ന്യൂദല്ഹി: ഗ്യാനേഷ് കുമാറിനെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിലവിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് രാജീവ് കുമാര് ചൊവ്വാഴ്ച സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം. പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയുടെ എതിര്പ്പ് തള്ളിയാണ് തീരുമാനം.
കഴിഞ്ഞ മാര്ച്ചിലാണ് 1988 ബാച്ച് കേരള കേഡര് ഐഎഎസ് ഉദ്യോഗസ്ഥന് ഗ്യാനേഷ് കുമാര് തെരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനമേറ്റത്.പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, ആഭ്യന്തരമന്ത്രി എന്നിവരടങ്ങുന്ന സെലക്ഷന് കമ്മിറ്റിയാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കുന്നത്.
സെലക്ഷന് കമ്മിറ്റിയില് നിന്ന് ചീഫ് ജസ്റ്റീസിനെ കേന്ദ്രം ഒഴിവാക്കിയിരുന്നു. ഇതിനെതിരായ ഹര്ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
സുപ്രീംകോടതി നിലപാടറിഞ്ഞ ശേഷമേ തീരുമാനമെടുക്കാവൂ എന്ന് രാഹുല് ഗാന്ധി ആവശ്യപ്പെട്ടു.യോഗത്തില് നിന്നിറങ്ങി പോകാന് രാഹുല് തുനിഞ്ഞെങ്കിലും വിയോജന കുറിപ്പ് നല്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചത് പ്രകാരം അദ്ദേഹം യോഗത്തില് തുടര്ന്നു.
ഈ വര്ഷം ബിഹാറില് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത വര്ഷം പശ്ചിമബംഗാള്, അസം, തമിഴ്നാട്, കേരളം എന്നിവിടങ്ങളില് നടക്കുന്ന തെരഞ്ഞെടുപ്പും ഗ്യാനേഷ് കുമാറാകും നിയന്ത്രിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: