ന്യൂദല്‍ഹി: തെരഞ്ഞെടുപ്പു പ്രക്രിയയില്‍ ഭാരതത്തിലെ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ പണം ചെലവഴിക്കുന്നതു നിര്‍ത്തിവയ്‌ക്കുകയാണെന്ന യുഎസ് പ്രഖ്യാപനം ഞെട്ടിക്കുന്നതാണെന്ന് റിപ്പോര്‍ട്ട്. ഭാരതത്തിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ അമേരിക്കയില്‍ നിന്നു വിവിധ എന്‍ജിഒകള്‍ വഴി ഫണ്ടെത്തിയിരുന്നെന്നാണ് സൂചന. ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയെന്നാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം കൂടിയായ വിദഗ്ധന്‍ സഞ്ജീവ് സന്യാല്‍ അമേരിക്കന്‍ ഫണ്ടിനെ വിശേഷിപ്പിച്ചത്.
ഭാരതം അടക്കമുള്ള വിവിധ രാജ്യങ്ങളിലായി 4,000 കോടിയിലേറെ രൂപയാണ് വിവിധ എന്‍ജിഒകള്‍ വഴി ചെലവഴിക്കപ്പെട്ടത്. നരേന്ദ്ര മോദി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും ലക്ഷ്യമിട്ടാണ് പണമൊഴുക്കിയതെന്നാണ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഈ പണം കോണ്‍ഗ്രസിനാണോ ലഭിച്ചതെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്ന ആവശ്യം ഉയരുന്നു. യുഎസ് സഹായം വഴി 21 മില്യണ്‍ ഡോളര്‍ ചെലവഴിച്ചെന്നാണ് പറയുന്നത്.
യുപിഎ ഭരണ കാലത്ത് 2012ല്‍ അമേരിക്കയിലെ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇലക്ട്രല്‍ സിസ്റ്റംസുമായി തെരഞ്ഞെടുപ്പു കമ്മിഷന്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഈ ഫൗണ്ടേഷനു സാമ്പത്തിക സഹായം നല്കിയിരുന്നത് ജോര്‍ജ് സോറസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനാണ്. സോറസിന്റെ ഫൗണ്ടേഷന് അമേരിക്കന്‍ ഭരണകൂടത്തിന്റെ ഫണ്ടിങ്ങുണ്ടായിരുന്നു. തെരഞ്ഞെടുപ്പു പ്രക്രിയയില്‍ ഭാരതത്തിലെ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളെന്ന പേരിലായിരുന്നു കരാര്‍. കോണ്‍ഗ്രസ് സമ്മര്‍ദത്തെത്തുടര്‍ന്നാണ് കരാറില്‍ തെര. കമ്മിഷന്‍ ഒപ്പിട്ടതെന്നാണ് സൂചന. ഇതിന്റെ മറവില്‍ യുഎസ് ഫണ്ട് ഭാരതത്തിലേക്ക് വന്നെന്നാണ് കരുതുന്നത്. സോറസിന്റെ ഓപ്പണ്‍ സൊസൈറ്റി രാജീവ് ഗാന്ധി ഫൗണ്ടേഷനടക്കം സാമ്പത്തിക സഹായവും നല്കുന്നുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ചില പരിശീലന പരിപാടികള്‍ക്കു മാത്രമായിരുന്നു കരാറെന്നും സാമ്പത്തിക ഇടപാടു നടന്നിട്ടില്ലെന്നുമാണ് അന്നത്തെ തെര. കമ്മിഷണര്‍ വൈ.എസ്. ഖുറേഷി പറയുന്നത്.
കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള സോറസിന്റെ ഇടപെടലുകള്‍ നേരത്തേ തന്നെ വിവാദമായിരുന്നു. രാജ്യത്തെ തെരഞ്ഞെടുപ്പു പ്രക്രിയയ്‌ക്കു മേല്‍ വിദേശ ഇടപെടലുണ്ടായതിന്റെ വ്യക്തമായ തെളിവു ലഭിച്ചതായും ഭരണപക്ഷത്തിനല്ല അതിന്റെ നേട്ടമെന്നെല്ലാവര്‍ക്കുമറിയാമെന്നും ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ വ്യക്തമാക്കി. യുഎസ് ഏജന്‍സികള്‍ ഫണ്ട് ചെയ്യുന്ന സംഘടനകളെക്കുറിച്ചു സര്‍ക്കാര്‍ അന്വേഷിക്കണമെന്നു ബിജെപി എംപി നിഷികാന്ത് ദുബെ ആവശ്യപ്പെട്ടിരുന്നു.
ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിനു കീഴില്‍ സര്‍ക്കാര്‍ ചെലവുകള്‍ നിയന്ത്രിക്കുന്നതിനും വെട്ടിക്കുറയ്‌ക്കുന്നതിനുമായി സ്ഥാപിതമായ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവ. എഫിഷ്യന്‍സി (ഡോജ്), ആണ് ബജറ്റ് പുനഃസംഘടനാ പദ്ധതികളുടെ ഭാഗമായി വിദേശ ധനസഹായത്തില്‍ നിന്ന് 723 മില്യണ്‍ ഡോളര്‍ നിര്‍ത്തുന്നതായി അറിയിച്ചത്. ഡോജിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴിയാണു തീരുമാനം പുറത്തുവിട്ടത്. ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്കാണ് ഡോജിനു നേതൃത്വം നല്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: