Thiruvananthapuram

തമിഴ്‌നാട് തടുത്തു; കരാര്‍ ഏജന്‍സികള്‍ മുങ്ങി, മാലിന്യനീക്കം നിലച്ചു, മൂക്കുപൊത്തി തലസ്ഥാന നഗരം

Published by

തിരുവനന്തപുരം: പുഴുവരിച്ചും ദുര്‍ഗന്ധം വമിച്ചും മാംസാവശിഷ്ടമടക്കമുള്ള ജൈവ മാലിന്യം കുമിഞ്ഞുകൂടി നഗരം ചീഞ്ഞുനാറുന്നു. വീടുകളില്‍ നിന്നും മറ്റും ശേഖരിക്കുന്ന മാലിന്യം ആശുപത്രികള്‍ക്കു സമീപവും ജനവാസമേഖലകളിലും പൊതുനിരത്തിനോട് ചേര്‍ന്ന് ചാക്കുകളില്‍ കെട്ടി വച്ച നിലയിലാണ്. ഹരിത കര്‍മ്മസേന അംഗങ്ങള്‍ ശേഖരിച്ച മാലിന്യമാണ് കരാര്‍ ഏജന്‍സികള്‍ യഥാസമയം നീക്കം ചെയ്യാത്തതിനാല്‍ നിരത്തുവക്കില്‍ നിറയുന്നത്. ഹോട്ടലുകളില്‍ നിന്നും വീടുകളില്‍ നിന്നും പ്രതിദിനം 5 ടണ്ണിലേറെ മാലിന്യമാണ് പുറന്തള്ളപ്പെടുന്നത്.

കോടികള്‍ ചെലവഴിച്ച് നഗരസഭ നടപ്പാക്കിയ മാലിന്യസംസ്‌കരണ പദ്ധതികളെല്ലാം പരാജയമായിരുന്നു. വ്യാപക അഴിമതിയും ധന നഷ്ടവും ഉണ്ടായതായി സിഎജി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. തുമ്പൂര്‍മൂഴികളും ബയോകമ്പോസ്റ്റര്‍ കിച്ചണ്‍ ബിന്നുകളും പരാജയമായി. ഇതോടെ മാലിന്യനീക്കത്തിന് ഏജന്‍സികളെ ചുമതലപ്പെടുത്തി നഗരസഭ കൈയൊഴിഞ്ഞു.

ജൈവ മാലിന്യങ്ങള്‍ റോഡുവക്കുകളില്‍ ശേഖരിച്ച് വയ്‌ക്കുന്നത് നായകളുടെ ശല്യവും കൂടിയിട്ടുണ്ട്. മാലിന്യ അവശിഷ്ടം കടിച്ച്‌വലിച്ച് റോഡിേോലക്ക് ഇടുകയും ഇതുവഴി കടന്നുപോകുന്ന കാല്‍നട യാത്രാക്കാരെ ആക്രമിക്കുകയും ചെയ്യുന്നു. കാക്കകളും പൂച്ചകളും മാലിന്യ അവശിഷ്ടം സമീപത്തെ വീടുകളില്‍ കൊണ്ടിടുന്നതും പതിവായിട്ടുണ്ട്.

കരാര്‍ ഏജന്‍സികള്‍ മുങ്ങി
നഗരത്തിലെ ആശുപത്രികളിലെയും ഹോട്ടലുകളിലെയും മാലിന്യം അനധികൃതമായി തമിഴ്‌നാട്ടിലെ നാലു പഞ്ചായത്ത് പ്രദേശങ്ങളില്‍ വ്യാപകമായി കൊണ്ടുതള്ളിയത് കൈയോടെ പിടിക്കപ്പെട്ടതോടെയാണ് ഏതാനും ആഴ്ചകളായി നഗരത്തില്‍ ജൈവമാലിന്യം അടിഞ്ഞുകൂടാന്‍ തുടങ്ങിയത്. തിരുനെല്‍വേലിയിലെ കൊണ്ടാനഗരം, പളവൂര്‍, കോടനല്ലൂര്‍, മേലത്തടിയൂര്‍ ഗ്രാമങ്ങളിലെ കൃഷിയിടങ്ങളില്‍ മാലിന്യം തള്ളിയതാണ് വിവാദമായത്. ഇതോടെ മാലിന്യ നിര്‍മാര്‍ജ്ജനത്തിന് കരാറെടുത്ത ഏജന്‍സികള്‍ മാലിന്യനീക്കം മന്ദീഭവിപ്പിച്ചിരിക്കുകയാണ്.

33 ഏജന്‍സികളാണ് നഗരത്തില്‍ നിന്ന് മാലിന്യനീക്കത്തിന് കരാറെടുത്തിട്ടുള്ളത്. ശേഖരിക്കുന്ന മാലിന്യം സംസ്‌കരിക്കാനുള്ള സൗകര്യത്തെക്കുറിച്ചുപോലും അന്വേഷിക്കാതെ ഇഷ്ടക്കാര്‍ക്ക് കരാര്‍ കൊടുത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കരാറെടുത്ത ഏജന്‍സികള്‍ ഉപകരാര്‍ നല്‍കുകയും ഇവര്‍ മാലിന്യം നഗരപ്രാന്തങ്ങളിലുള്ള പന്നിഫാമുകളിലേക്ക് വില്‍ക്കുകയുമായിരുന്നു ചെയ്തിരുന്നത്. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പന്നിഫാമുകള്‍ പലതും അടച്ചുപൂട്ടിയതോടെയാണ് ഉപകരാര്‍ കൈക്കലാക്കിയവര്‍ തമിഴ്‌നാട്ടിലെ പന്നിഫാമുകളിലേക്ക് വില്‍ക്കുകയും ശേഷിച്ചവ കൃഷിസ്ഥലങ്ങളില്‍ കൊണ്ടിട്ട് കടന്നുകളയുകയും ചെയ്തത്.

സംഭവം വിവാദമാവുകയും ഹൈക്കോടതിയും ദേശീയ ഹരിതട്രൈബ്യൂണലും ഇടപെടുകയും ചെയ്തതോടെ നിക്ഷേപിച്ച മാലിന്യം തിരികെക്കൊണ്ടുവരേണ്ടിവന്നു. തുടര്‍ന്ന് കേരളത്തില്‍ നിന്ന് മാലിന്യം കടത്തുന്നത് തടയാന്‍ തമിഴ്‌നാട് അതിര്‍ത്തിപ്രദേശങ്ങളില്‍ പരിശോധയും ശക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by