Career

ഇന്തോ തിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്‌സില്‍ അസിസ്റ്റന്റ് കമാന്‍ഡന്റാകാം;  ഫെബ്രുവരി 19 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കും

വിശദവിവരങ്ങള്‍ https://recruitment.itbpolice.nic.in ല്‍, ഒഴിവുകള്‍ 48, പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം

Published by

ഇന്തോ തിബറ്റന്‍ ബോര്‍ഡര്‍ (ഐടിബി) പോലീസ് സേനയില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് (ടെലികമ്യൂണിക്കേഷന്‍) തസ്തികയില്‍ നിയമനത്തിന് ഓണ്‍ലൈനായി ഫെബ്രുവരി 19 വരെ അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://recruitment.itbpolice.nic.in ല്‍ ലഭ്യമാണ്. സെന്‍ട്രല്‍ ഗവണ്‍മെന്റ് ഗ്രൂപ്പ് ‘എ’ ഗസറ്റഡ് വിഭാഗത്തില്‍പ്പെടുന്ന തസ്തികയാണിത്. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാവുന്നതാണ്.

ആകെ ഒഴിവുകള്‍ 48 (ജനറല്‍ 21, എസ്‌സി 7, എസ്ടി 3, ഒബിസി 13, ഇഡബ്ല്യൂഎസ് 4). 10 ശതമാനം ഒഴിവുകളില്‍ വിമുക്തഭടന്മാരെ നിയമിക്കും. ശമ്പള നിരക്ക് 56100-1,77,500 രൂപ. ക്ഷാമബത്ത, സൗജന്യ താമസസൗകര്യം അല്ലെങ്കില്‍ വീട്ടുവാടകബത്ത, യാത്രാബത്ത, ചികിത്‌സാസഹായം, പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങളുമുണ്ട്.

യോഗ്യത: ബിഇ/ബിടെക് (ടെലികമ്യൂണിക്കേഷന്‍/ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍/ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍). പ്രായപരിധി 30 വയസ്. എസ്‌സി/എസ്ടി/ഒബിസി/നോണ്‍ ക്രീമിലെയര്‍/വിമുക്തഭടന്മാര്‍/കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ അടക്കമുള്ള വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
ശാരീരിക യോഗ്യതകള്‍- ഉയരം പുരുഷന്മാര്‍ 165 സെ.മീറ്റര്‍, വനിതകള്‍ 157 സെ.മീറ്റര്‍. നെഞ്ചളവ് പുരുഷന്മാര്‍ 81-86 സെ.മീറ്റര്‍ (വനിതകള്‍ക്ക് ബാധകമല്ല). ഉയരത്തിനും പ്രായത്തിനും അനുസൃതമായ ഭാരമുണ്ടായിരിക്കണം. നല്ല കാഴ്ചശക്തിയുണ്ടാകണം. വൈകല്യങ്ങള്‍ പാടില്ല. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസുള്ളവരായിരിക്കണം.

അപേക്ഷാ ഫീസ് 400 രൂപ. എസ്‌സി/എസ്ടി/വിമുക്തഭടന്മാര്‍/വനിതകള്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. ഓണ്‍ലൈന്‍ പേയ്‌മെന്റ് ഗേറ്റ്‌വേയിലൂടെ ഫീസ് അടയ്‌ക്കാം.

ഒഎംആര്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ്, കായികക്ഷമതാ പരീക്ഷ, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക