തൃശൂര്‍: ചാലക്കുടി പോട്ടയില്‍ ബാങ്ക് കൊള്ള നടത്തിയ ആള് പൊലീസ് പിടിയിലായി. പോട്ട ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയാണ് പിടിയിലായത്.
വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കവര്‍ച്ച നടത്തിയ 15 ലക്ഷം രൂപയില്‍ 10 ലക്ഷം പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു
ബാങ്കിലെ കടം വീട്ടാനാണ് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ മൊഴി. കവര്‍ച്ച നടന്ന് മൂന്നാം ദിവസമാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കൊളള മുതലുമായി ഇയാള്‍ സ്കൂട്ടറില്‍ പോകുന്ന ദൃശ്യങ്ങള്‍ ചില ക്യാമറകളില്‍ പതിഞ്ഞ ശേഷം മറ്റുളള ക്യാമറകളില്‍ ഇല്ലെന്ന് പൊലീസ് കണ്ടെത്തി. സ്ഥലം നന്നായി പരിചയമുളള ആളാണ് മോഷ്ടാവെന്നും അതിനാല്‍ ക്യാമറകള്‍ ഇല്ലാത്ത ഇടവഴികളികളിലൂടെയാണ് പോയതെന്നും വ്യക്തമായി.
ഇയാളുടെ സ്കൂട്ടര്‍ തന്നെയാണ് കവര്‍ച്ചയ്ക്ക് ഉപയോഗിച്ചത്. എന്നാല്‍ വ്യാജ നമ്പര്‍ പ്ലേറ്റാണ് ഉപയോഗിച്ചത്.ബാങ്കില്‍ കവര്‍ച്ച നടത്തുമ്പോള്‍ ഹിന്ദി സംസാരിച്ചത് അന്വേഷണം വഴി തെറ്റിക്കാനാണ്.
റിജോ ആന്റണിയുടെ ഭാര്യ വിദേശത്ത് നഴ്സാണ്. ഇവര്‍ അയയ്ക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. ഭാര്യ മടങ്ങിയെത്തും മുമ്പ് കടം വീട്ടാനാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ച നടത്തിയ ബാങ്കിലല്ല ഇയാള്‍ക്ക് ബാധ്യത ഉണ്ടായിരുന്നത് എന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: