കൊല്ലം: കുണ്ടറ റെയിൽവേ ട്രാക്കിനു കുറുകെ ടെലിഫോൺ പോസ്റ്റ് വച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കുണ്ടറ ഇളമ്പള്ളൂർ സ്വദേശി അരുൺ (39), പെരുമ്പുഴ പാലപൊയ്ക സ്വദേശി രാജേഷ് (33) എന്നിവരാണ് പിടിയിലായത്. പെരുമ്പുഴ ബാറിന് സമീപത്തുള്ള ഒഴിഞ്ഞ വീട്ടിൽ നിന്നാണ് പിടികൂടിയത്.. കൂടുതൽ പ്രതികളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. അട്ടിമറി സാധ്യതയടക്കം ആരോപിച്ച് ബിജെപിയും രംഗത്തെത്തിയിരുന്നു.
പ്രതികളെ പിടികൂടുന്നതിൽ സിസിടിവി ദൃശ്യങ്ങളും നിര്‍ണായകമായി. രണ്ട് യുവാക്കള്‍ റോഡരികില്‍ കിടന്ന ടെലിഫോണ്‍ പോസ്റ്റ് എടുക്കുന്ന സിസിടിവി ദൃശ്യവും പൊലീസ് ശേഖരിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ഇന്ന് വെളുപ്പിന് ഒരു മണിയോടുകൂടിയാണ് ട്രെയിൻ അട്ടിമറിശ്രമം നടന്നത്. റെയിൽവേ പാളത്തിന് കുറുകെ ടെലഫോൺ പോസ്റ്റുകൾ വച്ച് ട്രെയിൻ അപകടത്തിൽ പെടുത്തുകയായിരുന്നു ലക്ഷ്യം. ഒന്നരയോടെ എറണാകുളത്തു നിന്നും എത്തിയ പ്രദേശവാസിയായ യുവാവ് റെയിൽവേ പാളം കടന്ന് വീട്ടിലേക്ക് പോകവെയാണ് റെയിൽവേ ട്രാക്കിൽ ടെലഫോൺ പോസ്റ്റ് കുറുകെ വെച്ചിരിക്കുന്നത് കണ്ടത്. സ്ഥലത്തുണ്ടായിരുന്ന ഈ യുവാവിന്റെ ബന്ധുവും യുവാവും ചേർന്ന പോസ്റ്റ് മാറ്റാൻ ശ്രമിച്ചു
എന്നാൽ ഭാരം ഉണ്ടായിരുന്ന പോസ്റ്റ് മാറ്റാൻ സാധിക്കാതെ വന്നതോടെ ഇവർ പ്രദേശത്തെ റെയിൽവേ ഗേറ്റ് കീപ്പറെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് എഴുകോൺ പോലീസ് സ്ഥലത്തെത്തി പോസ്റ്റ് റെയിൽവേ ട്രാക്കിൽ നിന്നും നീക്കംചെയ്തു. പോലീസ് പ്രദേശത്ത് പരിശോധന നടത്തുകയും ചെയ്തു. എന്നാൽ എഴുകോൺ പോലീസ് പോയതിനുശേഷം റെയിൽവേ പാലത്തിന്റെ കുറുകെ വീണ്ടും പോസ്റ്റ് വച്ചതായി കുണ്ടറ പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചു. കുണ്ടറ പോലീസ് സ്ഥലത്തെത്തി ആ പോസ്റ്റും നീക്കംചെയ്തു. ഇതോടെയാണ് ട്രെയിൻ അട്ടിമറി ശ്രമം ആകാം എന്ന പോലീസ് നിഗമനത്തിലെത്തിയത്.
രാവിലെ 10 മണിയോടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെയും, റെയിൽവേ പോലീസിന്റെയും കുണ്ടറ പോലീസിന്റെയും നേതൃത്വത്തിൽ സംഭവസ്ഥലത്ത് പരിശോധനകൾ നടത്തി. തുടർന്ന് പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സിസിടിവിദൃശ്യങ്ങൾ ശേഖരിച്ചു. ഇതിൽ പ്രതികളെന്ന് കരുതുന്ന രണ്ട് യുവാക്കളുടെ സിസിടിവിദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: