നിർമ്മിതബുദ്ധിയിൽ (AI) വലിയ ഒരു വിപ്ലവത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുകയാണ്. പ്രധാനമന്ത്രി മോദിയുടെ ദാർശനിക നേതൃത്വമാണ് ഈ പരിവർത്തനത്തിന് പിന്നിൽ. കമ്പ്യൂട്ടിംഗ് പവർ, GPUs, ഗവേഷണം എന്നീ മേഖലകളിൽ കുറഞ്ഞ ചെലവിൽ അവസരങ്ങൾ ലഭ്യമാകുന്ന ഒരു AI ആവാസവ്യവസ്ഥയെ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഗവൺമെന്റ് നേരിട്ട് പരിപോഷിപ്പിക്കുകയാണ്.
AI എന്നത് വരേണ്യരായ ചുരുക്കം ചിലർക്ക് മാത്രമായുള്ളതല്ലെന്നും സാങ്കേതിക മേഖലയിലെ വൻകിട കമ്പനികളും ആഗോള ഭീമന്മാരും ഈ മേഖലയിൽ സർവ്വാധിപത്യം സ്ഥാപിക്കുന്നില്ലെന്നും മോദി ഗവൺമെന്റ്, ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കും നവസംരംഭകർക്കും നൂതന ആശയങ്ങളുള്ള പ്രതിഭകൾക്കും വേണ്ടി ലോകോത്തരമായ AI അടിസ്ഥാന സൗകര്യങ്ങൾ വിപ്ലവകരമായ നയസമീപനങ്ങളിലൂടെ മോദി ഗവൺമെന്റ് ഒരുക്കുന്നു. ഇതിലൂടെ നിർമ്മിതബുദ്ധി മേഖലയിൽ ആരോഗ്യകരമായ മത്സരത്തിനുള്ള വേദി സൃഷ്ടിക്കുന്നു. ഇന്ത്യ AI ദൗത്യം, നിർമ്മിതബുദ്ധിവികസനത്തിനായി മികവിന്റെ കേന്ദ്രങ്ങൾ തുടങ്ങി മോദി ഗവൺമെന്റിന്റെ ഈ ദിശയിലെ സംരംഭങ്ങളെല്ലാം രാജ്യത്തിന്റെ AI ആവാസവ്യവസ്ഥ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്.
ഇന്ത്യയെ ആഗോള AI നേതൃത്വത്തിലേക്ക് ഉയർത്താൻ മോദി ഗവൺമെന്റ് എന്താണ് ചെയ്യുന്നതെന്ന് നമുക്ക് പരിശോധിക്കാം:
ഇന്ത്യ AI ദൗത്യം (IndiaAI Mission) : ഒരു ചുവട് മുന്നിൽ
ഇന്ത്യയുടെ നിർമ്മിതബുദ്ധി ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്‌പ്പെന്ന നിലയിൽ, മോദി ഗവൺമെന്റ് 2024 ൽ 10,300 കോടി രൂപ അനുവദിച്ചുകൊണ്ട് ഇന്ത്യ AI ദൗത്യത്തിന് അംഗീകാരം നൽകി. അടുത്ത അഞ്ച് വർഷത്തേക്കുള്ള ഈ ധനസഹായം ഇന്ത്യ AI ദൗത്യത്തിന്റെ വ്യത്യസ്ത ഘടകങ്ങളെ ഉത്തേജിപ്പിക്കാൻ പര്യാപ്തമാണ്.
ഉന്നത നിലവാരമുള്ള പൊതു കമ്പ്യൂട്ടിംഗ് സൗകര്യങ്ങളുടെ പിന്തുണയോടെ, ഇന്ത്യൻ ഭാഷകൾ ഉപയോഗിച്ച് ഇന്ത്യൻ സാഹചര്യത്തിനനുയോജ്യമായ തദ്ദേശീയ നിർമ്മിതബുദ്ധി പരിഹാരങ്ങൾ സജ്ജമാക്കുന്നതിലേക്ക് ഇന്ത്യ AI ദൗത്യം അടുക്കുകയാണ്. ഏകദേശം 10000 GPU കൾ ഉപയോഗിച്ചുള്ള കമ്പ്യൂട്ടേഷൻ സൗകര്യത്തോടെയാണ് AI മോഡൽ ആരംഭിക്കുന്നത്. 8693 GPU കൾ കൂടി ഉടൻ കൂട്ടിച്ചേർക്കും.
GPU അടിസ്ഥാനസൗകര്യവും ഓപ്പൺ GPU മാർക്കറ്റും
ഇന്ത്യാ AI ദൗത്യം ആരംഭിച്ച് 10 മാസത്തിനുള്ളിൽ, അഭൂതപൂർവമായ പ്രതികരണമാണ് ബന്ധപ്പെട്ട മന്ത്രാലയത്തിന് ലഭിച്ചത്. ഏകദേശം 18,693 ഗ്രാഫിക് പ്രോസസ്സിംഗ് യൂണിറ്റ് അഥവാ GPU ഉപയോഗിക്കുന്ന ഉന്നത നിലവാരമുള്ളതും ശക്തവുമായ ഒരു പൊതു കമ്പ്യൂട്ടിംഗ് സൗകര്യം സൃഷ്ടിക്കാനും കഴിഞ്ഞു. ഇത് ഓപ്പൺ സോഴ്‌സ് മോഡലായ ഡീപ്‌സീക്കിനേക്കാൾ ഒമ്പത് മടങ്ങും ചാറ്റ്ജിപിടിയുടെ മൂന്നിൽ രണ്ടും ശേഷിയിലുള്ളതാണ്.
മോദി ഗവൺമെന്റ് ഇന്ത്യയുടെ GPU മാർക്കറ്റ് പ്ലേസ് തുറക്കുന്നതിന് തുടക്കമിട്ടു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. GPU മാർക്കറ്റ് പ്ലേസ് തുറന്ന ആദ്യ സർക്കാരാണിത്. പ്രധാന രാജ്യങ്ങളിൽ വൻകിട വ്യവസായികൾ AI വിപണിയിൽ ആധിപത്യം പുലർത്തുമ്പോൾ, ഇതിൽ നിന്ന് വ്യത്യസ്തമായി ചെറിയ സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, വിദ്യാർത്ഥികൾ തുടങ്ങി നാനാ മേഖലയിലുള്ളവർക്ക് പ്രകടനമികവുള്ള കമ്പ്യൂട്ടിംഗ് വിഭവങ്ങളിലേക്ക് പ്രവേശനം സാധ്യമാക്കാൻ ഇന്ത്യയ്‌ക്കായി.
സമീപഭാവിയിൽ 18,000 ഹൈ-എൻഡ് GPU അധിഷ്ഠിത കമ്പ്യൂട്ട് സൗകര്യങ്ങൾ രാജ്യത്തെ സ്ഥാപനങ്ങൾക്ക് മോദി ഗവൺമെന്റ് ലഭ്യമാക്കും. 10,000 ഹൈ-എൻഡ് GPU അധിഷ്ഠിത കമ്പ്യൂട്ട് സൗകര്യങ്ങൾ ഇതിനോടകം ലഭ്യമായിട്ടുണ്ട്. 18,693 GPU വിതരണം ചെയ്യുന്നതിനായി 10 കമ്പനികളെ ഗവൺമെന്റ് തിരഞ്ഞെടുത്തിട്ടുമുണ്ട്.
കൂടാതെ, അടുത്ത മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ സ്വന്തമായി ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റ് (GPU) വികസിപ്പിക്കും.അടുത്ത 10 മാസത്തിനുള്ളിൽ ഒരു തദ്ദേശീയ ഫൗണ്ടേഷണൽ AI പ്ലാറ്റ്‌ഫോമും പ്രതീക്ഷിക്കാം.
സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും കമ്പ്യൂട്ടിംഗ് പവർ പ്രയോജനപ്പെടുത്താൻ കഴിയുന്ന പൊതു കമ്പ്യൂട്ട് സൗകര്യം ഗവൺമെന്റ് ഉടൻ ആരംഭിക്കും. GPU ഉപയോഗത്തിനായി ആഗോളതലത്തിൽ മണിക്കൂറിന് ഏകദേശം $2.5-$3 ചെലവ് വരുമ്പോൾ, മോദി ഗവൺമെന്റ് മണിക്കൂറിന് $1 നിരക്കിൽ ഇത് വാഗ്ദാനം ചെയ്യും . ഗവേഷകർ, നവസംരംഭകർ, അക്കാദമിക വിദഗ്‌ദ്ധർ , കോളേജുകൾ, ഐഐടികൾ തുടങ്ങി എല്ലാവർക്കും ഈ കമ്പ്യൂട്ട് പവർ പ്രയോജനപ്പെടുത്താൻ കഴിയും. അവർക്ക് സ്വന്തമായി ഫൗണ്ടേഷണൽ മോഡലുകൾ ആരംഭിക്കാനും സാധിക്കും.
ഇന്ത്യ AI ഡാറ്റാസെറ്റ് പ്ലാറ്റ്‌ഫോം: ഓപ്പൺ ഡാറ്റ ഉപയോഗിച്ച് AI വികസനം
AI ഗവേഷണത്തെയും നവീകരണത്തെയും മുന്നോട്ട് നയിക്കുന്ന ഇന്ധനമാണ് ഡാറ്റ. സമ്പന്നവും വൈവിധ്യപൂർണ്ണവും വിപുലവുമായ ഡാറ്റാസെറ്റുകൾ ഇല്ലെങ്കിൽ, അതീവ വൈദഗ്ധ്യമുള്ള ഡാറ്റാ ശാസ്ത്രജ്ഞരും ഡെവലപ്പർമാരും പോലും പരിമിതികൾ നേരിടും. ഇത് തിരിച്ചറിഞ്ഞുകൊണ്ട്, വിശാലമായ ഗവേഷണ സമൂഹത്തിന് ഓപ്പൺ ഡാറ്റാസെറ്റുകൾ ലഭ്യമാക്കുന്നതിനായിമോദി ഗവൺമെന്റ് സജീവമായി ഇടപെടുന്നു.
ഇന്ത്യാ AI ഡാറ്റാസെറ്റ് പ്ലാറ്റ്‌ഫോമിലൂടെ ഗവൺമെന്റ് ലക്ഷ്യമിടുന്നത് ഉന്നത നിലവാരമുള്ളതും വ്യക്തിയധിഷ്ഠിതമല്ലാത്തതുമായ ഡാറ്റാസെറ്റുകളിലേക്കുള്ള പ്രവേശനം സുഗമമാക്കുക, ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും തടസ്സരഹിത പ്രവേശനം സാധ്യമാക്കുന്ന ഒരു ഏകീകൃത ഡാറ്റാ പ്ലാറ്റ്‌ഫോം സൃഷ്ടിക്കുക, AI അധിഷ്ഠിത നവീകരണം ത്വരിതപ്പെടുത്തുക എന്നിവയാണ്. ഈ മേഖലയിലെ നൂതന സംരംഭങ്ങളെ മുന്നോട്ട് നയിക്കുകയും AI ആപ്ലിക്കേഷനുകളുടെ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഉറവിടം വെളിപ്പെടുത്താത്ത വലിയ ഡാറ്റ ശേഖരം ഈ AI ഡാറ്റാസെറ്റ് പ്ലാറ്റ്‌ഫോമിലുണ്ടാകും.
AI മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു
ന്യൂഡൽഹിയിൽ ആരോഗ്യ സംരക്ഷണം, കൃഷി, സുസ്ഥിര നഗരവികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മൂന്ന് AI മികവിന്റെ കേന്ദ്രങ്ങൾ (CoE) സ്ഥാപിക്കുമെന്ന് 2023-ൽ മോദി ഗവൺമെന്റ്
പ്രഖ്യാപിച്ചിരുന്നു. 2025 ലെ ബജറ്റിൽ 500 കോടി രൂപ ചെലവിൽ AI വിദ്യാഭ്യാസത്തിനായി ഒരു പുതിയ മികവിന്റെ കേന്ദ്രം കൂടി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസമേഖലയിൽ ഇത്തരത്തിലുള്ള നാലാമത്തെ AI- മികവിന്റെ കേന്ദ്രമാണിത്.
വ്യവസായ-കേന്ദ്രീകൃത വൈദഗ്ധ്യമുള്ള യുവാക്കളെ സജ്ജരാക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന നൈപുണ്യ മികവിന്റെ 5 ദേശീയ കേന്ദ്രങ്ങൾക്കായുള്ള പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചു. മേക്ക് ഫോർ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ് സംരംഭത്തെ പിന്തുണയ്‌ക്കും വിധം ആഗോള പങ്കാളിത്തത്തോടെയാണ് ഈ കേന്ദ്രങ്ങൾ സ്ഥാപിക്കുക.
ഇന്ത്യയുടെ ഫൗണ്ടേഷണൽ ലാർജ് ലാംഗ്വേജ് മോഡലുകൾ
ഇന്ത്യ ശക്തമായ ഒരു AI ആവാസവ്യവസ്ഥ വികസിപ്പിക്കുക മാത്രമല്ല, ഫൗണ്ടേഷണൽ AI മോഡലുകൾ സൃഷ്ടിക്കുന്നതിൽ ഇതിനോടകം ഗണ്യമായ മുന്നേറ്റം നടത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ AI മുന്നേറ്റം തദ്ദേശീയമാണെന്ന് ഗവൺമെന്റ് ഉറപ്പാക്കിയിട്ടുണ്ട്. LLM-കളും SLM-കളും ഉൾപ്പെടെയുള്ള തദ്ദേശീയ ഫൗണ്ടേഷണൽ AI മോഡലുകൾ വികസിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന സംരംഭത്തിന് ഇന്ത്യ AI ദൗത്യം രൂപം നൽകിയിട്ടുണ്ട്.
ഭാഷാ വിവർത്തന പ്ലാറ്റ്‌ഫോമായ ഡിജിറ്റൽ ഇന്ത്യ ഭാഷിണി ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നാണ്. ഇത് ശബ്ദാധിഷ്ഠിത പ്രവേശനം ഉൾപ്പെടെ ഇന്ത്യൻ ഭാഷകളിൽ ഇന്റർനെറ്റിലേക്കും ഡിജിറ്റൽ സേവനങ്ങളിലേക്കും എളുപ്പത്തിൽ പ്രവേശനം സാധ്യമാക്കാനും ഇന്ത്യൻ ഭാഷകളിൽ ഉള്ളടക്കം സൃഷ്ടിക്കുന്നതിനും സഹായിക്കുന്നു.
ആഗോളതലത്തിൽ ഗവൺമെന്റ് ധനസഹായത്തോടെ പ്രവർത്തിക്കുന്ന ആദ്യ മൾട്ടിമോഡൽ LLM സംരംഭമാണ് ഭാരത്ജെൻ (BharatGen). 2024 ൽ ഡൽഹിയിൽ തുടക്കം കുറിച്ച ഒരു ജനറേറ്റീവ് AI സംരംഭമാണ് ഇന്ത്യയുടെ ഭാരത്ജെൻ. ഭാഷ, ഭാഷണം, കമ്പ്യൂട്ടർ വിഷൻ എന്നിവയിൽ ഫൗണ്ടേഷണൽ മോഡലുകളുടെ ഒരു സ്യൂട്ട് വികസിപ്പിച്ചുകൊണ്ട് പൊതു സേവന വിതരണത്തിൽ വിപ്ലവം സൃഷ്ടിക്കുന്നതിനും പൗരന്മാരുടെ ആഭിമുഖ്യം വർദ്ധിപ്പിക്കുന്നതിനുമായാണ് ഈ സംരംഭം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ അക്കാദമിക സ്ഥാപനങ്ങളിലെ മികച്ച AI ഗവേഷകരുടെ ഒരു കൺസോർഷ്യം ആണ് ഭാരത്ജെൻ സജ്ജമാക്കിയത്.
സർവ്വം-1 AI മോഡൽ, AI ഭൂമികയിലെ നിർണായക പരിമിതികൾ പരിഹരിച്ച്, ഈ നൂതനമായ ലാർജ് ലാംഗ്വേജ് മോഡലിനെ ഇന്ത്യൻ ഭാഷകൾക്കുതകും വിധം മെച്ചപ്പെടുത്തുകയും സജ്ജമാക്കുകയും ചെയ്തിരിക്കുന്നു. 2 ബില്യൺ പാരാമീറ്ററുകൾ ഉപയോഗിച്ചിരിക്കുന്ന സർവ്വം-1, പത്ത് പ്രധാന ഇന്ത്യൻ ഭാഷകളെ പിന്തുണയ്‌ക്കുന്നു. ഭാഷാ വിവർത്തനം, വാചക സംഗ്രഹം, ഉള്ളടക്ക നിർമ്മാണം തുടങ്ങി വിവിധ ആപ്ലിക്കേഷനുകളിൽ വിപ്ലവം സൃഷ്ടിക്കാനുള്ള ശേഷി പ്രകടമാക്കുന്നു.
AI4Bhārat വികസിപ്പിച്ചെടുത്ത ഒരു ഓപ്പൺ സോഴ്‌സ് വീഡിയോ ട്രാൻസ്‌ക്രിപ്‌റ്റ്‌സ് ആണ് ചിത്രലേഖ. നൂതന AI മോഡലുകൾ ഉപയോഗിച്ച്, വിവിധ ഇന്ത്യൻ ഭാഷകളിൽ ഓഡിയോ ട്രാൻസ്‌ക്രിപ്റ്റുകൾ എളുപ്പത്തിൽ സൃഷ്ടിക്കാനും എഡിറ്റ് ചെയ്യാനും ചിത്രലേഖ ഉപയോക്താക്കളെ സഹായിക്കുന്നു. പ്ലാറ്റ്‌ഫോമിന്റെ ഓപ്പൺ സോഴ്‌സ് സ്വഭാവം സാമൂഹിക സംഭാവനകളെ പ്രോത്സാഹിപ്പിക്കുകയും AI- അധിഷ്ഠിത വീഡിയോ പ്രോസസ്സിംഗിൽ നവീകരണം കൊണ്ടുവരികയും ചെയ്യുന്നു.
ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക് എന്നിവയുൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വൈവിധ്യമാർന്ന ബഹുഭാഷാ AI സംവിധാനമായ എവറസ്റ്റ് 1.0, SML’s ഹനൂമാൻ പുറത്തിറക്കി. നിലവിൽ 35 ഭാഷകളെ ഈ സംവിധാനം പിന്തുണയ്‌ക്കുന്നു. ഭാഷാ ശേഷി താമസിയാതെ 90 ആയി വികസിപ്പിക്കാൻ ഒരുങ്ങുന്നു.
ആഗോളതലത്തിൽ AI പ്രതിഭയിലും നൈപുണ്യവികസനത്തിലും ഇന്ത്യ മുന്നിൽ
AI വിദ്യാഭ്യാസ സൗകര്യങ്ങളും AI പ്രതിഭകളെ സജ്ജമാക്കലും
ഇന്ത്യ AI ഫ്യൂച്ചർ സ്കിൽസ് സംരംഭത്തിന് കീഴിൽ, ബിരുദ, ബിരുദാനന്തര, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് AI കോഴ്സുകൾ വ്യാപിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. കൂടാതെ, NIRF റാങ്കിങ്ങുള്ള മികച്ച 50 ഗവേഷണ സ്ഥാപനങ്ങളിൽ AI-യെക്കുറിച്ച് ഗവേഷണം നടത്തുന്ന മുഴുവൻ സമയ പിഎച്ച്ഡി ഗവേഷകർക്ക് ഫെലോഷിപ്പുകൾ നൽകി വരുന്നു.
AI വിദ്യാഭ്യാസ സൗകര്യങ്ങളിലേക്കുള്ള സാർവത്രിക പ്രവേശനം ഉറപ്പാക്കാൻ, രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിൽ ഗവൺമെന്റ് ഡാറ്റ, AI ലാബുകൾ സ്ഥാപിക്കുന്നു. ഈ ലാബുകൾ വിശാലമായ ജനസമൂഹങ്ങൾക്ക് അടിസ്ഥാന AI കോഴ്‌സുകൾ ലഭ്യമാക്കും. ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ (NIELIT) ഒരു മോഡൽ ‘ഇന്ത്യ AI ഡാറ്റ ലാബ്’ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്.
ആഗോള AI നൈപുണ്യ വികസനത്തിൽ ഇന്ത്യ ഒന്നാമത്
സ്റ്റാൻഫോർഡ് AI സൂചിക 2024 പ്രകാരം, AI നൈപുണ്യ വികസനത്തിൽ ഇന്ത്യ ആഗോളതലത്തിൽ മുന്നിലാണ്. 2.8 സ്കോറുമായി ഇന്ത്യ AI നൈപുണ്യ വികസനത്തിൽ ആഗോളതലത്തിൽ യുഎസിനെയും (2.2), ജർമ്മനിയെയും (1.9) മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്തു നിൽക്കുന്നു. 2016 മുതലുള്ള കാലയളവിൽ AI പ്രതിഭാ വികസനത്തിൽ രാജ്യം ശ്രദ്ധേയമായ 263% വളർച്ചയ്‌ക്ക് സാക്ഷ്യം വഹിച്ചു. AI-യിലെ ഒരു സുപ്രധാന ആഗോള ശക്തിയായി ഇന്ത്യ ഇടം പിടിച്ചു.
വനിതകൾക്കായുള്ള AI നൈപുണ്യ വികസനത്തിൽ 1.7 എന്ന നിരക്കോടെ ഇന്ത്യ മുന്നിലാണ്, യുഎസും (1.2) ഇസ്രായേലും (0.9) തൊട്ടുപിന്നിലുണ്ട്. AI നൈപുണ്യ വികസനത്തിലെ ലിംഗ അസമത്വം ഇല്ലാതാക്കാനുള്ള ഇന്ത്യയുടെ തുടർച്ചയായ ശ്രമങ്ങളെയാണ് ഈ നേട്ടം സൂചിപ്പിക്കുന്നത്.
AI നൂതനാശയങ്ങളിൽ വളരുന്ന സ്വാധീനം
നൂതനാശയങ്ങളുടെയും സാങ്കേതികവിദ്യയുടെയും കാര്യത്തിൽ, ഇന്ത്യൻ യുവാക്കളാണ് ഏറ്റവും മുന്നിൽ നിൽക്കുന്നത്. ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന ഡെവലപ്പർ സമൂഹമുള്ള രാജ്യമായി ഇന്ത്യ ഉയർന്നുവന്നിട്ടുണ്ട്. GitHub-ലെ പബ്ലിക് ജനറേറ്റീവ് AI പദ്ധതികളിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ലോകത്തിലെ AI പ്രതിഭകളിൽ 16% പേരെ ഉൾക്കൊള്ളുന്ന ഇന്ത്യ, AI നൈപുണ്യത്തിന്റെ അതിവേഗ സംഗ്രഹം പ്രകടമാക്കിക്കൊണ്ട്, AI-നൂതനാശയങ്ങളുടെ കേന്ദ്രമായി സ്വയം നിലകൊള്ളുന്നു.
അതിവേഗം വളരുന്ന അഞ്ച് AI ടാലന്റ് ഹബ്ബുകളിൽ ഇന്ത്യ സ്ഥാനം പിടിച്ചു
2025 ആകുമ്പോഴേക്കും ഇന്ത്യയുടെ AI വ്യവസായം 28.8 ബില്യൺ യുഎസ് ഡോളറിലെത്തുമെന്നും 45% വാർഷിക വളർച്ചാ നിരക്കുണ്ടാകുമെന്നും വീബോക്‌സിന്റെ “ഇന്ത്യ സ്‌കിൽസ് റിപ്പോർട്ട് 2024” പ്രവചിക്കുന്നു. 2016 മുതൽ 2023 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ AI- നൈപുണ്യ തൊഴിൽ ശക്തി 14 മടങ്ങ് വർദ്ധനവ് കൈവരിച്ചു. സിംഗപ്പൂർ, ഫിൻലാൻഡ്, അയർലൻഡ്, കാനഡ എന്നിവയ്‌ക്കൊപ്പം അതിവേഗം വളരുന്ന അഞ്ച് AI ടാലന്റ് ഹബ്ബുകളിൽ ഇന്ത്യയും സ്ഥാനം പിടിച്ചു. 2026 ആകുമ്പോഴേക്കും ഇന്ത്യയിലെ AI പ്രൊഫഷണലുകൾക്കുള്ള ആവശ്യകത ഏകദേശം ഒരു ദശലക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യയുടെ GenAI ആവാസവ്യവസ്ഥ ശ്രദ്ധേയമായ വളർച്ച കൈവരിച്ചു
2024 നവംബറിലെ നാസ്കോം റിപ്പോർട്ട് പ്രകാരം, ആഗോള മാന്ദ്യത്തിനിടയിലും ഇന്ത്യയുടെ ജനറേറ്റീവ് AI ആവാസവ്യവസ്ഥ ശ്രദ്ധേയമായി വളർച്ച കൈവരിച്ചു. 2025 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഏകദേശം 51 മില്യൺ യുഎസ് ഡോളറായിരുന്ന ഇന്ത്യയുടെ GenAI സ്റ്റാർട്ടപ്പ് ഫണ്ടിംഗ്, B2B, agentic AI സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ അതെ പാദത്തിൽ 6 മടങ്ങ് വർദ്ധനവ് കൈവരിച്ചുവെന്ന് റിപ്പോർട്ട് പറയുന്നു. പരീക്ഷണാത്മക ഉപയോഗത്തിൽ നിന്ന് വിപുലീകൃതവും ഉത്പാദന സജ്ജവുമായ പരിഹാരങ്ങളിലേക്കുള്ള ഇന്ത്യൻ GenAI ആവാസവ്യവസ്ഥയുടെ പരിണാമം പൂർണ്ണതയിലേക്കുള്ള പ്രയാണത്തെ പ്രതിഫലിക്കുന്നു.
AI അനുവർത്തനത്തിൽ ഇന്ത്യ മുന്നിൽ
BCG സമാഹരിച്ച ഒരു സമീപകാല റിപ്പോർട്ട് പ്രകാരം, AI അനുവർത്തനത്തിൽ ഇന്ത്യ മുന്നിലാണ്. 80% കമ്പനികളും നിർമ്മിതബുദ്ധിയെ തന്ത്രപരമായ പ്രധാന മുൻഗണനയായി തിരിച്ചറിയുന്നു. ഇത് ആഗോള ശരാശരിയായ 75 ശതമാനത്തിലും കൂടുതലാണ്. 2025ൽ 69% ഇന്ത്യൻ കമ്പനികളും സാങ്കേതിക നിക്ഷേപം വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും ഈ കമ്പനികളിൽ മൂന്നിലൊന്നും AI സംരംഭങ്ങൾക്കായി 25 മില്യൺ ഡോളറിലധികം നീക്കിവയ്‌ക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സമഗ്രമായ ഡിജിറ്റൽ പരിവർത്തന അജണ്ടയിലേക്കുള്ള രാജ്യത്തിന്റെ മുന്നേറ്റത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
റാൻഡ്‌സ്റ്റാഡ് AI & ഇക്വിറ്റി റിപ്പോർട്ട് 2024 പ്രകാരം, ഇന്ത്യയിലെ തൊഴിലിടങ്ങളിൽ AI അതിവേഗം ചുവടുറപ്പിക്കുകയാണ്. 2024 ൽ 10 ജീവനക്കാരിൽ 7 പേർ ഏതെങ്കിലും തരത്തിലുള്ള AI ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി. ഒരു വർഷം മുമ്പ് വരെ ഇത് 10 ൽ 5 ആയിരുന്നു.
ഇന്ത്യൻ AI യുടെ വളർച്ചയിലെ നൈരന്തര്യം
ഓട്ടോണമസ് AI ഏജന്റ്സ് പോലുള്ള AI-അധിഷ്ഠിത സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ, ചെറുകിട, ഇടത്തരം ബിസിനസുകൾ (SMB-കൾ) കാര്യക്ഷമമായ വ്യക്തിഗത ഉപഭോക്തൃ അനുഭവങ്ങൾ നൽകുകയും ഓഫീസ് പ്രവർത്തനങ്ങൾ പരമാവധി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ‘സെയിൽസ്ഫോഴ്‌സിന്റെ’ റിപ്പോർട്ട് അനുസരിച്ച്, AI ഉപയോഗിക്കുന്ന ഇന്ത്യയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം ബിസിനസുകളിൽ (SMB) 78% വും വരുമാന വളർച്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സർവേയിൽ പങ്കെടുത്ത ഇന്ത്യൻ SMB-കളിൽ 93 ശതമാനവും വരുമാനം വർദ്ധിപ്പിക്കാൻ AI സഹായകമായതായി വെളിപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെ AI വിപണി വളർച്ച
BCG-NASSCOM റിപ്പോർട്ട് 2024 വ്യക്തമാക്കിയത് പോലെ, ഇന്ത്യയിലെ AI വിപണി അതിവേഗ വളർച്ചയുടെ പാതയിലാണ്. നവീകരണത്തിനും തൊഴിൽ സൃഷ്ടിയ്‌ക്കും ഊന്നൽ നൽകിക്കൊണ്ട് AI വിപണി 25-35% CAGR-വളർച്ച രേഖപ്പെടുത്തുന്നു. പതിവ് ജോലികൾ AI ഓട്ടോമേറ്റ് ചെയ്യുമ്പോൾ ഡാറ്റാ സയൻസ്, മെഷീൻ ലേണിംഗ്, AI-അധിഷ്ഠിത ആപ്ലിക്കേഷനുകൾ എന്നിവയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു.
ആക്സിലറേറ്ററുകളുടെ വളരുന്ന ശൃംഖല
520-ലധികം ടെക് ഇൻകുബേറ്ററുകളുടെയും ആക്സിലറേറ്ററുകളുടെയും കേന്ദ്രമാണ് ഇന്ത്യ. എണ്ണത്തിൽ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ആക്റ്റീവ് പ്രോഗ്രാമുകളാണ് ഇന്ത്യയ്‌ക്കുള്ളത്. 42% പ്രോഗ്രാമുകളും കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സജ്ജീകരിച്ചവയാണ്.
T-Hub MATH പോലുള്ള ആക്സിലറേറ്ററുകൾ AI സ്റ്റാർട്ടപ്പുകൾക്ക് ഉത്പന്ന വികസനം, ബിസിനസ് തന്ത്രം, ബിസിനസ് വളർച്ച എന്നിവയിൽ നിർണായക മാർഗ്ഗനിർദ്ദേശം നൽകുന്നു. 2024 ന്റെ ആദ്യ മാസങ്ങളിൽ, MATH ന് കീഴിൽ 60-ലധികം സ്റ്റാർട്ടപ്പുകൾ ഉണ്ടായിരുന്നു. അവയിൽ അഞ്ചെണ്ണം ഫണ്ടിംഗിനുള്ള ചർച്ചയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: