വയനാട്:തലപ്പുഴയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഗവ.എന്‍ജിനീയറിംഗ് കോളേജില്‍ പഠനം ഓണ്‍ലൈനാക്കി. ഒരാഴ്ചത്തേക്ക് പഠനം ഓണ്‍ലൈനിലായിരിക്കുമെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.
ഒരാഴ്ചയായി ജനവാസ മേഖലയായ കാട്ടേരിക്കുന്ന്, കമ്പിപ്പാലം തുടങ്ങിയ സ്ഥലങ്ങളിലാണ് കടുവയുടെ സാന്നിധ്യമുളളത്. വനംവകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചെങ്കിലും കടുവയുടെ ദൃശ്യം പതിഞ്ഞില്ല. ഇതിനിടെ ഗോദാവരി ഉന്നതിയില്‍ നാട്ടുകാര്‍ കടുവയെ കണ്ടു.
കഴിഞ്ഞ ദിവസം തലപ്പുഴ എന്‍ജിനീയറിംഗ് കോളേജിന് സമീപത്തെ മില്‍ക്ക് സൊസൈറ്റിയിലെ സിസിടിവി കാമറയില്‍ കടുവയുടെ ദൃശ്യം പതിഞ്ഞു. കടുവയെ പിടികൂടണമെന്നും വിദ്യാര്‍ഥികള്‍ക്ക് അവധി നല്‍കി ഓണ്‍ലൈന്‍ ക്ലാസ് ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പഠിപ്പ് മുടക്കും ഉണ്ടായിരുന്നു.
കടുവയെ പിടികൂടാന്‍ ഗോദാവരിയില്‍ കൂട് സ്ഥാപിച്ചു. നിരീക്ഷണം ശക്തമാക്കിയെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: