മലയാള സിനിമയിൽ ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും ഭിന്നതകൾ മറനീക്കി പുറത്തുവന്നത് അടുത്തിടെയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കോലാഹലങ്ങൾക്ക് പിന്നാലെ പ്രശ്‌നങ്ങൾ എല്ലാം ഒന്ന് ഒതുങ്ങി വന്ന സമയത്താണ് ഗുരുതര ആരോപണങ്ങളുമായി നിർമ്മാതാക്കളുടെ സംഘടനയിലെ ഭാരവാഹികൾ രംഗത്ത് വന്നിരിക്കുന്നത്. പ്രമുഖ നിർമ്മാതാവായ ജി സുരേഷ് കുമാറാണ് വിവാദത്തിന് തിരികൊളുത്തിയത്
താരങ്ങളുടെ പ്രതിഫലത്തെ കുറിച്ച് അദ്ദേഹം നടത്തിയ പരാമർശങ്ങൾ വലിയ രീതിയിൽ വിമർശനത്തിന് ഇടയാക്കിയിരുന്നു. അതിന് പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ അംഗങ്ങൾ രൂക്ഷമായ ഭാഷയിൽ ഇതിനോട് പ്രതികരിക്കുകയും ചെയ്‌തു. അതിൽ പ്രധാനിയായിരുന്നു അമ്മ അഡ്‌ഹോക് കമ്മിറ്റിയിലെ അംഗവും നടനുമായ ജയൻ ചേർത്തല.
ഇപ്പോഴിതാ ജയൻ ചേർത്തലയ്‌ക്ക് എതിരെ ആഞ്ഞടിക്കുകയാണ് ഫിലിം ചേംബർ ജനറൽ സെക്രട്ടറി കൂടിയായ സജി നന്ത്യാട്ട്. ജയൻ ചേർത്തല കഴിഞ്ഞ ദിവസം നടത്തിയ ആരോപണങ്ങൾ എല്ലാം തന്നെ അടിസ്ഥാന രഹിതമാണെന്ന് സജി നന്ത്യാട്ട് ചൂണ്ടിക്കാട്ടി. കൂടാതെ അമ്മയിലെ അക്കൗണ്ട് വിവരങ്ങൾ പുറത്തുവിടാൻ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്‌തു.
ജയൻ ചേർത്തലയെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. ജയൻ ചേർത്തല ഒരു കോളാമ്പി, മറ്റു പലരും ഇറക്കി വിടുന്ന വെറും നേർച്ചകോഴി മാത്രമാണെന്നും സജി നന്ത്യാട്ട് പരിഹസിച്ചു. അമ്മ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് സാമ്പത്തിക സഹായം നൽകിയിട്ടില്ലെന്നും ധൈര്യമുണ്ടെങ്കിൽ ജയൻ ചേർത്തല അമ്മയുടെ അക്കൗണ്ട് വിവരങ്ങൾ പുറത്തു വിടണമെന്നും സജി നന്ത്യാട്ട് വെല്ലുവിളിച്ചു.
നിർമ്മാതാവ് സുരേഷ് കുമാറിന്റെ ഭാര്യയെയും മകളെയും ജയൻ അപമാനിച്ചു. മോഹൻലാലിനെയും ജയൻ ചേർത്തല അപമാനിക്കുകയാണ്. ഗള്‍ഫിലെ താര ഷോയ്‌ക്ക് മോഹൻലാൽ ഒരിക്കലും ഫ്ലൈറ്റ് ടിക്കറ്റ് ആവശ്യപ്പെട്ടിട്ടില്ല. ആരോപണങ്ങൾക്ക് മാപ്പ് പറഞ്ഞില്ലെങ്കിൽ ജയൻ ചേർത്തലയ്‌ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും സജി നന്ത്യാട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
അതിനിടെ നിർമ്മാതാക്കളുടെ സംഘടനയിൽ വിള്ളൽ ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജി സുരേഷ് കുമാറിന് മറുപടിയുമായി ആന്റണി പെരുമ്പാവൂർ രംഗത്ത് വന്നതോടെയാണ് ഭിന്നതകൾക്ക് തുടക്കമായത്. ഇതിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് ലിസ്‌റ്റിൻ സ്‌റ്റീഫനും രംഗത്ത് വന്നിരുന്നു. ഇതോടെയാണ് സംഘടനയിലെ പ്രശ്‌നങ്ങൾ പുറംലോകം അറിഞ്ഞത്.
അതേസമയം, നിർമ്മാതാക്കളുടെ സംഘടനയിലെ തർക്കത്തിൽ അടിയന്തര ജനറൽ ബോഡി വിളിച്ചു ചേർക്കണമെന്ന ആവശ്യവുമായി സാന്ദ്ര തോമസും എത്തിയിട്ടുണ്ട്. ലിസ്‌റ്റിൻ സ്‌റ്റീഫന്റെ വാർത്താസമ്മേളനം കൂടുതൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയ സാന്ദ്ര ജയൻ ചേർത്തല നടത്തിയ പ്രസ്‌താവനയിൽ കൂടുതൽ വ്യക്തത വേണമെന്നും ആവശ്യപ്പെട്ടു.
താരങ്ങൾ സിനിമ നിർമ്മിക്കരുതെന്ന് പറയാൻ എന്ത് യോഗ്യതയാണ് നിർമ്മാതാക്കൾക്ക് ഉള്ളതെന്ന് ജയൻ ചേർത്തല ചോദിച്ചിരുന്നു. താരങ്ങൾ സിനിമ നിർമ്മിക്കാൻ പാടില്ല എന്നുപറയുന്നത് പഴയ കാലത്തെ വ്യവസ്ഥിതിയാണ്. നിങ്ങളൊക്കെ അടിയാന്മാർ ഞങ്ങൾ മുതലാളിമാർ എന്ന കാഴ്‌ചപ്പാടാണ് അതെന്നും കിട്ടാവുന്ന ഗുണങ്ങളെല്ലാം കൈപറ്റിയ ശേഷം താരസംഘടനയെയും താരങ്ങളെയും അധിക്ഷേപിക്കുകയാണ് അവരെന്നും ജയൻ ചേർത്തല ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: