ലുധിയാന: പഞ്ചാബിൽ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ ആം ആദ്മി നേതാവ് അനോഖ് മിത്തൽ, കാമുകി മറ്റ് നാല് പേരെയടക്കം പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 15 നാണ് മിത്തലിന്റെ ഭാര്യ മാൻവിയെ കൊലപ്പെടുത്തിയത്. ഫെബ്രുവരി 15 ന് ലുധിയാനയിലെ ഒരു ഗ്രാമത്തിന് സമീപം അനോഖ് മിത്തലിന്റെ ഭാര്യ ലിപ്‌സി മിത്തൽ എന്ന മാൻവിയെ (33) വാടക കൊലയാളികൾ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ലുധിയാന-മലേർകോട്‌ല റൂട്ടിലെ ഒരു ഹോട്ടലിൽ നിന്ന് അത്താഴത്തിന് ശേഷം വീട്ടിലേക്ക് പോകുകയായിരുന്നു ദമ്പതികൾ എന്ന് അധികൃതർ പറഞ്ഞു. ആദ്യം കവർച്ചക്കാർ തങ്ങളെ തടഞ്ഞുനിർത്തി മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിച്ച് ആക്രമിച്ച് കാർ തട്ടിക്കൊണ്ടുപോയതായി അനോഖ് പോലീസിനെ അറിയിച്ചിരുന്നു.
പോലീസ് കമ്മീഷണർ കുൽദീപ് സിംഗ് ചാഹൽ പറയുന്നത് അനുസരിച്ച് കൊലപാതകത്തിലെ പ്രധാന ഗൂഢാലോചനക്കാരൻ ഇരയുടെ ഭർത്താവാണെന്നാണ്. അന്വേഷണത്തിൽ ബിസിനസുകാരനായ അനോഖ് മിത്തൽ (35) തന്റെ കാമുകി പ്രതീക എന്ന 24 കാരിയുമായി ചേർന്ന് ഭാര്യ ലിപ്‌സിയെ (മാൻവി) കൊലപ്പെടുത്താൻ കരാർ കൊലയാളികളെ നിയമിക്കാൻ ഗൂഢാലോചന നടത്തിയതായി കണ്ടെത്തി.
അമൃത്പാൽ സിംഗ് എന്ന ബല്ലി (26), ഗുർദീപ് സിംഗ് എന്ന മന്നി (25), സോനു സിംഗ് (24), സാഗർദീപ് സിംഗ് എന്ന തേജി (30) എന്നിവരെയും ദമ്പതികൾക്കൊപ്പം പിടികൂടിയിട്ടുണ്ട്. മിത്തൽ വാടകയ്‌ക്കെടുത്ത അഞ്ച് അക്രമികൾ ഡെഹ്‌ലോൺ റോഡിൽ ദമ്പതികളുടെ വാഹനം തടഞ്ഞുനിർത്തി വാളുകളും മറ്റ് മൂർച്ചയുള്ള വസ്തുക്കളും ഉപയോഗിച്ച് മാൻവിയെ ആക്രമിച്ചു.
കുറ്റകൃത്യം ഒരു കവർച്ചയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയും ചെയ്തു. മിത്തലിന്റെ റിറ്റ്‌സ് കാറും ആഭരണങ്ങളും അവർ എടുത്തുകൊണ്ടുപോകുകയും ചെയ്തു. മിത്തൽ 2.50 ലക്ഷം രൂപ വാടക കൊലയാളികൾക്ക് വാഗ്ദാനം നൽകിയിരുന്നുവെന്നും അതിൽ 50,000 രൂപ മുൻകൂർ നൽകിയതായും ബാക്കി തുക കൊലപാതകത്തിന് ശേഷം നൽകുമെന്നും വാക്ക് നൽകിയിരുന്നു.
അന്വേഷണത്തിൽ പ്രതികളിൽ നിന്ന് ഒരു ബ്ലേഡും കുറ്റകൃത്യത്തിന് ഉപയോഗിച്ച കാറുകളായ റിറ്റ്‌സ്, സ്വിഫ്റ്റ്, ഐ-20 എന്നിവയും പോലീസ് പിടിച്ചെടുത്തു. ഡെഹ്‌ലോൺ പോലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: