Kerala

ശമ്പളധൂര്‍ത്ത്: ഇഷ്ടക്കാര്‍ക്കു വന്‍ ശമ്പള വര്‍ധന നടപ്പാക്കി ഇടതു സര്‍ക്കാര്‍ പൊതുജനത്തെ വെല്ലുവിളിക്കുന്നു

Published by

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാര്‍ക്കു നല്കാന്‍ പണമില്ല. ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനു കാശില്ല, കേന്ദ്രം നല്കണം. ഉച്ചഭക്ഷണ പദ്ധതിക്കു ഫണ്ടില്ല, പാചകത്തൊഴിലാളികള്‍ പട്ടിണിയില്‍… എന്തു ചോദിച്ചാലും കാശില്ലെന്നു പറയുന്നു പിണറായി സര്‍ക്കാര്‍… എന്തിനും ഏതിനും കേന്ദ്രത്തെ പഴിക്കുന്നു…

പക്ഷേ ഇഷ്ടക്കാര്‍ക്കു വന്‍ ശമ്പള വര്‍ധന നടപ്പാക്കി ഇടതു സര്‍ക്കാര്‍ പൊതുജനത്തെ വെല്ലുവിളിക്കുന്നു. കഴിഞ്ഞ ദിവസം പിഎസ്‌സി ചെയര്‍മാനും അംഗങ്ങള്‍ക്കും ഒരു ലക്ഷം രൂപ വരെ ശമ്പളം കൂട്ടാന്‍ അനുമതി നല്കിയ സര്‍ക്കാര്‍ ഇന്നലെ മറ്റൊരു ശമ്പള ധൂര്‍ത്തിനും അംഗീകാരം നല്കി.

കേരള സര്‍ക്കാരിന്റെ ദല്‍ഹി പ്രതിനിധി കെ.വി. തോമസിന്റെ യാത്രാബത്ത അഞ്ചു ലക്ഷം രൂപ വര്‍ധിപ്പിച്ചു. പിന്നാലെ സര്‍ക്കാര്‍ അഭിഭാഷകരുടെയും. ജനുവരി ഒന്നു മുതലുള്ള മൂന്നു വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെയാണു ശമ്പള വര്‍ധന.

കെ.വി. തോമസിന് 6.31 ലക്ഷം രൂപയില്‍ നിന്നു പ്രതിവര്‍ഷത്തെ തുക 11.31 ലക്ഷമായി ഉയര്‍ത്താനാണ് പൊതുഭരണ വകുപ്പു ശിപാര്‍ശ. ഇപ്പോഴത്തെ തുക കുറവാണെന്നും ചെലവ് അധികരിക്കുന്നെന്നും കാട്ടിയാണ് ഓണറേറിയത്തില്‍ അഞ്ചു ലക്ഷം രൂപയുടെ വര്‍ധനയ്‌ക്ക് ശിപാര്‍ശ. ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നില്‍ മഹാസംഗമ സമരം നടത്തിയപ്പോഴാണ് ദല്‍ഹിയില്‍ വിസിറ്റിനു പോയി തിരികെ വരുന്ന കെ.വി. തോമസിന്റെ ഓണറേറിയത്തില്‍ അഞ്ചു ലക്ഷം രൂപ വര്‍ധിപ്പിച്ചത്.

2023 ജനുവരിയിലാണ് ദല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി കെ.വി. തോമസിനെ നിയോഗിച്ചത്. കാബിനറ്റ് റാങ്കിലാണ് നിയമനം. അഞ്ചു ജീവനക്കാരാണ് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍. പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡന്റ്, ഡ്രൈവര്‍ എന്നിങ്ങനെയാണ് നിയമനം. കെ.വി. തോമസ് നിയമിതനായപ്പോള്‍ തനിക്കു ശമ്പളം വേണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഓണറേറിയം ഇനത്തില്‍ ലക്ഷങ്ങള്‍ കൈപ്പറ്റുന്നുമുണ്ട്.

ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പളവും വര്‍ധിപ്പിച്ചു. സ്‌പെഷല്‍ ഗവ. പ്ലീഡറുടെ ശമ്പളം 1.20 ലക്ഷത്തില്‍ നിന്ന് ഒന്നര ലക്ഷമായും സീനിയര്‍ പ്ലീഡര്‍ക്ക് 1.10 ലക്ഷം രൂപയില്‍ നിന്ന് 1.40 ലക്ഷമായും വര്‍ധിപ്പിച്ചു. പ്ലീഡര്‍മാര്‍ക്ക് ഒരു ലക്ഷം രൂപയില്‍ നിന്നു 1.15 ലക്ഷമായും ഉയര്‍ത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക