പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആദ്യ അമേരിക്കന്‍ സന്ദര്‍ശനം പലനിലകളില്‍ ശ്രദ്ധേയമായി. ഫ്രാന്‍സില്‍ നടന്ന എഐ ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് മോദി അമേരിക്കയില്‍ എത്തിയത്. അമേരിക്കയുടെ ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസില്‍ ഹൃദ്യമായ സ്വീകരണം ലഭിച്ച മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഭാരതവും അമേരിക്കയും തമ്മില്‍ മഹത്തായ ഐക്യവും മഹത്തായ സൗഹൃദവും ഉണ്ടെന്നു പറഞ്ഞ ട്രംപ്, ഇവ രണ്ടും നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിക്കുകയുണ്ടായി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാവുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. പ്രസിഡന്റു പദവിയില്‍ തിരിച്ചെത്തിയ ട്രംപിനെ അഭിനന്ദിച്ച പ്രധാനമന്ത്രി മോദി, ഇരുരാജ്യങ്ങളും തമ്മിലെ തന്ത്രപ്രധാനമായ ബന്ധം പരസ്പര വിശ്വാസത്തോടെ കൂടുതല്‍ ശക്തമാവുമെന്നും അഭിപ്രായപ്പെട്ടു. ഭാരതത്തിലെ ജനങ്ങള്‍ തന്നെ മൂന്നാമതും പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത കാര്യവും, ആറു പതിറ്റാണ്ടിനു ശേഷം ഇങ്ങനെ സംഭവിക്കുന്നത് ആദ്യമാണെന്നും മോദി പറയുകയുണ്ടായി. പ്രസിഡന്റ് ട്രംപിന്റെ പുതിയ ഭരണസംവിധാനം നിലവില്‍ വന്ന് രണ്ടാഴ്ചയ്‌ക്കുശേഷം ഔദ്യോഗിക ക്ഷണമനുസരിച്ച് അമേരിക്ക സന്ദര്‍ശിക്കുന്ന പ്രമുഖ ലോക നേതാവാണ് നരേന്ദ്ര മോദി. പ്രസിഡന്റ് ട്രംപിന് പുറമെ യുഎസ് ഇന്റലിജന്‍സ് മേധാവിയും ഭാരത വംശജയുമായ തുളസി ഗബ്ബാഡ്, ടെസ്ല മേധാവിയും ട്രംപിന്റെ അടുപ്പക്കാരനുമായ ഇലോണ്‍ മസ്‌ക്, പ്രമുഖ സംരംഭകന്‍ വിവേക് രാമസ്വാമി തുടങ്ങിയവരുമായും മോദി നടത്തിയ ചര്‍ച്ചകള്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടി.
വൈറ്റ് ഹൗസില്‍ പ്രധാനമന്ത്രി മോദി നടത്തിയ നാലുമണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ സുരക്ഷ, പ്രതിരോധം, വാണിജ്യം, സാങ്കേതികവിദ്യ, സുരക്ഷ എന്നിവ ചര്‍ച്ചാവിഷയമായി. മേഖലയിലും ആഗോളതലത്തിലും ഇരു രാജ്യങ്ങളും നേരിടുന്ന പ്രശ്‌നങ്ങളും ചര്‍ച്ചചെയ്തു. ഈ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നു. ഒരു രാജ്യത്തിന്റെ ഭരണാധികാരി മറ്റൊരു രാജ്യം സന്ദര്‍ശിക്കുമ്പോഴുള്ള പതിവ് സ്വീകരണമല്ല നരേന്ദ്ര മോദിക്ക് അമേരിക്കയില്‍ ലഭിച്ചത്. ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഊഴത്തിലും നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരുന്നു. രണ്ട് നേതാക്കളും തമ്മിലുള്ള ഊഷ്മളമായ ബന്ധം അന്നേ തുടങ്ങിയതാണ്. മോദി തന്റെ സുഹൃത്താണെന്ന് അന്നു പറഞ്ഞ ട്രംപ് ഈ സന്ദര്‍ശന വേളയിലും അത് ആവര്‍ത്തിക്കുകയുണ്ടായി. എന്നുമാത്രമല്ല, പ്രധാനമന്ത്രി മോദി കസേരയില്‍ ഇരിക്കുമ്പോള്‍ ട്രംപ് പിന്നില്‍ നില്‍ക്കുന്നതും, മോദിക്ക് ഇരിക്കാന്‍ പാകത്തിന് കസേര നീക്കുന്നതും ലോകം മുഴുവന്‍ കാണുകയുണ്ടായി. പ്രധാനമന്ത്രി മോദിയെ പ്രസിഡന്റ് ട്രംപ് എത്രമാത്രം ബഹുമാനിക്കുന്നു എന്നതിന് തെളിവാണിത്. ട്രംപ് രണ്ടാമതും പ്രസിഡന്റായ ശേഷം ഇതിനോടകം നിരവധി നേതാക്കള്‍ അമേരിക്ക സന്ദര്‍ശിക്കുകയുണ്ടായി. എന്നാല്‍ അവര്‍ക്കൊന്നും ലഭിക്കാത്ത മാധ്യമശ്രദ്ധയും പരിഗണനയുമാണ് മോദിക്ക് ലഭിച്ചത്. മോദിയുമായി വിലപേശല്‍ സാധ്യമല്ലെന്ന ട്രംപിന്റെ പ്രസ്താവന ഭാരതത്തിനുള്ള അംഗീകാരമാണ്.
അമേരിക്കയില്‍ നിയമവിരുദ്ധമായി തങ്ങുന്നവരെ ആ രാജ്യം തിരിച്ചയക്കുന്നതിന്റെ പശ്ചാത്തലത്തിലുള്ള മോദിയുടെ സന്ദര്‍ശനം വിവാദമാക്കി സന്ദര്‍ശനത്തിന്റെ നിറം കെടുത്താന്‍ പ്രതിപക്ഷവും ചില മാധ്യമങ്ങളും ശ്രമിക്കുകയുണ്ടായി. ബംഗ്ലാദേശ് യുദ്ധകാലത്ത് അമേരിക്കയുടെ ഏഴാം കപ്പല്‍പ്പടയെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പേടിച്ചോടിപ്പിച്ചു എന്നും മറ്റുമുള്ള എടുത്താല്‍പൊങ്ങാത്ത പ്രസ്താവനയുമായി ചിലര്‍ രംഗത്ത് വരികയുണ്ടായി. അന്ന് അമേരിക്കന്‍ സൈന്യം പിന്മാറിയത് സോവിയറ്റ് യൂണിയന്റെ ആയുധശക്തി ഭയന്നാണ്. ഇതേ ഇന്ദിരാഗാന്ധിയെ അമേരിക്കന്‍ പ്രസിഡണ്ട് നിക്സണ്‍ കൂടിക്കാഴ്ച അനുവദിക്കാതെ അപമാനിച്ചതും, പ്രധാനമന്ത്രി നെഹ്‌റുമായി ഫോട്ടോയെടുക്കാന്‍ മറ്റൊരു അമേരിക്കന്‍ പ്രസിഡണ്ട് മടിച്ചതുമൊക്കെ മറച്ചുപിടിച്ചുകൊണ്ടാണ് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത് മോദിയുടെ കഴിവുകേടാണെന്ന് ചിലര്‍ പ്രചരിപ്പിച്ചത്. അമേരിക്ക സ്വന്തം പൗരന്മാരോട് കാണിക്കാത്ത പരിഗണന നിയമവിരുദ്ധമായി തങ്ങുന്ന മറ്റ് രാജ്യത്തെ പൗരന്മാരോട് കാണിക്കുമെന്ന് കരുതാനാവില്ലല്ലോ. യഥാര്‍ത്ഥത്തില്‍ അനധികൃത കുടിയേറ്റക്കാരോടുള്ള അനുഭാവമല്ല, അമേരിക്കയുമായുള്ള ഭാരതത്തിന്റെ നല്ല ബന്ധം തകര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ പങ്കാളികളാണ് അനാവശ്യ വിവാദം ഉണ്ടാക്കുന്നത്.
ഭാരതത്തോട് ട്രംപിന് അനുഭാവമാണുള്ളത്. ബംഗ്ലാദേശില്‍ മോദിക്ക് താന്‍ ‘ഫ്രീ ഹാന്റ്’ നല്‍കിയിരിക്കയാണെന്ന ട്രംപിന്റെ പ്രസ്താവന തന്നെ ഇതിന് തെളിവാണല്ലോ. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ പാക്കിസ്ഥാന്‍ ആശങ്ക പ്രകടിപ്പിതും കാറ്റ് മാറി വീശുന്നതിന്റെ ലക്ഷണമാണ്. ഭാരതത്തെ സംബന്ധിച്ചിടത്തോളം ഗുണകരമായ മാറ്റങ്ങള്‍ക്ക് ഇതൊക്കെ വഴിവയ്‌ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: