അധികാരം ലഭിക്കാത്തതിന്റെ അമര്‍ഷത്തില്‍ ഭരണഘടനാ സ്ഥാപനങ്ങളോടും സംവിധാനങ്ങളോടുമുള്ള കോണ്‍ഗ്രസിന്റെ യുദ്ധം തുടരുകയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി കേരള കേഡറിലുള്ള ഗ്യാനേഷ് കുമാറിനെ തെരഞ്ഞെടുത്തതിനെതിരെ കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുലിന്റെ മോശമായ പെരുമാറ്റം ഇതിന്റെ ഭാഗമാണ്. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടുന്ന സമിതിയുടെ തീരുമാനപ്രകാരമാണ് ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. ഇത് അംഗീകരിക്കാനുള്ള ജനാധിപത്യ മര്യാദ കാണിക്കാതെ തന്റെ വിയോജനക്കുറിപ്പ് പുറത്തുവിട്ടാണ് രാഹുല്‍ ഒരിക്കല്‍ക്കൂടി തനിനിറം കാട്ടിയിരിക്കുന്നത്. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസുമടങ്ങുന്ന സമിതിയാവണം തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കാനെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഭരണഘടനാപരമായ അധികാരം ജുഡീഷ്യല്‍ ആക്റ്റിവിസത്തിലൂടെ ഇല്ലായ്മ ചെയ്യുകയാണെന്നു കണ്ട് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമനിര്‍മാണം നടത്തുകയുണ്ടായി. ഇതനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍മാരെ തീരുമാനിക്കുന്ന സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുകയും, കേന്ദ്ര ആഭ്യന്തര മന്ത്രിയെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് രാഹുല്‍ എന്നിവരടങ്ങുന്ന സമിതിയുടെ ഭൂരിപക്ഷ തീരുമാനമനുസരിച്ചാണ് ഗ്യാനേഷ് കുമാറിനെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി തെരഞ്ഞെടുത്തത്. തീര്‍ത്തും സുതാര്യമായ ഒരു പ്രക്രിയയായിരുന്നു ഇത്.
തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്ന സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിനെതിരെ ഹര്‍ജിയുമായി ചിലര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പുതിയ നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്നത് സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാല്‍ സുപ്രീംകോടതി ഇത് അംഗീകരിച്ചില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോടതി ഇങ്ങനെയൊരു തീരുമാനം കൈക്കൊള്ളുന്നത് അനിശ്ചിതത്വത്തിനും കുഴപ്പങ്ങള്‍ക്കും ഇടയാക്കുമെന്ന് കോടതി പറയുകയുണ്ടായി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണകര്‍ത്താക്കളുടെ വരുതിയിലിണെന്ന് പറയുന്നത് ശരിയല്ലെന്നും അന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. പുതിയ നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിച്ച ഗ്യാനേഷ് കുമാറിനും സുഖ്ബീര്‍ സിങ് സന്തുവിനുമെതിരെ ആരോപണങ്ങളൊന്നും ഇല്ലെന്നും കോടതി നിരീക്ഷിച്ചു. 2023 ലാണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ച് പുതിയ നിയമ നിര്‍മ്മാണം നടത്തിയതും, രാഷ്‌ട്രപതി അതിന് അംഗീകാരം നല്‍കിയതും. ഈ നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായുള്ള ഗ്യാനേഷ് കുമാറിന്റെ നിയമനത്തിനെതിരെയും കോടതിയെ സമീപിച്ചത്. കടുത്ത ഭാരതവിരുദ്ധനായ ജോര്‍ജ് സോറോസില്‍ നിന്ന് ഫണ്ട് കൈപ്പറ്റിയെന്ന ആരോപണമുയര്‍ന്ന അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസ് അഥവാ ഏ ഡിആര്‍ എന്ന സംഘടനയുടെ ഹര്‍ജി യുമായി ഹാജരായത് വിവാദപുരഷനായ പ്രശാന്ത് ഭൂഷനാണ്. ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ആവശ്യം ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍.കെ.സിങ് എന്നിവരടങ്ങുന്ന ബെഞ്ച് നിരസിക്കുകയും ചെയ്തു.
രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടങ്ങുന്ന സമിതിയുടെ നിഷ്പക്ഷതയെയാണ് രാഹുലും കോണ്‍ഗ്രസും ചോദ്യം ചെയ്യുന്നത്. അര്‍ദ്ധരാത്രിയില്‍ തീരുമാനമെടുത്ത് പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ചതെന്തിന് എന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം. ചോദിക്കുന്നത് കോണ്‍ഗ്രസാണെന്ന് ഓര്‍ക്കണം. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ സ്വന്തം വീട്ടുവേലക്കാരെപ്പോലെ കണ്ടിരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം പതിറ്റാണ്ടുകളോളം കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിമാര്‍ തന്നെയാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിച്ചിരുന്നത്. അടുത്തിടെ അന്തരിച്ച നവീന്‍ ചൗള മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയിരുന്നപ്പോള്‍ കോണ്‍ഗ്രസിന്റെ താല്പര്യമാണ് സംരക്ഷിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എന്‍.കെ ശേഷന്റെ ചിറകരിയാന്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ചെയ്തുകൂട്ടിയത് എന്തൊക്കെയാണെന്ന് ആരും മറന്നിട്ടില്ല. നിഷ്പക്ഷനായി പ്രവര്‍ത്തിച്ച ശേഷന് ഭ്രാന്താണെന്നുവരെ അന്നത്തെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസു അധിക്ഷേപിക്കുകയുണ്ടായി. സുപ്രീം
കോടതി ന്യായാധിപന്മാരും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവര്‍ ആയിരിക്കണമെന്ന നെഹ്‌റു കുടുംബത്തിന്റെ ശാഠ്യമാണ് കോണ്‍ഗ്രസിനെ ഇപ്പോഴും നയിക്കുന്നത്. തങ്ങള്‍ തോല്‍ക്കുമ്പോള്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെ കുറ്റം പറഞ്ഞ് സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മാര്‍ക്കെതിരെ രംഗത്തുവരുന്നതില്‍ അതിശയോക്തിയില്ല. ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ടെന്ന് മറക്കാതിരുന്നാല്‍ കുറച്ചുകാലംകൂടി ഒരു പാര്‍ട്ടിയായി കോണ്‍ഗ്രസിന് നിലനില്‍ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: