വിദ്യാര്‍ത്ഥിയുടെ ജീവിതത്തിലും ഏറ്റവും കൂടുതല്‍ മാനസിക പിരിമുറുക്കമുണ്ടാക്കുന്ന ഒന്നാണ് പരീക്ഷ. പരീക്ഷാ ദിനങ്ങള്‍ അടുക്കുന്തോറും വിദ്യാര്‍ത്ഥികള്‍ക്കും (ചില)രക്ഷിതാക്കള്‍ക്കും ഉത്കണ്ഠ കൂടും. പരീക്ഷയെ നേരിടാന്‍ ചിട്ടയായ പഠനമാണ് പ്രധാനമായും വേണ്ടത്. സമയത്തെ കൃത്യമായി വിനിയോഗിക്കുമ്പോള്‍ത്തന്നെ ഉറക്കത്തിന് പ്രാധാന്യം കൊടുക്കുകയും വേണം. ആറ് മുതല്‍ ഏഴ് മണിക്കൂര്‍ വരെ ഉറങ്ങുന്നു എന്നും, ശേഷിക്കുന്ന മുഴുവന്‍ സമയവും ഫലപ്രദമായി ഉപയോഗിക്കുന്നു എന്നും ഉറപ്പുവരുത്തണം. ചിലര്‍ അതിരാവിലെ എഴുന്നേറ്റ് പഠിക്കുമ്പോള്‍ മറ്റുചിലര്‍ രാത്രി അധിക സമയം പഠിക്കാനിരിക്കുന്നവരാണ്. ഓരോ വ്യക്തിയുടെയും ‘ബയോളജിക്കല്‍ ക്ലോക്ക്’ അനുസരിച്ചു അതിന് വ്യത്യാസം വരും. പഠനത്തിലെ ശ്രദ്ധ നഷ്ടപ്പെടാതിരിക്കാന്‍ ടിവി, മൊബൈല്‍ ഫോണ്‍ മുതലായവയോട് പരീക്ഷ കഴിയുന്നതുവരെ ‘ഗുഡ് ബൈ’ പറയുക. തുടര്‍ച്ചയായ പഠനം ക്ഷീണിപ്പിക്കുന്നതുകൊണ്ട് ഒന്നര/ രണ്ട് മണിക്കൂര്‍ കഴിയുമ്പോള്‍ ഒരു ചെറിയ ഇടവേളയെടുക്കാം.
എങ്ങനെ പഠിക്കണം..?
പഠിക്കേണ്ട വിഷയങ്ങളെ സിഗ്നല്‍ ലൈറ്റ്ിലെ ചുവപ്പ്, മഞ്ഞ, പച്ച എന്നീ നിറങ്ങളായി തരം തിരിക്കാം. പ്രയാസമുള്ള വിഷയത്തെ/വിഷയങ്ങളെ ചുവപ്പായും, പ്രയാസമുള്ളതാണെങ്കിലും കൂടുതല്‍ പ്രയത്നിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന വിഷയത്തെ/ വിഷയങ്ങളെ മഞ്ഞയായും, ഇഷ്ടമുള്ള വിഷയങ്ങളെ പച്ചയായും തരം തിരിക്കുക. പഠിക്കാന്‍ സമയം ക്രമീകരിക്കുമ്പോള്‍ താരതമ്യേന കൂടുതല്‍ സമയം ചുവപ്പിനാണ് കൊടുക്കേണ്ടത്. തുടര്‍ന്ന് മഞ്ഞക്കും. ദിവസത്തിന്റെ തുടക്കത്തില്‍ പഠിച്ചു തുടങ്ങുന്നതു മഞ്ഞയോ, പച്ചയോ ആകണം. ചുവപ്പും, മഞ്ഞയും, പച്ചയുമായി എത്ര വിഷയങ്ങളുണ്ടെന്നതിനനുസൃതമായി ടൈം ടേബിള്‍ തയ്യാറാക്കുക. ചുവപ്പിനെ മഞ്ഞയിലേക്കും, മഞ്ഞയെ പച്ചയിലേക്കും മാറ്റാനായി പ്രവര്‍ത്തിക്കുക. അപ്പോള്‍ കൂടുതല്‍ വിഷയങ്ങള്‍ എളുപ്പമുള്ളതായി മാറും..
ഏകാഗ്രതക്ക് പ്രാര്‍ത്ഥന/ധ്യാനം അനിവാര്യം.
മനുഷ്യ മനസ്സിലൂടെ ഒരു ദിവസത്തില്‍ ശരാശരി 60,000 വ്യത്യസ്ത ചിന്തകള്‍ കടന്നു പോകുന്നു. പഠിക്കാനിരിക്കുമ്പോഴും പലതരം ചിന്തകള്‍ മനസ്സിലൂടെ കടന്നുപോകും. ഏകാഗ്രത കിട്ടുന്നതിന് പ്രാര്‍ത്ഥിക്കുകയോ/ ധ്യാനിക്കുകയോ ചെയ്യുക. ഇതുവരെ ധ്യാനിക്കാത്തവര്‍ക്ക് എളുപ്പത്തില്‍ ധ്യാനിക്കാന്‍ ശ്വാസോച്ഛ്വാസത്തില്‍ ശ്രദ്ധിക്കുക. ശ്വാസം പതിയെ അകത്തേയ്‌ക്കെടുത്തു പുറത്തേക്ക് വിടുക. ഇത് ഇരുപതോക്ക അമ്പതോ തവണ ആവര്‍ത്തിക്കുക. അനാവശ്യ ചിന്തകള്‍ ഒഴിവാക്കാനും, ഉത്കണ്ഠ അകറ്റാനും, ഏകാഗ്രത കൈവരിക്കാനും ധ്യാനം സഹായിക്കും.
പ്രതീക്ഷ’ എന്ന ഭാരം
പരീക്ഷ അടുത്ത സമയത്തു മറ്റുള്ളവരുടെ ‘പ്രതീക്ഷ’ എന്ന ഭാരം മാറ്റിവെക്കുക. വിദ്യാര്‍ത്ഥിയെ സംബന്ധിച്ചു മാനസിക പിരിമുറുക്കത്തിനുള്ള പ്രധാന കാരണങ്ങളിലൊന്ന് മറ്റുള്ളവരുടെ പ്രതീക്ഷക്കൊത്തുയാരാന്‍ സാധിക്കുമോ എന്ന ചിന്തയാണ്. മറ്റുള്ളവരുടെ പ്രതീക്ഷക്കല്ല, സ്വന്തം ലക്ഷ്യങ്ങള്‍ക്കാണ് പ്രാധാന്യം. ഞാന്‍ പഠിക്കുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയല്ല., എനിക്ക് വേണ്ടിയാണ് എന്ന യാഥാര്‍ത്ഥ്യബോധത്തോടെയുള്ള പ്രവര്‍ത്തനം ഉന്നത വിജയം നേടിത്തരും.
ഷോര്‍ട്ട് നോട്സ്
പഠിച്ച കാര്യങ്ങള്‍ ഓര്‍ത്തുവയ്‌ക്കാന്‍ ഷോര്‍ട്ട് നോട്സ് സഹായിക്കും. പെട്ടെന്ന കാണാവുന്ന സ്ഥലത്ത്, അതായത് ചുമരിലോ, വാതിലിലോ, കണ്ണാടിയിലോ ഒട്ടിച്ച് വെക്കുക. ഒരു ദിവസത്തില്‍ത്തന്നെ പല തവണ കാണുന്നതിലൂടെ അവ ഹൃദിസ്ഥമാക്കാന്‍ കഴിയും.
നിത്യാഭ്യാസി ആനയെ എടുക്കും
എല്ലാ വിഷയങ്ങളുടേയും മാതൃകാ ചോദ്യപേപ്പറുകള്‍ ശേഖരിച്ച് മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ശ്രമിക്കുക. ഇതിലൂടെ പരീക്ഷക്ക് അനുവദിച്ചിട്ടുള്ള നിശ്ചിത സമയത്തിനുള്ളില്‍ പരീക്ഷ എഴുതി തീര്‍ക്കാം എന്ന ആത്മവിശ്വാസം വര്‍ധിക്കും.
മാതാപിതാക്കളോട്
അമിത സമ്മര്‍ദ്ദം കുട്ടികളുടെ മാനസികാവസ്ഥയെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഉത്കണ്ഠ, നിരാശ തുടങ്ങിയ മാനസികാവസ്ഥകള്‍ അവരുടെ പ്രകടനത്തെ ബാധിക്കും. രക്ഷിതാക്കളുടെ അമിതമായ ചില ഇടപെടലുകള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാം.. എല്ലാവര്‍ക്കും എല്ലാ വിഷയങ്ങളിലും മികവ് പുലര്‍ത്താന്‍ സാധിക്കണമെന്നില്ല. കുട്ടികള്‍ ആവശ്യത്തിന്, ഉറങ്ങുന്നു, ഭക്ഷണം കഴിക്കുന്നു എന്നീ കാര്യങ്ങള്‍ ഉറപ്പു വരുത്തുക. കുട്ടികള്‍ പഠിക്കാനിരിക്കുമ്പോള്‍ വീട്ടിലെ മുതിര്‍ന്നവര്‍ കഴിവതും, ടിവി, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ഉപയോഗം ഒഴിവാക്കുക. കുട്ടികള്‍ക്കൊപ്പം ഇരിക്കുക. അവരോട് സ്നേഹം പ്രകടിപ്പിക്കാന്‍ സമയം കണ്ടെത്തുക. പരീക്ഷകള്‍ ജീവിതത്തിലെ അടുത്ത ചുവട് വെക്കുന്നതിനുള്ള പടവുകള്‍ മാത്രമാണ്, അവസാനമല്ല..
പരീക്ഷഎഴുതുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മികച്ച വിജയം ആശംസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: