 8 വ്യത്യസ്ത ഭാഷകളിൽ 2D, 3D ഫോർമാറ്റുകളിൽ ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യും. രക്ഷാബന്ധൻ, സ്വാതന്ത്ര്യദിന അവധികൾ റിലീസ് തീയതിയോട് അടുത്തുവരുന്നതിനാൽ, ഈ ആഘോഷങ്ങളുടെ ആവേശം മുതലെടുക്കാൻ കൂടിയുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ട് പുറത്ത് വിട്ട പോസ്റ്ററിൽ, തേജ സജ്ജ മഞ്ഞുമലകൾക്കിടയിൽ, തീവ്രമായ ലുക്കിൽ നിൽക്കുന്നതായാണ് അവതരിപ്പിച്ചിരിക്കുന്നത്.
റോക്കിംഗ് സ്റ്റാർ മനോജ് മഞ്ചു ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. തേജ സജ്ജയുടെ നായികയായി റിതിക നായക് അഭിനയിക്കുന്നു. തേജ സജ്ജയുടെ അർപ്പണബോധവും കഠിനാധ്വാനവും ചിത്രത്തിന്റെ ആവേശകരമായ പ്രൊമോകളിൽ വ്യക്തമായി കാണാം. സൂപ്പർ യോദ്ധ എന്ന കഥാപാത്രത്തിന് ജീവൻ പകരാൻ യുവനടൻ തന്റെ പരിധികൾ മറികടക്കുകയാണ്. കാർത്തിക് ഘട്ടമനേനിയുടെ വിദഗ്ധമായ സംവിധാനത്തിൽ മിറായി ഒരു വമ്പൻ സിനിമാനുഭവമായി ആണ് ഒരുങ്ങുന്നത്. സ്ക്രീനിൽ തികച്ചും പുതിയൊരു ലോകം സൃഷ്ടിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സൂക്ഷ്മമായ സമീപനം ചിത്രത്തിന്റെ പ്രൊമോഷണൽ ഘടകങ്ങളിൽ പ്രകടമായി കാണാം.
സംവിധാനം, തിരക്കഥ: കാർത്തിക് ഘട്ടമനേനി, നിർമ്മാതാക്കൾ: ടിജി വിശ്വ പ്രസാദ് & കൃതി പ്രസാദ്, ബാനർ: പീപ്പിൾ മീഡിയ ഫാക്ടറി, സഹനിർമ്മാതാവ്: വിവേക് കുച്ചിഭോട്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത്ത് കുമാർ കൊല്ലി, ചീഫ് കോ-ഓർഡിനേറ്റർ: മേഘശ്യാം, ഛായാഗ്രഹണം: കാർത്തിക് ഘട്ടമനേനി, സംഗീതം: ഗൗര ഹരി, കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല, രചന: മണിബാബു കരണം, പിആർഒ: ശബരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: