Cricket

മൽസരം സമനിലയിൽ; ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി ഫൈനലില്‍; വിദർഭ എതിരാളി

Published by

അഹമ്മദാബാദ്: : രഞ്ജി ട്രോഫി സെമിയില്‍ ഗുജറാത്തിനെതിരെ നേടിയ രണ്ട് റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തില്‍ കേരളം ഫൈനലില്‍. ചരിത്രത്തിലാദ്യമായാണ് കേരളം രഞ്ജി ട്രോഫി ഫൈനലിലെത്തുന്നത്. മുംബൈയെ തോല്‍പ്പിച്ച വിദര്‍ഭയാണ് 26ന് തുടങ്ങുന്ന കേരളത്തിന്റെ എതിരാളികള്‍. രണ്ട് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംംഗ്സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 114 റൺസെടുത്ത് നില്‍ക്കെ ഗുജറാത്ത് സമനിലക്ക് സമ്മതിക്കുകയായിരുന്നു. ജലജ് സക്സേനയും(37*), അരങ്ങേറ്റക്കാരന്‍ അഹമ്മദ് ഇമ്രാനും(14*) രണ്ടാം ഇന്നിംഗ്സില്‍ കേരളത്തിനായി പുറത്താകാതെ നിന്നു. സ്കോര്‍ കേരളം 457, 114-4, ഗുജറാത്ത് 455,

ഫെബ്രുവരി 26ന് നടക്കുന്ന ഫൈനലിൽ വിദർഭയാണ് കേരളത്തിന്റെ എതിരാളികൾ.

.ഒന്നാം ഇന്നിങ്‌സില്‍ കേരളം ഉയര്‍ത്തിയ 457 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത് 455 ല്‍ പുറത്തായി. അവസാന ദിനം മൂന്ന് വിക്കറ്റായിരുന്നും കേരളത്തിന് വേണ്ടതെങ്കില്‍ ഗുജറാത്ത് 28 റണ്‍സ് പിറകിലായിരുന്നു. ജലജ് സക്‌സേന, ആദിത്യ സര്‍വാതെ എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്‌ത്തി.

അർധ സെഞ്ചറി നേടിയ ജയ്മീത് പട്ടേൽ (177 പന്തിൽ 79 റൺസ്) സിദ്ധാർഥ് ദേശായി (164 പന്തില്‍ 30), അർസാൻ നാഗ്‍വസ്വല്ല (48 പന്തിൽ 10) എന്നിവരാണ് അവസാന ദിവസം പുറത്തായ ഗുജറാത്ത് ബാറ്റർമാര്‍. മൂന്നു പേരുടെ വിക്കറ്റും ആദിത്യ സർവാതേയാണു സ്വന്തമാക്കിയത്.

ഫൈനൽ പ്രതീക്ഷകൾ മങ്ങിത്തുടങ്ങുന്നതിന്റെ ആശങ്കകളുമായിട്ടായിരുന്നു കേരളം അവസാന ദിവസം കളിക്കാനിറങ്ങിയത്. മൂന്ന് വിക്കറ്റ് ശേഷിക്കെ കേരളത്തിന്റെ സ്കോർ മറികടന്ന് ലീഡ് നേടാൻ ഗുജറാത്തിന് 29 റൺസ് കൂടി മതിയായിരുന്നു. ഇതിനകം നിലയുറപ്പിച്ചിരുന്ന ജയ്മീത് പട്ടേലും സിദ്ദാർഥ് ദേശായിയും ചേർന്നുള്ള കൂട്ടുകെട്ട് ഗുജറാത്തിനെ ലീഡിലേക്ക് നയിച്ചേക്കുമെന്ന ഘട്ടത്തിലാണ് മൂന്ന് വിക്കറ്റുകളുമായി ആദിത്യ സർവാടെ ആഞ്ഞടിച്ചത്.

79 റൺസെടുത്ത ജയ്മീത് പട്ടേലാണ് സർവാടെയ്‌ക്ക് മുന്നിൽ ആദ്യം വീണത്. സർവാടെയുടെ പന്തിൽ മൊഹമ്മദ് അസറുദ്ദീൻ ഉജ്ജ്വലമായൊരു സ്റ്റംപിങ്ങിലൂടെയാണ് ജയ്മീതിനെ പുറത്താക്കിയത്. വൈകാതെ തന്നെ സിദ്ദാർഥ് ദേശായിയും പുറത്ത്. ഒരു വിക്കറ്റ് കയ്യിലിരിക്കെ ലീഡിനായി 12 റൺസാണ് ഗുജറാത്തിന് വേണ്ടിയിരുന്നത്. കരുതലോടെ ബാറ്റ് വീശി അർസാൻ നാഗസ്വെല്ലയും പ്രിയജിത് സിങ് ജഡേജയും. ഫീൽഡിങ് ക്രമീകരിച്ച് സമ്മർദ്ദം ശക്തമായി കേരള ബൗളിങ് നിരയും. ഒടുവിൽ അർസാൻ നാഗസ്വെല്ല അടിച്ച പന്ത് സൽമാൻ നിസാറിന്റെ ഹെൽമെറ്റിൽ തട്ടിയുയർന്നത് സച്ചിൻ ബേബി കൈയിലൊതുക്കുമ്പോൾ പുതിയൊരു ചരിത്രത്തിന്റെ വക്കിലായിരുന്നു കേരളം.

ഗുജറാത്ത് 455 റൺസിന് ഓൾ ഔട്ട്. കേരളത്തിന് നിർണ്ണായകമായ രണ്ട് റൺസ് ലീഡ്. കേരളത്തിന് വേണ്ടി ജലജ് സക്സേനയും ആദിത്യ സർവാടെയും നാല് വിക്കറ്റുകൾ വീതം വീഴ്‌ത്തിയപ്പോൾ ബേസിൽ എൻ പിയും നിധീഷ് എം ഡിയും ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി

രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ വീണത് ആരാധകരുടെ സമ്മർദ്ദം ഉയർത്തി. അക്ഷയ് ചന്ദ്രൻ ഒൻപതും വരുൺ നായനാർ ഒരു റണ്ണും എടുത്ത് പുറത്തായി. എന്നാൽ രോഹൻ കുന്നുമ്മലും ജലജ് സക്സേനയും ചേർന്ന് ഇന്നിങ്സ് മുന്നോട്ട് നീക്കി. 32 റൺസെടുത്ത രോഹനും 10 റണ്‍സെടുത്ത സച്ചിൻ ബേബിയും അടുത്തടുത്ത് മടങ്ങിയെങ്കിലും ജലജ് സക്സേനയും അഹ്മദ് ഇമ്രാനും ചേർന്ന് കേരളത്തിന്റെ നില ഭദ്രമാക്കി. നാല് വിക്കറ്റിന് 114 റൺസെടുത്ത് നില്ക്കെ മല്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. ജലജ് സക്സേന 37ഉം അഹ്മദ് ഇമ്രാൻ 14ഉം റൺസുമായി പുറത്താകാതെ നിന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: cricket