രാജ്യതലസ്ഥാനം ഭരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം രേഖാ ഗുപ്തയെ നിശ്ചയിക്കുമ്പോള്‍ അവര്‍ക്ക് ഉറപ്പുണ്ട് ആ കരങ്ങളില്‍ ദല്‍ഹി സുരക്ഷിതമായിരിക്കുമെന്ന്. സുരക്ഷിത ദല്‍ഹിക്കാണ് പ്രഥമ പരിഗണന എന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു. ഷാലിമര്‍ ഭാഗില്‍ നിന്ന് ജയിച്ചാണ് രേഖ നിയമസഭയിലെത്തുന്നത്. ആദ്യമായി എംഎല്‍എയാകുന്ന വ്യക്തി മുഖ്യമന്ത്രി പദവിയിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിയെ 29,595 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു വിജയം.
ബിജെപിയില്‍ നിന്ന് സുഷമ സ്വരാജിന്റെ പിന്‍ഗാമിയായിട്ടാണ് രേഖയെത്തുന്നത്. ദല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രി. ഷീലാ ദീക്ഷിത്, സുഷമ സ്വരാജ്, അതിഷി എന്നിവരാണ് രാജ്യതല സ്ഥാനത്തെ മുന്‍ വനിതാ മുഖ്യമന്ത്രിമാര്‍.
1974 ല്‍ ഹരിയാനയില്‍ ജനനം. ദല്‍ഹിയില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ദൗലത് റാം കോളജില്‍ നിന്ന് ഉന്നതവിദ്യാഭ്യാസം നേടി. രാഷ്ട്രീയത്തിലേക്കുള്ള ചുവടുവയ്പ് ഇവിടെ നിന്നായിരുന്നു. 1992 ല്‍ എബിവിപിയില്‍ അംഗമായി. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ദല്‍ഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഭരണത്തില്‍, പൊതുപ്രവര്‍ത്തനത്തില്‍ എല്ലാം അനുഭവം ആര്‍ജ്ജിക്കാന്‍ ഇതിലൂടെ സാധിച്ചു. 1995-96 കാലയളവില്‍ ഡിയുഎസ്യു ജന.സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കൊമേഴ്സില്‍ ബിരുദവും മാനേജ്മെന്റ് ആന്‍ഡ് ആര്‍ട്സില്‍ ബിരുദാനന്തര ബിരുദവും നേടി.
2002 ല്‍ ബിജെപിയില്‍ ചേര്‍ന്നു. തുടര്‍ന്ന് ഭാരതീയ ജനത യുവമോര്‍ച്ചയുടെ ദര്‍ഹി ഘടകം സെക്രട്ടറിയായി. തുടര്‍ന്ന് സംഘടനയുടെ ദേശീയ സെക്രട്ടറിയായി. 2005 വരെ ഈ പദവിയില്‍ തുടര്‍ന്നു. മഹിളാ മോര്‍ച്ചയുടെ ദല്‍ഹി ഘടകം ജന.സെക്രട്ടറിയായിരുന്നു. നിലവില്‍ മഹിളാ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റും 2010 മുതല്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമാണ്.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത് 2007 മുതലാണ്. നോര്‍ത്ത് പീതാംപുര വാര്‍ഡില്‍ നിന്ന് ജയിച്ച് ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെത്തി. വനിതാ ക്ഷേമ-ശിശു വികസന സമിതിയുടെ ചെയര്‍പേഴ്സണായി. അടുത്ത തെരഞ്ഞെടുപ്പിലും അതേ വാര്‍ഡില്‍ നിന്ന് വിജയിച്ചു, ധനകാര്യ സമിതി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണായി.
2015 ലാണ് രേഖ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്. ആപ്പിന്റെ ബന്ദന കുമാരിയായിരുന്നു എതിരാളി. അന്ന് 10,978 വോട്ടുകള്‍ക്ക് ബന്ദനയോട് പരാജയപ്പെട്ടു. 2020 ല്‍ രേഖയുടെ പരാജയം 3440 വോട്ടുകള്‍ക്കായിരുന്നു. മൂന്നാമൂഴത്തില്‍ ബന്ദനയെ പരാജയപ്പെടുത്തി രേഖ മുഖ്യമന്ത്രി പദത്തിലെത്തി.
ബിജെപി വനിതാ മുഖ്യമന്ത്രിമാര്‍
ദല്‍ഹി മുഖ്യമന്ത്രിയായി 52 ദിവസം സേവനം അനുഷ്ഠിച്ച സുഷമ സ്വരാജ്( 1998 ഒക്ടോബര്‍ 12 മുതല്‍ ഡിസംബര്‍ മൂന്ന് വരെ), മധ്യപ്രദേശ് മുഖ്യമന്ത്രിയായി 259 ദിവസം ഭരിച്ച ഉമാ ഭാരതി( 2003 ഡിസംബര്‍ 8 മുതല്‍ 2004 ആഗസ്ത് 23 വരെ), രാജസ്ഥാന് മുഖ്യമന്ത്രിയായി 10 വര്‍ഷം ഭരിച്ച വസുന്ധര രാജെ ( 2003 ഡിസംബര്‍ 8 മുതല്‍ 2008 ഡിസംബര്‍ 13 വരെ), ഗുജറാത്ത് മുഖ്യമന്ത്രിയായി രണ്ട് വര്‍ഷവും 77 ദിവസവും സേവനം അനുഷ്ഠിച്ച ആനന്ദി ബെന്‍ പട്ടേല്‍ (2014 മെയ് 22 മുതല്‍ 2016 ആഗസ്ത് 7 വരെ) എന്നിവരാണ് ബിജെപിയുടെ വനിതാ മുഖ്യമന്ത്രിയായിരുന്നവര്‍. ആ നിരയിലേക്കാണ് രേഖ ഗുപ്തയുടെ കടന്നുവരവ്. മുഖ്യമന്ത്രി പദവിയിലേക്ക് കൂടുതല്‍ വനിതകളെ നിയോഗിച്ച പാര്‍ട്ടിയും ബിജെപിയാണ്.
കുടുംബം
ബിസിനസുകാരനായ മനീഷ് ഗുപ്തയാണ് ഭര്‍ത്താവ്. നികുഞ്ജ് ഗുപ്ത, ഹര്‍ഷിത ഗുപ്ത എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: