Kerala

മൈലത്തെ സിപിഎം അക്രമം; ഒരു സ്ത്രീ അറസ്റ്റില്‍, രണ്ടു പ്രതികള്‍ കോട്ടയത്തേക്ക് കടന്നതായി വിവരം

Published by

കൊട്ടാരക്കര: മൈലം വെള്ളാരംകുന്നില്‍ മാരിയമ്മന്‍ ദേവി ക്ഷേത്രത്തില്‍ പൊങ്കാല കഴിഞ്ഞുമടങ്ങിയ ആര്‍എസ്എസ് ശാഖ കാര്യവാഹ് അരുണിനെയും കുടുംബത്തെയും വധിക്കാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകരില്‍ ഒരു സ്ത്രീ അറസ്റ്റില്‍.

വെള്ളാരംകുന്ന് മല്ലിക ഭവനില്‍ മല്ലിക (60) യെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. സിപിഎം പ്രവര്‍ത്തകരായ കരുമാടി വിഷ്ണുവും, വിജേഷും അരുണിനെ വെട്ടിവീഴ്‌ത്തിയ സമയത്തു കൂടെയുണ്ടായിരുന്ന മല്ലിക, അരുണിന്റെ അമ്മ ലത, ഭാര്യ അമൃത എന്നിവരെ തുണിയില്‍ മെറ്റല്‍ നിറച്ചു മര്‍ദിക്കുകയും പൊങ്കാല കലവും പായസവും തട്ടിക്കളയുകയും ചെയ്തു.

ഒന്നും രണ്ടും പ്രതികളായ കരുമാടി വിഷ്ണു, വിജേഷ് എന്നിവര്‍ കോട്ടയം ഭാഗത്തേക്ക് കടന്നതായാണ് വിവരം. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ അക്രമ ശേഷം വിഷ്ണുവും കുടുംബവും കോട്ടയം കിടങ്ങൂര്‍ വാടകയ്‌ക്ക് താമസിച്ച ശേഷം പൊങ്കാലയുടെ അടുത്ത ദിവസങ്ങളില്‍ വെള്ളാരംകുന്നിലേക്ക് വരുകയായിരുന്നു. സ്ഥലത്തെ സിപിഎം പ്രാദേശിക നേതാവിന്റെ ഗൂഢാലോചന അക്രമത്തില്‍ ഉണ്ടെന്നാണ് ആരോപണം.

ക്ഷേത്രത്തിലെ ആചാരങ്ങള്‍ തകര്‍ക്കുകയാണ് സിപിഎം ലക്ഷ്യമിടുന്നതെന്ന് ഭക്തജനങ്ങള്‍ പറഞ്ഞു. നിലവില്‍ വാടകയ്‌ക്ക് താമസിക്കുന്ന കോട്ടയത്ത് ഒരു സ്ത്രീയെ തൊഴിച്ചുവീഴ്‌ത്തിയ സംഭവത്തില്‍ പ്രതികളാണ് അക്രമികള്‍. വെള്ളാരംകുന്നില്‍ അരുണിനെയും കുടുംബത്തെയും നാലാം തവണയാണ് കരുമാടി വിഷ്ണു ആക്രമിക്കുന്നത്. അറസ്റ്റ് ചെയ്ത മല്ലികയെ റിമാന്‍ഡ് ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by