ന്യൂദല്‍ഹി: സാധന, പ്രേരണ, അര്‍ച്ചന… മൂന്ന് ടവറുകളില്‍ 12 നിലകളിലായി ദല്‍ഹിയില്‍ തല ഉയര്‍ത്തി ആര്‍എസ്എസ് കാര്യാലയം. കഴിഞ്ഞ ദിവസം സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രവേശനോത്സവം നിര്‍വഹിച്ച കേശവകുഞ്ജിന് സവിശേഷകളേറെ.
ഝണ്ഡേവാലയില്‍ 1939ലാണ് ആര്‍എസ്എസിന് കാര്യാലയം നിലവില്‍ വന്നത്. അന്നത്തെ ചെറിയ കെട്ടിടം സംഘപ്രവര്‍ത്തനത്തിന്റെ വികാസ വേഗത്തിന് അനുസരിച്ച് വളര്‍ന്നു. 1962ല്‍ കൂടുതല്‍ മുറികളുണ്ടായി. കാര്യാലയത്തിന്റെ ഉടമസ്ഥതയും നടത്തിപ്പും 1969ല്‍ രൂപീകരിച്ച കേശവ സ്മാരക സമിതിയുടെ പേരിലായി. 1980കളില്‍, കെട്ടിടം കൂടുതല്‍ വിപുലീകരിച്ചു.
ആര്‍എസ്എസ് പ്രവര്‍ത്തനം നൂറ് വര്‍ഷത്തിലേക്ക് കടക്കുമ്പോഴാണ് നവീകരിച്ച കാര്യാലയം സജ്ജമായത്. 2016ല്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതാണ് പുതിയ കേശവകുഞ്ജിന് തറക്കല്ലിട്ടത്. അശോക് സിംഗാള്‍ ഓഡിറ്റോറിയം, കേശവ വായനാശാല, ഇവിടെയുണ്ട്.
സമകാലിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങളും സജ്ജീകരിച്ചിരിക്കുന്നു. ഒപിഡി ക്ലിനിക്ക്, സുരുചി പ്രകാശന്‍ തുടങ്ങിയവയും കാര്യാലയത്തിന്റെ ഭാഗമാണ്. 150 കിലോവാട്ട് സോളാര്‍ പ്ലാന്റാണ് സജ്ജീകരിച്ചിരിക്കുന്നത്. 140 കെഎല്‍ഡി ശേഷിയുള്ള മാലിന്യ സംസ്‌കരണ പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ, ആര്‍എസ്എസ് സഹസര്‍കാര്യവാഹുമാരായ ഡോ. കൃഷ്ണ ഗോപാല്‍, അരുണ്‍ കുമാര്‍, മുതിര്‍ന്ന പ്രചാരക് സുരേഷ് സോണി, സമ്പര്‍ക്ക പ്രമുഖ് രാംലാല്‍, സഹ പ്രചാര്‍ പ്രമുഖ് നരേന്ദ്ര കുമാര്‍, ഇന്ദ്രേഷ് കുമാര്‍, പ്രേംജി ഗോയല്‍ തുടങ്ങി നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു പ്രവേശനോത്സവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: