ഏകദിന ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ ഘടനയില്‍ മുന്‍നിര ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ചാമ്പ്യന്‍സ്‌ട്രോഫി ഏകദിന ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് കറാച്ചിയില്‍ തുടക്കമാകും. ഭരതത്തിന്റെ ആദ്യമത്സരം നാളെയാണ്, ബംഗ്ലാദേശിനെതിരേ. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ സൂപ്പര്‍ താരം വിരാട് കോലി, ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍ തുടങ്ങിയ പ്രമുഖരുണ്ട്. ബുമ്രയുടെ അഭാവം മാത്രമാണ് ഇന്ത്യക്ക് തിരിച്ചടി. എങ്കിലും ഏവരും ഉറ്റുനോക്കുന്നതും കിരീടം നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നതുമായ ടീമാണ് ഭാരതം. ഏകദിനത്തില്‍ ഭാരത ടീം ഏറ്റവും മികച്ച ഫോമിലാണ്. ഈയിടെ നാട്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത ആത്മവിശ്വാസം ഭാരതത്തിനുണ്ട്. ഈ ടൂര്‍ണമെന്റ് തുടക്കത്തില്‍ അറിയപ്പെട്ടിരുന്നത് ഐസിസി നോക്ക് ഔട്ട് ട്രോഫി എന്നായിരുന്നു. 2002 മുതലാണ് ചാമ്പ്യന്‍സ് ട്രോഫിയായത്.
2023ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ റണ്ണേഴ്‌സ് അപ്പായിരുന്നു.ചാമ്പ്യന്‍സ് ട്രോഫിയുടെ ചരിത്രത്തില്‍ ഇന്ത്യയുടെ പ്രകടനം മികച്ചതാണ്. എട്ട് എഡിഷനുകളില്‍ രണ്ടെണ്ണത്തില്‍ ചാമ്പ്യന്മാരായപ്പോള്‍ നാലു പതിപ്പുകളില്‍ റണ്ണേഴ്‌സ് അപ്പായിരുന്നു.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഭാരതം 1998 (ബംഗ്ലാദേശ്)
മുഹമ്മദ് അസ്ഹറുദ്ദീന്‍ നയിച്ച ഭാരത് സെമിയിലെത്തിയെങ്കിലും അവിടെ വിന്‍ഡീസിനോട് ആറ് വിക്കറ്റിനു തോറ്റു. ദക്ഷിണാഫ്രിക്കയായിരുന്നു ചാമ്പ്യന്മാര്‍.
2000 (കെനിയ)
സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലിറങ്ങിയ ടീം ഫൈനലിലെത്തി. എന്നാല്‍, കിവീസിനോട് നാല് വിക്കറ്റിനു തോറ്റു. നായകന്‍ ഗാംഗുലിയുടെ സെഞ്ചുറിയായിരുന്നു പ്രത്യേകത. അവസാന മത്സരത്തിലെ മിന്നും ജയത്തോടെ കിവികള്‍ക്ക് കിരീടം.
2002 (ശ്രീലങ്ക)
സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന് കിരീടം. ഫൈനല്‍ മഴയെത്തുടര്‍ന്ന് ഒഴിവാക്കിയ മത്സരത്തില്‍ ലങ്കയ്‌ക്കൊപ്പം ഭാരതം കിരീടം പങ്കുവച്ചു.
2004 (ഇംഗ്ലണ്ട്)
ഇന്ത്യക്ക് ഗ്രൂപ്പ് ഘട്ടത്തില്‍നിന്ന് മുന്നേറാനായില്ല. പാക്കിസ്ഥാനോട് തോറ്റ് പുറത്ത്.
2006 (ഇന്ത്യ)
ഇന്ത്യ ആതിഥേയത്വം വഹിച്ച ചാമ്പ്യന്‍ഷിപ്പില്‍ രാഹുല്‍ ദ്രാവിഡായിരുന്നു നായകന്‍. ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ പുറത്ത്. ഇംഗ്ലണ്ടിനെ മാത്രം പരാജയപ്പെടുത്തിയ ഇന്ത്യ ഓസീസിനോടും വിന്‍ഡീസിനോടും തോറ്റു.
2009 (ദക്ഷിണാഫ്രിക്ക)
എം.എസ്. ധോണിയുടെ നേതൃത്വത്തിലിറങ്ങിയ ടീം ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്ത്. ഓസീസിനോടും പാക്കിസ്ഥാനോടും തോറ്റു. തുടര്‍ച്ചയായ മൂന്നാം പതിപ്പിലും ഗ്രൂപ്പ് ഘട്ടത്തില്‍ ഭാരതം പുറത്ത്.
2013 (ഇംഗ്ലണ്ട്, വെയില്‍സ്)
ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന് കിരീടം. കലാശപ്പോരില്‍ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിനു പരാജയപ്പെടുത്തി ഇന്ത്യ രണ്ടാം കിരീടം ചൂടി.
2017 (ഇംഗ്ലണ്ട്,വെയില്‍സ്)
ഭാരതം വീണ്ടും ഫൈനലില്‍. എന്നാല്‍, ഫൈനലില്‍ 180 റണ്‍സിന് പാക്കിസ്ഥാനോട് ദയനീയമായി തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: