വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് മാര്‍പാപ്പയുടെ (88) ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചിട്ടുണ്ടെങ്കിലും മാര്‍പാപ്പ തനിയെ എഴുന്നേറ്റിരുന്നു പ്രഭാതഭക്ഷണം കഴിച്ചതായി വത്തിക്കാന്‍ അറിയിച്ചു. യന്ത്രസഹായമില്ലാതെ ശ്വസിക്കുകയും രാത്രി നന്നായി ഉറങ്ങുകയും ചെയ്തു. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കു നന്ദി അറിയിച്ചിട്ടുമുണ്ട്.ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി മാര്‍പാപ്പയെ സന്ദര്‍ശിച്ചു. 20 മിനിറ്റോളം അവര്‍ ആശുപത്രിയില്‍ ചെലവഴിച്ചു. മാര്‍പാപ്പയുടെ ലാബ് പരിശോധനാഫലങ്ങളില്‍ നേരിയ പുരോഗതിയുള്ളതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. അണുബാധ മൂലം സ്ഥിതി സങ്കീര്‍ണമാണെങ്കിലും പുരോഗതിയുണ്ടെന്നു ഡോക്ടര്‍മാര്‍ പറഞ്ഞതായി വത്തിക്കാന്‍ വക്താവ് മറ്റിയോ ബ്രൂണി അറിയിച്ചു
ശ്വാസതടസ്സം മൂലം കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാര്‍പാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെത്തി രോഗസൗഖ്യത്തിനായി ആയിരങ്ങള്‍ പ്രാര്‍ഥിച്ചു
ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന മാർപാപ്പയുടെ ആരോഗ്യനില മോശമായതോടെ അദ്ദേഹത്തിന്റെ പിൻഗാമിയാവാൻ ആരൊക്കെയാണ് യോഗ്യരെന്ന ചർച്ച തുടങ്ങി. 88-ാം വയസ്സിലെത്തിയ പോപ്പ് ഫ്രാൻസിസ് ഇരട്ട ന്യൂമോണിയയാണ് നേരിടുന്നത്. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിൽ ഇരിക്കാൻ ഏതു റോമൻ കത്തോലിക്കനും സാങ്കേതികമായി യോഗ്യനാണ്. എന്നാൽ തിരഞ്ഞെടുപ്പ് 253 കർദിനാൾമാരുടെ ഇടയിൽ ഒതുങ്ങി നിൽക്കും എന്നതാണ് വാസ്തവം. വത്തിക്കാനിൽ നടക്കുന്ന ചടങ്ങുകൾ ലോകത്തിനു പരിചിതമാണ്—നിഗൂഢത ഒരിക്കലും വഴിമാറില്ലെങ്കിലും. 138 കർദിനാൾമാർക്കു മാത്രമേ വോട്ടവകാശമുളളൂ.
ഇപ്പോൾ ഉയരുന്ന പ്രധാന പേരുകൾ ഇവയാണ്:
കർദിനാൾ പിയട്രോ പരോളിൻ, 70, ഇറ്റലി: വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ്. ഫ്രാൻസിസ് പാപ്പാ വന്ന ശേഷം 11 വർഷമായി അദ്ദേഹം വത്തിക്കാനിലുണ്ട്. രാഷ്‌ട്രീയ മിതവാദിയാണ്. നൈജീരിയയിലും മെക്സിക്കോയിലും വത്തിക്കാന്റെ നയതന്ത്ര പ്രതിനിധി ആയിരുന്നു. 2014-ലാണ് ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തെ കർദിനാൾ ആക്കിയത്.
കർദിനാൾ ഫ്രിഡലിൻ അംബോംഗോ ബേസുങു, 64, കംഗോ: ഒരു ആഫ്രിക്കൻ സാധ്യതയാണ്. എപ്പിസ്കോപ്പൽ കോൺഫറൻസസ് ഓഫ് ആഫ്രിക്ക ആൻഡ് മഡഗാസ്കർ പ്രസിഡന്റായ അദ്ദേഹം വിവാദപുരുഷനാണ്. ഒരേ ലിംഗക്കാരുടെ വിവാഹം അനുവദിച്ച പാപ്പയുടെ പ്രഖ്യാപനം അദ്ദേഹം തള്ളിയിരുന്നു. 2019-ലാണ് ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തെ കർദിനാൾ ആക്കിയത്.
കർദിനാൾ വില്യം ജാക്കോബസ് ഐജിക്, 71, നെതർലൻഡ്‌സ്: മുൻ മെഡിക്കൽ ഡോക്ടറായ ഐജിക് കടുത്ത യാഥാസ്ഥിതികനാണ്. ആദ്യ വിവാഹം റദ്ദാക്കാതെ രണ്ടാമത് വിവാഹം കഴിക്കാം എന്ന ഫ്രാൻസിസ് പാപ്പയുടെ നിലപാടിനെ അദ്ദേഹം എതിർത്തിട്ടുണ്ട്. 2012-ലാണ് അദ്ദേഹം കർദിനാൾ ആയത്.
കർദിനാൾ പീറ്റർ എർഡോ, 72, ഹങ്കറി: യൂറോപ്പിലെ ബിഷപ്‌സ് കോൺഫറൻസ് പ്രസിഡന്റായിരുന്ന എർഡോ യാഥാസ്ഥിതികനാണ്. വിവാഹമോചനം നേടിയവർക്കും പുനർവിവാഹം ചെയ്തവർക്കും കുർബാന നൽകുന്നതിനെ അദ്ദേഹം എതിർത്തു. 2003-ൽ ജോൺ പോൾ രണ്ടാമൻ അദ്ദേഹത്തെ കർദിനാൾ ആക്കി.
കർദിനാൾ ലൂയി അന്റോണിയോ ടാഗിൾ, 67, ഫിലിപ്പൈൻസ്: ‘ഏഷ്യൻ പോപ്പ് ഫ്രാൻസിസ്’ എന്നറിയപ്പെടുന്ന ടാഗിൾ എൽജിബിടി വിഭാഗത്തോടും വിവാഹമോചിതരോടും സഹാനുഭൂതിയുള്ള നിലപാട് സ്വീകരിക്കുന്നു. 2012-ൽ പോപ്പ് ബെനഡിക്ട് അദ്ദേഹത്തെ ഏഴാം ഏഷ്യൻ കർദിനാളായി നിയമിച്ചു.
കർദിനാൾ റെയ്മണ്ട് ബുർക്, 76, യുഎസ്: കടുത്ത യാഥാസ്ഥിതികനാണ്. ഫ്രാൻസിസ് പാപ്പയുടെ ഇടതുപക്ഷ സമീപനങ്ങളെ ശക്തമായി വിമർശിച്ചിട്ടുണ്ട്. 2010-ൽ പോപ്പ് ബെനഡിക്ട് ആണ് കർദിനാൾ ആക്കിയത്.
കർദിനാൾ മരിയോ ഗ്രെച്, 67, മാൾട്ട: സിനഡ് ഓഫ് ബിഷപ്‌സിന്റെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ. ലൈംഗികതയോ വിവാഹമോചനമോ മൂലം സഭ ഭ്രഷ്ട് കല്പിച്ചവർക്കു വേണ്ടി ശബ്ദമുയർത്തുന്ന മിതവാദിയാണ്. 2020-ൽ ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തെ കർദിനാൾ ആക്കിയത്.
കർദിനാൾ മറ്റെയോ സൂപ്പി, 69, ഇറ്റലി: ഇറ്റാലിയൻ എപ്പിസ്കോപ്പൽ കോൺഫറൻസ് പ്രസിഡന്റ്. 2023-ൽ യുക്രൈനിലേക്കു പാപ്പയുടെ സമാധാന ദൂതനായി പോയി. 2019-ൽ ഫ്രാൻസിസ് പാപ്പാ തന്നെ കർദിനാൾ ആക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: