കേപ്ടൗണ്‍ : ഇമാമും ഇസ്ലാമിക പണ്ഡിതനും എല്‍ജിബിടിക്യൂ+ പ്രവര്‍ത്തകനുമായിരുന്ന മുഹ്സിന് ഹെന്‍ഡ്രിക്സ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ദക്ഷിണാഫ്രിക്കയുടെ തെക്കന്‍ നഗരമായ ഖെബേഹയില്‍ വച്ചായിരുന്നു വെടിയേറ്റത്.
വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു മുഹ്സിന് ഹെന്‍ഡ്രിക്സ്. കാറിന്റെ പിറകിലെ സീറ്റില്‍ ഇരുന്നിരുന്ന ഇയാളെ ലക്ഷ്യമാക്കി മുഖം മറച്ച രണ്ട് അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലോകത്ത് ആദ്യമായി സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച ഇമാം ആണ് മുഹ്സിന് ഹെന്‍ഡ്രിക്സ്. ഹിന്ദുമത വിശ്വാസിയായ പുരുഷനെയണ് ജീവിതപങ്കാളിയാക്കിയത് .പാകിസ്താനിലെ ഇസ്ലാമിക് സര്‍വ്വകലാശാലയില്‍ നിന്നു പഠനം പൂര്‍ത്തിയാക്കിയ ശേഷം 1991 ല്‍ കേപ് ടൗണ്‍ സ്വദേശിയായ ഒരു സ്ത്രീയെ വിവാഹം ചെയ്തു. അതില്‍ രണ്ട് മക്കളുണ്ടായെങ്കിലും 1996 ല്‍ മുഹ്സിന് ഹെന്‍ഡ്രിക്സ് വിവാഹമോചിതനായി.
സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മുസ്ലീങ്ങള്‍ക്കും സുരക്ഷിത താവളമെന്ന നിലയില്‍ ഒരു സംഘടനയ്ക്കും പ്രാര്‍ഥനാലയത്തിനും രൂപം നല്കി. ഒട്ടേറെ സ്വവര്‍ഗാനുരാഗ വിവാഹങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. ക്വീര്‍ സമൂഹത്തിന്റെ സ്വന്തം ഇമാം എന്നാണ് അറിയപ്പെട്ടിരുന്നത്. സ്വവര്‍ഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച അതിന്റെ പേരില്‍ കടുത്ത വേര്‍തിരിവും ഭീഷണിയും നേരിടേണ്ടി വന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: