കോഴിക്കോട്: ലോറി പാര്ക്ക് ചെയ്യുന്ന സ്ഥലത്ത് സംശയ സാഹചര്യത്തില് കണ്ടയാളെ നാട്ടുകാരാണ് പൊലീസിന് കാട്ടി കൊടുത്തത്. തുടര്ന്ന് ചോദ്യം ചെയ്തപ്പോള് ആള് ചില്ലറക്കാരനല്ല.അന്തര് ജില്ലാ മോഷ്ടാവായ പൊന്നാനി സ്വദേശി കറുത്തമ്മത്താക്കാനകത്ത് ബദറുദ്ദീനെ(44) ആണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്തപ്പോള് 17 മോഷണക്കേസുകള്ക്കാണ് തുമ്പുണ്ടായത്. ദേശീയപാത ബൈപ്പാസില് രാമനാട്ടുകരക്ക് സമീപം ചരക്ക് ലോറികള് നിര്ത്തിയിടുന്ന സ്ഥലത്തിന് സമീപമാണ് ബദറുദ്ദീന് പിടിയിലായത്. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില് നിരന്തരം ഇയാളെ കണ്ടതോടെയാണ് നാട്ടുകാര് ഫറോക്ക് പൊലീസില് വിവരം അറിയിച്ചത്.
പൊലീസ് എത്തി ചോദ്യം ചെയ്തപ്പോള് കൈവശമുണ്ടായിരുന്ന രണ്ട് മൊബൈല് ഫോണുകള് ചങ്ങരംകുളത്തെ അതിഥി തൊഴിലാളികളില് നിന്ന് മോഷ്ടിച്ചതാണെന്ന് വ്യക്തമായി. വിവിധ ജില്ലകളിലായി 17 മോഷണക്കേസുകള് ബദറുദ്ദീന്റെ പേരില് ഉണ്ട്. മയക്കുമരുന്ന്, ആയുധം തുടങ്ങിയവ കൈവശം വച്ചതിനും ഇയാളുടെ പേരില് കേസുകളുണ്ട്.
സ്ഥിരം കുറ്റവാളിയായ ഇയാള് പൊന്നാനി സ്റ്റേഷന് പരിധിയില് കാപ്പ ചുമത്തിയതിനെ തുടര്ന്ന് ജയിലില് ആയിരുന്നു. പുറത്തിറങ്ങിയ ശേഷം വീണ്ടും കുറ്റകൃത്യങ്ങളില് ഏര്പ്പെട്ട സാഹചര്യത്തില് തുടര്നടപടി സ്വീകരിക്കാന് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്ട്ട് സമര്പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: