തിരുവനന്തപുരം: എസ് എഫ് ഐക്കാര്‍ ക്രൂരമായി തല്ലിച്ചതച്ചിട്ടും അനീതിയെ ചോദ്യം ചെയ്ത, തന്നെ വളഞ്ഞിട്ടു തല്ലിയ എസ് എഫ്ഐ അക്രമിസംഘത്തെ ഒറ്റയ്‌ക്ക് നേരിട്ട തലശ്ശേരി ബ്രണ്ണന്‍ കോളെജിലെ എബിവിപി നേതാവ് ഗോകുലിന് വേണ്ടി സമൂഹമാധ്യമങ്ങളില്‍ നിലയ്‌ക്കാത്ത കയ്യടി ഉയരുന്നു. ഗോകുലിനെ ഒരു സംഘം എസ് എഫ് ഐ വിദ്യാര്‍ത്ഥികള്‍ കസേര വരെ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ യും അതിനെതിരെ ഭയമില്ലാതെ ഗോകുല്‍ ചെറുത്തുനില്‍ക്കുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
പെണ്‍സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പുറത്തുനിന്നുള്ള എസ് എഫ് ഐ നേതാവ് സഞ്ജിത്തും സംഘവും കാമ്പസില്‍ കയറി വന്ന് അക്രമിക്കുകയായിരുന്നുവെന്ന് ഗോകുല്‍ പറയുന്നു. താന്‍ എന്തായാലും എസ് എഫ് ഐക്കാരുടെ ഗുണ്ടായിസത്തെ പേടിക്കാന്‍ പോകുന്നില്ലെന്നും ഗോകുല്‍ കൂസലില്ലാതെ പറയുന്നു.
എബിവിപി തുടര്‍ച്ചയായി ആക്രമണം നേരിടുന്ന സ്ഥലമാണ് തലശ്ശേരി ബ്രണ്ണന്‍ കോളെജ്. പലപ്പോഴും പുറത്തുനിന്നുള്ള എസ് എഫ് ഐ-ഡിവൈഎഫ് ഐ സംഘമാണ് ഇവിടുത്തെ എബിവിപിക്കാരെ ആക്രമിക്കുന്നതെന്നും ഗോകുല്‍ പറയുന്നു. തന്നെ ആക്രമിക്കാന്‍ വന്ന എസ് എഫ് ഐ അക്രമിസംഘത്തെ ഒറ്റയ്‌ക്ക് നേരിടുകയായിരുന്നു ഗോകുല്‍. താന്‍ തോറ്റുകൊടുക്കാന്‍ തയ്യാറല്ലെന്നും അടിച്ചാല്‍ തിരിച്ചടിക്കുമെന്നും ഗോകുല്‍ പറയുന്നു.
ഇപ്പോള്‍ ഗോകുലിനെ മയക്കമരുന്ന് ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥി എന്ന് പ്രചാരണം നടത്തി ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണ് എസ് എഫ് ഐ. റെസ് ലിംഗ്, ബോക്സിങ്ങ്, ജൂഡോ എന്നിവയില്‍ പരിശീലനം നേടിയ ആളാണ് താനെന്നും ലഹരി മരുന്ന് താന്‍ ഉപയോഗിക്കാറില്ലെന്ന് കോളെജിലെ എല്ലാവര്‍ക്കും അറിയാമെന്നും എസ് എഫ് ഐയുടെ ദുഷ് പ്രചാരണം വിജയിക്കാന്‍ പോകുന്നില്ലെന്നും ഗോകുല്‍. പറയുന്നു.എസ് എഫ് ഐയോട് ചെറുത്ത് നില്‍ക്കുന്നവരെ ഒന്നുകില്‍ പെണ്ണ് കേസ് പറഞ്ഞോ ലഹരിമരുന്നുപയോഗം പറഞ്ഞും ഒറ്റപ്പെടുത്തുന്ന രീതി പതിവാണെന്നും താന്‍ തലകുനിക്കാന്‍ പോകുന്നില്ലെന്നും ഗോകുല്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: