കായിക കേരളത്തിന്റെ നിലവിളി പാരമ്യതയിലെത്തുമ്പോഴും സര്‍ക്കാരും കായികവകുപ്പും സ്പോര്‍ട്സിനെ രക്ഷിക്കാനായി രൂപീകരിച്ച സംഘടനകളുമൊക്കെ പരസ്പരം ചെളിവാരിയെറിയുന്ന തിരക്കിലാണ്. കേരളത്തിലെ സ്പോര്‍ടിനെ നശിപ്പിക്കുന്നത് ഞങ്ങളാണ് എന്ന് ഒരു കക്ഷി പറയുമ്പോള്‍ ഞങ്ങളാണെന്ന് മറ്റൊരു വിഭാഗം ഊറ്റം കൊള്ളുന്നു എന്നതുപോലെയാണ് കാര്യങ്ങള്‍.
ദേശീയ ഗെയിംസില്‍ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനവുമായി കേരളം നാട്ടില്‍വിന്നിറങ്ങിയപ്പോള്‍ പോലും അതിന്റെ യഥാര്‍ഥ കാരണത്തെക്കുറിച്ച് ചിന്തിക്കാനോ
വിലയിരുത്താനോ കേരള സ്പോര്‍ട്സുമായി ബന്ധപ്പെട്ടവര്‍ തയാറായില്ല. കേരളത്തിനായി ഇറങ്ങേണ്ടവരില്‍ ഭൂരിഭാഗവും സര്‍വീസസിനൊപ്പമായിരുന്നു എന്ന വാദവുമായി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലും കായിക മന്ത്രിയും രംഗത്തെത്തുന്നു. കായിക മന്ത്രിയുടെ വാദങ്ങള്‍ വിഡ്ഢിത്തമാണെന്നും കേരളത്തിലെ സ്പോര്‍ട്സിനെ രക്ഷിക്കാന്‍ മന്ത്രി ഒന്നും ചെയ്യുന്നില്ലെന്നുമാണ് കേരള ഒളിമ്പിക് അസോസിയേഷന്റെ വാദം. കളരിപ്പയറ്റ് ഉള്‍പ്പെടുത്താത്തതിനാല്‍ മെഡല്‍ ലഭിച്ചില്ലെന്ന മറ്റൊരു വാദവുമുയര്‍ന്നു. കാതലായ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആരും തയാറാകുന്നില്ല.
ദേശീയ ഗെയിംസ്
ഉത്തരാഖണ്ഡില്‍ നടന്ന ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിച്ചത് 447 അത്ലിറ്റുകളാണ്. 29 കായിക ഇനങ്ങളില്‍ മത്സരിച്ച കേരളത്തിന് നേടാനായത് കേവലം 13 സ്വര്‍ണമാണ്. 17 വെള്ളിയും 24 വെങ്കലവും അടക്കം ആകെ 54 മെഡലുകള്‍ മാത്രം. ഗോവയില്‍ നടന്ന ഗെയിംസില്‍ നേടിയ സ്വര്‍ണത്തിന്റെ കാര്യത്തില്‍ മാത്രം വ്യത്യാസം 23 ആണ്. (ഗോവയിലെ സ്വര്‍ണം 36). കേരളം ഒരു കാലത്ത് ഇന്ത്യയിലെ അത്ലിറ്റുകളുടെ നിര്‍മാണ ഫാക്ടറിയായിരുന്നു. എന്നാല്‍, ഇന്ന് ദേശീയ തലത്തില്‍ നാം അമ്പേ പരാജയമാണ്. വിവിധ ദേശീയ മത്സരങ്ങളില്‍ സമീപകാലത്തെ പ്രകടനം നമ്മുടെ വീഴ്ചയുടെ ആഘാതം എത്രയെന്ന് അടിവരയിടുന്നു. അത്ലറ്റിക്സിലാണ് വലിയ വീഴ്ച. ദേശീയ, സീനിയര്‍, ജൂനിയര്‍ ലെവലില്‍ നാമായിരുന്നു എല്ലാക്കാലത്തും ഒന്നാമതെത്തിയിരുന്നത്. ഇന്ന് കഥമാറി. ഹരിയാന പോലൊരു സംസ്ഥാനം പോലും കേരളത്തേക്കാള്‍ എത്രയോ മുന്നിലാണ്.
ഹരിയാനയും നോര്‍ത്ത് ഈസ്റ്റും
സ്പോര്‍ട്സ് വികസനത്തിന്റെ കാര്യത്തില്‍ ഹരിയാനയുടെ വളര്‍ച്ച നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. അവിടെ ഗ്രാസ്റൂട്ട് ലെവല്‍ ഉയര്‍ച്ചയ്ക്കായി ആയിരത്തിലേറെ സ്പോര്‍ട്സ് നഴ്സറികളാണ് പ്രവര്‍ത്തിക്കുന്നത്. ഖേലോ ഇന്ത്യയുടെ ഭാഗമായി 15000 അത്ലിറ്റുകള് ഓരോ വര്‍ഷവും പങ്കെടുക്കുന്നു. സ്പോര്‍ട്സ,് പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയും സ്പോര്‍ടിനായി കോടിക്കണക്കിനു രൂപ ബജറ്റില്‍ വകയിരുത്തുകയും ചെയ്തു. ഓരോ വര്‍ഷവും കായിക വികസനത്തിനായി നീക്കി വയ്ക്കുന്ന തുകയിലും വര്‍ധനയുണ്ട്. ബോക്സിങ്, ഗുസ്തി, അത്ലറ്റിക്സ്, ഭാരോദ്വഹനം തുടങ്ങിയ ഇനങ്ങളില്‍ പ്രത്യേക പരിശീലനം നല്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും കായിക രംഗത്ത് വളരെയേറെ മുന്നേറിയിട്ടുണ്ട്.
കഴിഞ്ഞ ഒളിംപിക്സില്‍ പങ്കെടുത്ത താരങ്ങളില്‍ 25 ശതമാനത്തോളം പേരും, ജനസംഖ്യയുടെ 2.1 മാത്രമുള്ള ഹരിയാനയില്‍നിന്നാണ്. പഞ്ചാബില്‍ ഖേലോ പഞ്ചാബ് പദ്ധതിയിലൂടെ യുവത്വത്തില്‍ സ്പോര്‍ട്സ് അത്യാവശ്യഘടകകമായി മാറുകയാണ്. മറ്റൊരു പ്രധാന സംസ്ഥാനമാണ് ഒഡീഷ. അവര്‍ ഇന്ത്യന്‍ ഹോക്കി ടീമിനെത്തന്നെയാണ് സ്പോണ്സര് ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം ആസാമില്‍ 26000 ഗ്രാമങ്ങള്‍ തെരഞ്ഞെടുത്ത് ഓരോയിടത്തും 1.2 കോടി രൂപ ചെലവഴിച്ചു. അഞ്ഞൂറിലേറെ ഗ്രൗണ്ടുകള്‍ മെച്ചപ്പെടുത്തുകയോ അപ്ഗ്രേഡ് ചെയ്യുകയോ ചെയ്തിട്ടുണ്ട്, 2016ല്‍. മണിപ്പൂര്‍, ത്രിപുര, നാഗാലാന്‍ഡ്, അരുണാചല്‍, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഖേലോ ഇന്ത്യ സെന്ററുകള്‍ ധാരാളമായി തുറന്നു. അരുണാചലിലെ 26 ജില്ലകളിലായി 52 ഖേലോ ഇന്ത്യ സെന്ററുകള്‍ തുറന്നിട്ടുണ്ട്. ഇന്ത്യയില്‍ സ്പോര്‍ട്സ് സ്റ്റേറ്റ് സബ്ജക്ടായ സ്ഥിതിക്ക് ഇതൊക്കെ നമുക്കും പരിഗണിക്കാവുന്നതാണ്.
2017ലെ കണക്കെടുത്താല്‍ സായിയില്‍ പരിശീലിക്കുന്ന പതിനായിരത്തോളം അത്ലിറ്റുകളില് 23 ശതമാനത്തോളം പേരും നോര്‍ത്ത് ഈസ്റ്റില്‍നിന്നുള്ളവരാണ്. 27 സ്പോ
ര്‍ട്സ് ഇനങ്ങളില്‍ അവര്‍ പരിശീലനം നടത്തുന്നു. കേരളത്തിന്റെ അവസ്ഥ ഓരോ ദിവസവും കുറഞ്ഞുവരികയാണ്. നമ്മുടെ കുട്ടികളൊക്കെ സര്‍വീസസിനു വേണ്ടി മത്സരിക്കുന്നതിനാല്‍ മെഡല്‍ കുറയുന്നു എന്നത് വാദത്തിനു വേണ്ടി അംഗീകരിക്കാമെങ്കിലും ഇപ്പോള്‍ സര്‍വീസസിലുള്ള താരങ്ങള്‍ക്കുശേഷം എത്ര പേരെ കണ്ടെത്താന്‍ കേരളത്തിനായിട്ടുണ്ട് എന്ന ചോദ്യം ബാക്കി നില്ക്കുന്നു.
സ്പോര്‍ട്സ് കൗണ്‍സിലും ഒളിമ്പിക് അസോസിയേഷനും
കേരളത്തിലെ സ്പോര്‍ട്സിനെ വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടുകൂടി പ്രവര്‍ത്തിക്കേണ്ട ഈ രണ്ടു സംവിധാനങ്ങളും ഇന്ന് ചെയ്യുന്നത് കായിക മേഖലയെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ്. കായികവികസനത്തിന്റെ പേരില്‍ ഓരോ പദ്ധതികള്‍ ആവിഷ്കരിക്കും. അതിന്റെ കണക്ക് എടുക്കുമ്പോള്‍ പണപ്പിരിവും അഴിമതിയുമാണ് കാണാനാവുക. 2022ല്‍ കേരള ഒളിമ്പിക് അസോസിയേഷന് കൊട്ടിഘോഷിച്ചു നടത്തിയ പരിപാടിയായിരുന്നു കേരള ഗെയിംസ്. കേരള ഒളിമ്പിക്സ് എന്ന പേരിലായിരുന്നു ഇത് വിഭാവനം ചെയ്തത്. ഒളിമ്പിക്സ് എന്ന പദം രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിക്കു മാത്രമേ ഉപയോഗിക്കാനാകൂ എന്ന സാമാന്യ ബോധംപോലുമില്ലാതെയാണ് ആ പേര് നല്‍കിയത്. പിന്നീട് അതു പിന്‍വലിക്കേണ്ടി വന്നു. സംസ്ഥാന സ്കൂള്‍ കായിക മേളയ്ക്കും സ്കൂള്‍ ഒളിമ്പിക്സ് എന്ന പേര് നല്കി രണ്ടാമതും ഇളിഭ്യരായ പാരമ്പര്യവും കേരളത്തിനുണ്ട്.
കേരള ഗെയിംസ് നടന്ന സമയത്ത് സംസ്ഥാന കായിക മന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ എത്രത്തോളം പൊള്ളയും അബദ്ധവുമായിരുന്നെന്ന് ഇന്ന് മനസ്സിലാകും. കായിക വിദ്യാഭ്യാസം പ്രീ പ്രൈമറി തലം മുതലുള്ള പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് അന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാന് പറഞ്ഞിരുന്നു. മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ഒരു ചെറുവിരല്‍ അനക്കാന്‍ പോലും സര്‍ക്കാരിനായിട്ടില്ല. കായിക രംഗത്ത് കൂടുതല്‍ തൊഴില്‍ സാധ്യതകളും നിക്ഷേപങ്ങളും സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനായി ഒരു കോണ്‍ക്ലേവും സംഘടിപ്പിച്ചു. നിക്ഷേപകരാരും വന്നില്ല. ചെലവഴിച്ച തുക സാധാരണക്കാരന്റെ പോക്കറ്റില്‍നിന്നു പോവുകയും ചെയ്തു. അഞ്ചു ലക്ഷം കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കാനുള്ള പദ്ധതിക്ക് ഓള് ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷനുമായി ചേര്‍ന്നു രൂപം നല്കിയെന്നു പറഞ്ഞു. അതിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ ഒരു പദ്ധതി മനസിലുണ്ടായിരുന്നു എങ്ങുമെത്തിയിട്ടില്ല എന്ന മറുപടിയാണ് ലഭിക്കുക.
തിരിച്ചുവരവ് സാധ്യമോ?
കുഴിയില്‍നിന്ന് പടുകുഴിയിലേക്കു വീണുകൊണ്ടിരിക്കുന്ന നമ്മുടെ കായിക രംഗത്തിന് പഴയകാല പ്രൗഢിയിലേക്കു മടങ്ങിയെത്താനാകുമോ? പ്രതീക്ഷകളാണ് നമ്മെ മുന്നോട്ടു നയിക്കുന്നത്. നയങ്ങളിലും സമീപനങ്ങളിലും മാറ്റം വരുത്തിയാല്‍ മെച്ചപ്പെടാനാകും. ഇവിടെ മികച്ച അത്ലിറ്റുകളുണ്ട്. അവര്‍ക്ക് ശരിയായ പ്രോത്സാഹനം നല്കിയാല് വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകും.
ശരിയായ കായിക നയവും അതിനൊരു തുടര്‍ച്ചയുമുണ്ടാകണം. സര്‍ക്കാര്‍ മാറിയാലും. നല്ല സിലബസ് മാത്രം പോര, അത് നടപ്പാക്കുകയും വേണം. കോര്‍പറേറ്റുകളെ അകറ്റി നിര്‍ത്തിക്കൊണ്ട് വലിയ രീതിയിലൊരു കായിക വികസനം ഇന്നത്തെ സാഹചര്യത്തില്‍ സാധ്യമാണോ എന്നു പരിശോധിക്കണം. സ്പോര്‍ട്സ് ഡെവലപ്മെന്റിനു കോര്‍പറേറ്റുകള്‍ വരണം. സ്പോണ്സര്ഷിപ്പുകള് വേണം. അങ്ങനെ വരുന്നവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കുകയും മേല്‍നോട്ടമുണ്ടാവുകയും വേണം. അഴിമതിയും സ്വജനപക്ഷപാതവും രാഷ്ട്രീയവും മാറ്റി സ്പോര്‍ട്സിനായി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരും കായിക സംഘടനകളും പൊതു സമൂഹവും തയാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: