India

ഗൂഗിളിന്റെ ഏറ്റവും വലിയ കാമ്പസ് ‘അനന്ത’ ബെംഗളൂരുവില്‍; ജലത്തിന്റെ പുനരുപയോഗം, ഓണ്‍-സൈറ്റ് മഴവെള്ള സംഭരണം തുടങ്ങി അത്യാധുനിക സൗകര്യങ്ങൾ

Published by

ബെംഗളൂരു: ഗൂഗിളിന്റെ ഏറ്റവും വലിയ കാമ്പസായ അനന്ത ബെംഗളൂരുവില്‍ തുറന്നു. അനന്ത കാമ്പസ് ലോകത്തെ തന്നെ തങ്ങളുടെ വലിയ ഓഫീസുകളില്‍ ഒന്നാണെന്ന് ഗൂഗിള്‍ ബ്ലോഗില്‍ വ്യക്തമാക്കി. മഹാദേവപുരയിലാണ് പുതിയ കാമ്പസ് തുറന്നത്.

5000 ത്തിലധികം ജീവനക്കാര്‍ക്ക് തൊഴില്‍ നല്‍കുന്നതിന് പുതിയ കാമ്പസ് 16 ലക്ഷം സ്‌ക്വയര്‍ഫീറ്റിലാണ് തുറന്നിട്ടുള്ളത്. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ്, സേര്‍ച്ച്, ഗൂഗിള്‍ പേ, ക്ലൗഡ്, മാപ്‌സ്, പ്ലേ, ഡീപ്‌മൈന്‍ഡ് ടീമുകള്‍ ഇവിടെ പ്രവര്‍ത്തിക്കും. പരിധിയില്ലാത്തത് എന്ന് അര്‍ഥം വരുന്ന സംസ്‌കൃത വാക്കില്‍ നിന്നാണ് അനന്ത എന്ന് കാമ്പസിനു ഗൂഗിള്‍ പേരിട്ടിരിക്കുന്നത്.

കാഴ്ചപരിമിതര്‍ക്കും സഹായകരമായ രീതിയിലാണ് കെട്ടിടത്തില്‍ ഫ്‌ളോറിങ്. ജീവനക്കാര്‍ ഒത്തുചേരുന്ന പ്രധാനസ്ഥലത്തിന് സഭ എന്നാണ് പേരിട്ടിരിക്കുന്നത്.
അത്യാധുനിക സൗകര്യങ്ങളോടെയാണ് ഓഫീസ് സമുച്ചയം നിര്‍മിച്ചിരിക്കുന്നത്. മുന്‍ഭാഗത്ത് ഇലക്ട്രോക്രോമിക് ഗ്ലാസ് ക്രമീകരിച്ചിരിക്കുന്നു. ജോഗിങ്ങിനുള്ള പ്രത്യേക സൗകര്യം, മലിനജല പുനരുപയോഗ സംവിധാനം എന്നിവ പുതിയ കെട്ടിടത്തിലുണ്ട്. സാങ്കേതികവിദ്യയിലെ തുടര്‍ച്ചയായ മാറ്റത്തെ ഉള്‍ക്കൊണ്ടുള്ള നാഴികക്കല്ലാണ് പുതിയ കാമ്പസ് എന്ന് ഗൂഗിള്‍ ഇന്ത്യയിലെ വൈസ് പ്രസിഡന്റും കണ്‍ട്രി മാനേജരുമായ പ്രീതി ലോബാന പറഞ്ഞു.

ഗൂഗിള്‍ അനന്തയില്‍ ജലത്തിന്റെ പുനരുപയോഗം, ഓണ്‍-സൈറ്റ് മഴവെള്ള സംഭരണം, കെട്ടിടത്തിലുടനീളം സ്മാര്‍ട്ട് ഫോട്ടോക്രോമിക് ഗ്ലാസ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വൈദ്യുതി ഉപഭോഗം കുറയ്‌ക്കാന്‍ സഹായിക്കുന്നതാണ്. ലോകോത്തര ഉത്പ്പന്നങ്ങള്‍ നിര്‍മിക്കാനും ഏറ്റവും സങ്കീര്‍ണമായ ഉപഭോക്തൃ വെല്ലുവിളികള്‍ പരിഹരിക്കാനും അനന്ത കമ്പനിയെ പ്രാപ്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗൂഗിളിന് ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, ഗുരുഗ്രാം എന്നിവയുള്‍പ്പെടെ ഭാരതത്തിന്റെ നിരവധി ഭാഗങ്ങളില്‍ ഇതിനോടകം കാമ്പസുകളുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by