തിരുവനന്തപുരം:പി എസ് എസ് സി ചെയര്‍മാന്റെയും അംഗങ്ങളുടെയും വേതനം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സംസ്ഥാനത്തിന്റെ ധനസ്ഥിതി പരുങ്ങലിലാണെന്ന് പറഞ്ഞ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ക്കടക്കം വേതന വര്‍ദ്ധന നല്‍കാതിരിക്കുമ്പോഴാണാണ് പി എസ് സി ചെയര്‍മാനും അംഗങ്ങള്‍ക്കും വാരിക്കോരി ശമ്പളം നല്‍കുന്നത്.
ചെയര്‍മാന് നാല് ലക്ഷവും അംഗങ്ങള്‍ക്ക് 3.75 ലക്ഷവും വേതനമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് പി എസ് സി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി സഭായോഗ തീരുമാനം.
പി എസ് സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം പരിഷ്‌ക്കരിക്കണമെന്ന ആവശ്യത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കുന്നതായാണ് സര്‍ക്കാര്‍ അറിയിപ്പ്. ഇതോടെ ചെയര്‍മാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ടൈം സ്‌കെയിലിലെ ശമ്പളം ലഭിക്കും. ജില്ലാ ജഡ്ജിമാരുടെ സെലക്ഷന്‍ ഗ്രേഡ് ശമ്പളമാണ് പി എസ് സി അംഗങ്ങള്‍ക്ക് ലഭിക്കുക.
കേരളത്തില്‍ 20 പേരാണ് പി എസ് സി അംഗങ്ങളായി ഉളളത്. ചെയര്‍മാനും സെക്രട്ടറിയും അടക്കം 21 പേരുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ പി എസ് സി അംഗങ്ങളുടെ സേവന വേതന വ്യവസ്ഥകള്‍ പരിഗണിച്ചാണ് വര്‍ധനയെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.ചെയര്‍മാന്റെ അടിസ്ഥാന ശമ്പളം 76000 രൂപയാണ്. അലവന്‍സുകള്‍ ഉള്‍പ്പെടെ 2.30ലക്ഷം രൂപയാണ് ഒരു മാസം ചെയര്‍മാന് ലഭിക്കുക. അംഗങ്ങള്‍ക്ക് അടിസ്ഥാന ശമ്പളം 70000 രൂപയാണ്. അലവന്‍സ് ഉള്‍പ്പെടെ 2.26ലക്ഷം രൂപ ലഭിക്കും.
പി എസ് സി അംഗങ്ങളുടെ കാലാവധി ആറ് വര്‍ഷമാണ്.പി എസ് സി ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവരെ നിയമിക്കുന്നത് രാഷ്‌ട്രീയ പരിഗണനകള്‍ വച്ചാണ്. ഭരണ മുന്നണിയില്‍ കക്ഷികള്‍ പി എസ് സി അംഗത്വം വീതം വച്ച് എടുക്കുന്നതാണ് പതിവ്. ലക്ഷങ്ങള്‍ കോഴ നല്‍കിയാണ് പലരുംപി എസ് സി അംഗങ്ങളായതെന്നും പറഞ്ഞുകേള്‍ക്കുന്നുണ്ട്.
ചെയര്‍മാനും അംഗങ്ങള്‍ക്കും ജീവിതകാലം മുഴുവന്‍ പെന്‍ഷനും ലഭിക്കും. രാജ്യത്ത് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പബ്ലിക് സര്‍വീസ് കമ്മീഷനാണ് കേരളത്തിലേത്.
കാറും വീട്ടുവാടകയും മറ്റും അടക്കം വന്‍ തുകയാണ് പി എസ് സി അംഗങ്ങള്‍ക്കും ചെയര്‍മാനുമായി സര്‍ക്കാര്‍ ചിലവഴിക്കുന്നത്.ചെയര്‍മാന് സംസ്ഥാന ചീഫ് സെക്രട്ടറിയുടെ തുല്യമായ ആനുകൂല്യങ്ങള്‍ ലഭിക്കും. പി എസ് സി അംഗങ്ങളുടെ പെന്‍ഷനിലും ഈ വര്‍ധനയുണ്ടാവും.
തമിഴ്‌നാട് പി എസ് സി യില്‍ 14 അംഗങ്ങളും കര്‍ണാടക പി എസ് സിയില്‍ 13 അംഗങ്ങളും യു പി എസ് സിയില്‍ ഒന്‍പത് അംഗങ്ങളുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: