Kerala

‘ഭര്‍ത്താവ് മരിച്ച വല്യുമ്മ ഏതെങ്കിലും മൂലയിലിരുന്ന് സ്വലാത്തും ദിഖ്‌റും ചൊല്ലണം ‘ ; മണാലിയിൽ പോയ നഫീസുമ്മയെ വിമർശിച്ച് ഇസ്ലാം പണ്ഡിതൻ

Published by

കൊച്ചി : സോഷ്യല്‍ മീഡിയ വഴിയുള്ള സൈബര്‍ അറ്റാക്കും അശ്ലീല കമന്‍റുകളുമൊക്കെ മിക്കവാറും ചര്‍ച്ചയാവാറുള്ളതാണ്. എന്നാല്‍ ചില സമയങ്ങളിൽ ആവശ്യമുള്ളവരെ സോഷ്യല്‍ മീഡിയ ചേർത്ത് നിർത്താറുമുണ്ട് . നഫീസുമ്മയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. കഷ്​ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തിന്റെ സായാഹ്നത്തില്‍ മക്കള്‍ക്കൊപ്പം ഒരു യാത്ര പോയതിനു പഴി കേട്ട നഫീസുമ്മയെ ചേര്‍ത്തുനിര്‍ത്തുകയാണ് സോഷ്യല്‍ ലോകം.

55 വയസില്‍ മണാലിക്ക് പോയ നഫീസുമ്മ കുറച്ചുനാളുകള്‍ക്ക് മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഉമ്മാനെയും കൂട്ടി മണാലിയിലേക്ക് ഇറങ്ങിയ മകള്‍ക്കും നന്ദി പറഞ്ഞ് കൊണ്ട് പ്ലാന്‍ ടു ഗോ എന്ന ഇന്‍സ്റ്റാഗ്രാം പേജ് പങ്കുവച്ച വിഡിയോ അന്ന് കണ്ടത് ലക്ഷകണക്കിന് ആളുകളായിരുന്നു.

ഇപ്പോഴിതാ ഒരു പരിപാടിക്കിടെ നഫീസുമ്മയുടെ യാത്രയെ വിമര്‍ശിച്ച് മുസ്ലിം പണ്ഡിതന്‍ നടത്തിയ പ്രഭാഷണം സോഷ്യല്‍ മീഡിയയെ ആകെ രോഷാകുലമാക്കിയിരിക്കുകയാണ്.

”ഭര്‍ത്താവ് മരിച്ച വല്യുമ്മ ഏതെങ്കിലും മൂലയിലിരുന്ന് സ്വലാത്തും ദിഖ്‌റും ചൊല്ലുന്നതിനു പകരം ഏതോ അന്യസംസ്ഥാനത്തേക്ക് മഞ്ഞില്‍ കളിക്കാന്‍ പോയതിനെ” ആയിരുന്നു തന്‍റ് പ്രഭാഷണത്തില്‍ പണ്ഡിതന്‍ വിമര്‍ശിച്ചത്. ഈ വിഡിയോ അതിവേഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. പിന്നാലെ നഫീസുമ്മക്ക് സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുമുള്ളവര്‍ പിന്തുണ നല്‍കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ കണ്ടത്.

നഫീസുമ്മയെ പറ്റിയുള്ള ഒരു കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലാണ് .

‘ നഫീസുമ്മക്ക് പ്രായം അമ്പത്തിയഞ്ചായി. മുപ്പതുകളുടെ തുടക്കത്തിലാവണം ഭർത്താവ് മരിക്കുന്നത്. രണ്ടാംകെട്ട് അപമാനമായി കാണുന്ന സമൂഹത്തിൽ മക്കളുള്ള ഒരു സ്ത്രീക്ക് ആഗ്രഹമുണ്ടായാലും വീണ്ടും ഒരു വിവാഹത്തെ കുറിച്ച് ആലോചിക്കുക തന്നെ സാധ്യമല്ല.ജീവിതത്തിന്റെ വലിയൊരു ഭാഗവും സന്തോഷം അനുഭവച്ചിട്ടില്ലാത്ത സ്ത്രീ. അവർ അവരുടെ അമ്പത്തിയഞ്ചാം വയസ്സിൽ മകളോടൊപ്പം മണാലിയിലേക്ക് യാത്ര പോകുന്നു. സന്തോഷം കണ്ടെത്തുന്നു. റീൽ ചെയ്യുന്നു.

ആ റീൽ കണ്ടാണ് നഗരത്തിലെ പ്രധാന ഉസ്താദുമാർക്ക് അസ്വസ്ഥത അനുഭവ്വപ്പെടുന്നത്. അവരുടെ കാഴ്ചപാടിൽ ഭർത്താവ് മരിച്ചാൽ സ്ത്രീകൾ വീടിന്റെ മൂലയിലിരിക്കണം. സ്വലാത്തും ദിഖ്റും ചൊല്ലണം. മണാലിയും മഞ്ഞുമലയും ബീച്ചുകളും അവർക്ക് വിലക്കപ്പെട്ട സ്ഥലങ്ങളാണ്. ഇനി ഭർത്താവ് മരിക്കാത്ത സ്ത്രീകൾക്കായാലും സിംഗിൾ സ്ത്രീകൾക്കായാലും പ്രത്യേകിച്ച് ഇളവുകൾ ലഭിക്കുമെന്ന് കരുതേണ്ട. എവിടെയെങ്കിലും മനുഷ്യര് ( പ്രത്യേകിച്ച് മുസ്ലിം സ്ത്രീകൾ) സന്തോഷിക്കുന്നത് കാണുമ്പോൾ സന്തോഷങ്ങളിൽ കണ്ണിടുകയും മനുഷ്യരെ അപമാനിക്കുകയും ചെയ്യുന്നവർ. മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് വിലക്കുതീർക്കുന്നവർ. ജീവിതം വരണ്ടതാക്കുന്നവർ. പടച്ചോൻ ഈ ഭൂമി സൃഷ്ടിച്ചതും ആ ഭൂമിയിൽ അനേകായിരം അത്ഭുതങ്ങളുണ്ടാക്കിയതും മനുഷ്യർക്ക് കാണാൻ വേണ്ടിയാണ്.‘ – എന്നാണ് ആ കുറിപ്പിൽ പറയുന്നത്

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by