ന്യൂഡൽഹി: ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ഇടപെടാൻ അമേരിക്ക ഫണ്ട് നൽകിയെന്ന ട്രംപിന്റെ വെളിപ്പെടുത്തലിനെ തുടർന്നുള്ള റിപ്പോർട്ടുകൾ ആശങ്കാജനകമെന്ന് വിദേശകാര്യ മന്ത്രാലയം.വിഷയം രാജ്യത്തെ ബന്ധപ്പെട്ട് ഏജന്‍സികള്‍ പരിശോധിക്കുന്നതായും മന്ത്രാലയം വെളിപ്പെടുത്തി. യു എസ് ഫണ്ട് ആരോപണത്തില്‍ അന്വേഷണം തുടങ്ങി എന്ന സൂചനയും വിദേശകാര്യ വക്താവ് നല്‍കി. ബൈഡന്‍ ഭരണകൂടം ഇന്ത്യയില്‍ ആരെയോ തെരഞ്ഞെടുക്കാന്‍ ശ്രമിച്ചു എന്ന ട്രംപിന്റെ ആരോപണം കോണ്‍ഗ്രസിനെതിരെയാണ് വിരൽ ചൂണ്ടുന്നത്.
തെരഞ്ഞെടുപ്പിന് മുൻപും പിൻപും കോൺഗ്രസ് നേതാക്കൾ ഇൻഡി സഖ്യം ജയിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞുകൊണ്ടുള്ള വാർത്താ സമ്മേളനങ്ങൾ ബി ജെ പി ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഇന്ത്യക്കെന്ന പേരില്‍ മാറ്റി വച്ച ഫണ്ട് ബംഗ്ലാദേശിനാണ് യഥാര്‍ത്ഥത്തില്‍ നല്‍കിയതെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ബി ജെ പി തള്ളി. എന്നാല്‍ ഇന്ത്യയ്‌ക്കും ബംഗ്ലാദേശിനും ഒരേ തുക കിട്ടിയിട്ടുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. ബംഗ്ലാദേശിലേക്കല്ല കോണ്‍ഗ്രസിലേക്കാണ് ഫണ്ട് പോയതെന്നാണ് ബി ജെ പി പ്രതികരിച്ചത്.
മോദിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും രാജ്യത്തെ ഒറ്റുകൊടുക്കുകയാണെന്നും ബി ജെ പി ആരോപിച്ചു. ബൈഡന്‍ ഭരണകൂടം ഇന്ത്യയില്‍ ആരെയോ തെരഞ്ഞെടുക്കാന്‍ ശ്രമിച്ചു എന്ന ട്രംപിന്റെ ആരോപണത്തിന് പിന്നാലെ ബി ജെ പി, കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ യു എസ് ഫണ്ട് നല്‍കി എന്നതില്‍ അന്വേഷണം തുടങ്ങി എന്ന സൂചനയാണ് വിദേശകാര്യ വൃത്തങ്ങൾ നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: