കോട്ടയം: ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ച ആഡംബര ബൈക്കും പിന്നിലിരുത്താന്‍ ഒരു പെണ്‍കൊടിയും! കൊച്ചിയില്‍ നിന്ന് കോട്ടയത്തേക്കുള്ള ഒരൊറ്റ യാത്ര കൊണ്ട് 4,000 രൂപ വരെ സമ്പാദിക്കാം!. ഈ പ്രലോഭനമാണ് പല യുവാക്കളെയും ലഹരി മാഫിയയുടെ കാരിയര്മാരെന്ന കെണിയില്പെടുത്തുന്നതെന്ന് കോട്ടയം ജില്ലാ പൊലീസ് പറയുന്നു. ബൈക്ക് ലഹരി മാഫിയ തന്നെ ഏര്‍പ്പാടാക്കും. നമ്പര്‍ പ്ലേറ്റുകള്‍ ഇല്ലാതെ പെണ്‍കുട്ടികളെ പിന്നിലിരുത്തി രാത്രിയില്‍ പായുന്ന ഇത്തരം ബൈക്കുകളില്‍ വ്യാപകമായി ലഹരി മരുന്നുകടത്തുന്നുണ്ടെന്ന് അടുത്ത കാലത്താണ് പൊലീസും എക്സൈസും തിരിച്ചറിഞ്ഞത്. കഴിഞ്ഞവര്‍ഷം 100 കണക്കിന് കേസുകളാണ് ഇത്തരത്തില്‍ പിടികൂടിയതെന്ന് പൊലീസ് പറയുന്നു.
ഇത്തരം രാത്രിയാത്രകളില്‍ പെണ്‍കുട്ടികളെ ഒപ്പം കൂട്ടുന്നതായിരുന്നു രീതി. ടൂറടിച്ചു നടക്കുന്ന വെറും ഇണക്കിളികള്‍ എന്ന് നിഷ്കളങ്കമായി കണ്ടിരുന്ന ഈ യാത്രികരെ പിടികൂടി പരിശോധിച്ചപ്പോഴാണ് ഇവര്‍ മയക്കുമരുന്ന് കാരിയര്‍മാരാണെന്ന് വ്യക്തമായത്. കൊച്ചിയില്‍ നിന്നാണ് മുഖ്യമായും ഇത്തരം ലഹരിക്കടത്ത് . ആദ്യകാലത്ത് ദമ്പതികളോ കാമുകീകാമുകന്മാരോ എന്ന നിലയ്ക്ക് ഇവരെ പിടികൂടി ചോദ്യം ചെയ്യാന്‍ മടിച്ചിരുന്നു. രാത്രിയില്‍ സ്ത്രീകളെ തടഞ്ഞുവെച്ചു എന്ന് പരാതി ഒഴിവാക്കാനായിരുന്നു ഇത്. എന്നാല്‍ മേലില്‍ ഇത്തരക്കാരെ വിശദമായി ചോദ്യം ചെയ്യാന്‍ തന്നെയാണ് പൊലീസിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: