Entertainment

പുലിമുരുകന് വേണ്ടിയെടുത്ത ലോൺ ഇതുവരെ അടച്ച് തീർന്നിട്ടില്ല’, വെളിപ്പെടുത്തൽ, അന്തംവിട്ട് മോഹൻലാൽ ഫാൻസ്

Published by

മോഹന്‍ലാലിന്റെ ഏറ്റവും വലിയ തിയറ്റര്‍ ഹിറ്റുകളിലൊന്നാണ് പുലിമുരുകന്‍. മലയാളത്തിലെ ആദ്യത്തെ നൂറ് കോടി ചിത്രം എന്ന അവകാശവാദവും പുലിമുരുകനുണ്ട്. എന്നാല്‍ ശരിക്കും നൂറ് കോടി ക്ലബ്ബില്‍ കയറിയിരുന്നോ പുലിമുരുകന്‍ എന്നുളള സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.

 

പുലിമുരുകന്‍ നിര്‍മ്മാണത്തിന് ഫൈനാന്‍സ് ചെയ്ത ടോമിന്‍ തച്ചങ്കരിയുടെ വെളിപ്പെടുത്തലാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. പുലിമുരുകന് വേണ്ടി നിര്‍മ്മാതാവ് എടുത്ത ലോണ്‍ ഇതുവരെ അടച്ച് തീര്‍ന്നിട്ടില്ല എന്ന് ജനം ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ തച്ചങ്കരി പറഞ്ഞു.

 

സിനിമകളുടെ കളക്ഷന്‍ സംബന്ധിച്ച് കണക്ക് നിരത്തുന്നത് ആരാണോ, അവരുടെ ലാഭനഷ്ടങ്ങള്‍ക്ക് അനുസരിച്ച് കണക്ക് മാറ്റിക്കാണിക്കുമെന്ന് ടോമിന്‍ തച്ചങ്കരി പറയുന്നു. പുലിമുരുകന്‍ താന്‍ ഫൈനാന്‍സ് ചെയ്ത പടമാണ്. അത് എത്ര വലിയ ഹിറ്റ് ആണെന്നാണ് എല്ലാവരും പറഞ്ഞത്. അതിന് കെഎഫ്‌സിയില്‍ നിന്നെടുത്ത ലോണ്‍ ഇതുവരെ അടച്ചിട്ടില്ല.

 

ഇത് നിര്‍മ്മാതാവിനോട് ചോദിച്ചപ്പോഴാണ് അദ്ദേഹം പറയുന്നത്, കാര്യങ്ങള്‍ എല്ലാവരും പറയുന്നത് പോലെ അല്ല എന്ന്. അദ്ദേഹത്തെ തനിക്ക് വ്യക്തിപരമായി അറിയുന്ന ആളാണ്. പുള്ളിയുടെ കാര്യം വലിയ ബുദ്ധിമുട്ടിലാണ്. അദ്ദേഹം ആ സമയത്ത് പ്രൊജക്ട് ചെയ്ത ഒരു ചിത്രമുണ്ട്. സിനിമ വലിയ ലാഭമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ കയ്യില്‍ നിന്ന് കടം വാങ്ങിയിട്ട് കാണിക്കുന്ന കണക്ക് വ്യത്യസ്തമാണ്, ടോമിന്‍ തച്ചങ്കരി പറഞ്ഞു.

 

അതേസമയം ടോമിന്‍ തച്ചങ്കരിയെ തള്ളി പുലിമുരുകന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം രംഗത്ത് വന്നിട്ടുണ്ട്. പുലിമുരുകന്‍ ലാഭമായിരുന്നുവെന്നും സിനിമയ്‌ക്ക് വേണ്ടി എടുത്ത ലോണ്‍ 2019ല്‍ അടച്ച് തീര്‍ത്തിട്ടുണ്ടെന്നും  അഭിമുഖത്തില്‍ ടോമിച്ചന്‍ മുളകുപാടം പറഞ്ഞു. പുലിമുരുകന്‍ നേടിയ 100 കോടി എന്നത് നികുതിയും തിയറ്റര്‍ ഓഹരിയും അടക്കമുളള മൊത്തം ബിസിനസ്സ് ആണ്. അതില്‍ ഓവര്‍സീസ് കളക്ഷനോ ഓടിടിയോ ഇല്ലെന്നും കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഉളള കളക്ഷന്‍ മാത്രമാണെന്നും ടോമിച്ചന്‍ മുളകുപാടം പറഞ്ഞു.

 

പുലിമുരുകന് ആദ്യം ബജറ്റ് പറഞ്ഞിരുന്നത് 20 കോടി രൂപയായിരുന്നു. എന്നാല്‍ ബജറ്റ് ഇരട്ടിയായി. നൂറ് ദിവസം പ്ലാന്‍ ചെയ്ത സിനിമ 210 ദിവസമെടുത്താണ് പൂര്‍ത്തിയാക്കിയത്. അതോടെയാണ് ബജറ്റ് ഇരട്ടിച്ചത്. കെഎഫ്‌സിയില്‍ നിന്ന് 2 കോടി അടക്കം പല സ്ഥലത്ത് നിന്നായി പണമെടുത്താണ് പുലിമുരുകന്‍ പൂര്‍ത്തിയാക്കിയത്. താന്‍ ലോണെടുക്കുന്ന സമയത്ത് ടോമിന്‍ തച്ചങ്കരി കെഎഫ്‌സിയുടെ തലപ്പത്ത് വന്നിട്ടില്ല. ഒരു പൈസ പോലും അടച്ച് തീര്‍ക്കാന്‍ ബാക്കിയില്ല. 3 കോടി നികുതി അടച്ചിട്ടുണ്ട്. ലാഭം ഇല്ലെങ്കില്‍ നികുതി അടയ്‌ക്കേണ്ട ആവശ്യം ഇല്ലല്ലോ എന്നും ടോമിച്ചന്‍ മുളകുപാടം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക