Entertainment

ഭാര്യ തീയ്യത്തിയാണെങ്കില്‍ നിങ്ങളാരാണ്? ജാതി പറയുന്നോ, നടന്‍ ശ്രീരാമന്റെ പോസ്റ്റ് ഏറ്റെടുത്ത് ട്രോളന്മാരും

Published by

വലിയ ആഡംബരത്തോടെയാണ് ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനും ആരതി പൊടിയും വിവാഹിതരായത്. കഴിഞ്ഞ ദിവസങ്ങളില്‍ താരങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതും. സാധാരണ താരവിവാഹങ്ങളെ ചൊല്ലി വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെ ഉണ്ടാവാറുണ്ട്. എന്നാല്‍ വളരെ സമാധാനത്തോടെയും സന്തോഷത്തോടെയുമാണ് ഇരുവരും വിവാഹിതരായത്.

അതേ സമയം റോബിനും ആരതിയ്‌ക്കും ആശംസകള്‍ അറിയിച്ചെത്തിയ നടന്‍ വികെ ശ്രീരാമന്‍ വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെ വാങ്ങി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. താരവിവാഹത്തില്‍ പങ്കെടുത്തതിന് ശേഷം വധുവരന്മാര്‍ക്ക് ആശംസ നേര്‍ന്ന് കൊണ്ട് ശ്രീരാമന്‍ എഴുതിയ കുറിപ്പാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് വഴിതുറന്ന് കൊടുത്തത്.

നടന്റെ കുറിപ്പിങ്ങനെയാണ്. ”ഇന്ന് ഗുരുവായൂരൊരു കല്യാണത്തിന് പോയി. ന്റെ തീയ്യത്തീടെ കസിന്റെ മോളാണ് കല്യാണപ്പെണ്ണ്. പൊടീസ് എന്ന പേരിലുള്ള വസ്ത്രാലങ്കാര അല്ലെങ്കില്‍ അലങ്കാരവസ്ത്ര പ്രസ്ഥാനത്തിന്റെ പെരുന്തച്ചനാണ് (പെരുന്തച്ചന്റെ സ്രീലിങ്കം എന്താന്ന് നിശ്ശല്ല) ആരതി പൊടി. പൊടീസ് ബ്യൂട്ടികിന്റെ പുത്യാപ്ല ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ ഒരു ബിഗ് ബോസ്സുമാണ്.

ഫാഷന്‍ ഡിസൈനിങ്ങും റിയാലിറ്റി ഷോയും നമുക്ക് കേട്ടുകേള്‍വിയല്ലാതെ കണ്ടു കാണിയല്ല. അതിനാല്‍ ആ മേഖാലയിലേക്ക് നോം പ്രവേശിക്കുന്നില്ല. ഈ വൈവാഹികത്തില്‍ തൃശൂക്കാരന്‍ ഇമ്മട്ടിയെന്ന ടോംമിന്റെ റോള്‍ എന്തെന്നറിയില്ലെങ്കിലും റോളിങ്ങ് സ്റ്റോണ്‍ ഗേദേഴ്‌സ് നോ മോസ് എന്നാണല്ലോ

പായലേ വിട. പൂപ്പലേ വിട എന്നാണേഷ്യന്‍ പെയ്ന്റ്‌സും പറയുന്നത്. അതിനാലും മംഗലം കേമായി. ഉര്‍സുല വന്ന് എന്നോടെന്തോ പറഞ്ഞു. ഞാനതു കേട്ട പോലെ ഇരുന്നു. എന്റെ ശരീരത്തില്‍ നിന്ന് ഇളം കൂണുകളുടെ ഗന്ധം ഉയര്‍ന്നിരുന്നു. അതാരും അറിഞ്ഞില്ലെന്നു തോന്നുന്നു. ആയതിനാലുമിന്ന് കോഴിക്കോട്ടേക്ക് പോണം. വട്ടാമ്പോയില്‍ ചോയിക്കുട്ടി വൈദ്യരേയും മടത്തില്‍ മൂപ്പരേയും കാണണം. പാഠം 8 നൃത്തം ചെയ്യുന്ന മലയാളമാണ്.’ എന്നുമാണ് ശ്രീരാമന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഈ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ നടന്‍ ഭാര്യയെ വിശേഷിപ്പിച്ച തീയ്യത്തി എന്ന വാക്കാണ് പുതിയൊരു ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. ജാതി എടുത്ത് പറഞ്ഞതിനെ ചോദ്യം ചെയ്താണ് ചിലര്‍ എത്തിയത്. ജാതിവെറിയാണെന്നും ജാതി അധിക്ഷേപത്തിന് വേണമെങ്കില്‍ കേസ് എടുക്കാം, എന്നിങ്ങനെ വളരെ പെട്ടെന്നാണ് കമന്റ് ബോക്‌സിലൂടെ ശ്രീരാമനെതിരെ ശബ്ദമുയര്‍ന്നത്.

എന്നാല്‍ ഇതിന് വിശദീകരണം നല്‍കി കൊണ്ടും ചിലരെത്തി. ‘തീയ്യത്തി എന്ന് പറഞ്ഞാല്‍ കെട്ട്യോള് എന്നതിന്റെ നാടന്‍ പ്രയോഗമാണ്. അല്ലാതെ ജാതിവെറിയല്ല. നമ്മുടെ നാട്ടിലൊക്കെ പലരും പറഞ്ഞു കേള്‍ക്കാറുണ്ട്. അദ്ദേഹം എഴുത്തില്‍ സ്ഥിരം പറയുന്നൊരു നാടന്‍ പ്രയോഗമാണ്. ഭര്‍ത്താവിനെയും ഭാര്യയെയും മറ്റു സ്വന്ത ബന്ധങ്ങളേയുമൊക്കെ ഓരോ ഇഷ്ടപ്പേരുകളില്‍ വിളിക്കുക.

ചില സ്ഥലങ്ങളില്‍ അങ്ങനെ വിളിക്കുന്നത് കേള്‍ക്കാറുണ്ട്. ഒരേ ജാതിയിലുള്ളവര്‍ പരസ്പരം വിളിക്കുമ്പോള്‍ അതു ജാതി നോക്കി അല്ല. പെമ്പിറന്നോത്തി, കെട്ടിയോന്‍, ഉടപ്പേറന്നോന്‍, ഉടപ്പേറന്നോള്‍ എന്നൊക്കെ വിളിക്കുന്ന പോലെ ഒന്നാണെന്ന് തോന്നുന്നു. പിന്നെ അദേഹത്തിന്റെ എഴുത്ത് അവരുടെ നാടന്‍ വാക്കുകള്‍ ഉള്‍പ്പെടുന്നത് കൂടിയാണ്. എന്നിങ്ങനെ വിശദീകരണവുമായിട്ടും ചിലരെത്തി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by