തിരുവനന്തപുരം: ദേശാനുകൂലികള് ഉറക്കെ സംസാരിക്കാത്തതിനാലാണ് ദേശവിരുദ്ധശബ്ദം ഉയര്ന്നുകേള്ക്കുന്നതെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. ഹിന്ദുത്വത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ച് പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ തയ്യാറാകാത്തതു കൊണ്ടാണ് സനാതനധര്‍മ്മത്തിനെതിരെ സംസാരിക്കാന്‍ ഹിന്ദുവിരുദ്ധര്‍ക്ക് തന്റേടം ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീപദ്മനാഭസേവാസമിതി സംഘടിപ്പിച്ച ജെ. ശിശുപാലന് അനുസ്മരണവും പ്രഥമ പദ്മകീര്ത്തി പുരസ്കാരദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു നന്ദകുമാര്‍.
ആത്മബോധത്തെ ശക്തിപ്പെടുത്താനുപകരിക്കുന്ന പഠന ഗവേഷണങ്ങള്‍ ആഴത്തില്‍ നടക്കേണ്ട സമയമാണിത്. ഹിന്ദുത്വത്തിന്റെ വക്താക്കളായിട്ടുള്ളവര് കുറച്ച് കൂടി ഉച്ചത്തില്‍ സംസാരിക്കേണ്ട സാഹചര്യമാണിത്. ഹിന്ദുത്വത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ച് അതുമായി താദാത്മ്യം പ്രാപിച്ച ആളായിരുന്നു ജെ. ശിശുപാലന്. ഹിന്ദുത്വം എന്ന ആശയത്തിനുവേണ്ടി അദ്ദേഹം സ്വയം സമര്‍പ്പിച്ചു. കാരിരുമ്പു പോലുള്ള കരുത്തുറ്റ മനസായിരുന്നു അദ്ദേഹത്തിന്റെ കൈമുതലെന്നും ജെ. നന്ദകുമാര്‍ പറഞ്ഞു.
ആര്.എസ്.എസ് ദക്ഷിണകേരള പ്രാന്ത സംഘം ചാലക് പ്രൊഫ. എം.എസ്. രമേശ് (ശ്രീപദ്മനാഭസേവാസമിതി പ്രസിഡന്റ്) അധ്യക്ഷത വഹിച്ചു. കേരള ടെക്നിക്കല്‍ യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ. ശിവപ്രസാദ്, ആര്.എസ്.എസ് വിഭാഗ് സംഘം ചാലക് പി. ഗിരീഷ് എന്നിവര്‍ സംസാരിച്ചു.
പ്രഥമ പദ്മകീര്ത്തി പുരസ്കാരം പാലക്കാട് അട്ടപ്പാടി ശ്രീവിവേകാനന്ദ മെഡിക്കല്‍ മിഷന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. നാരായണന് സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: