കഴിഞ്ഞയാഴ്ചയിലെ വാരാദ്യപ്പതിപ്പില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ നന്ദകുമാര്‍ സ്വര്‍ഗീയ പി. പരമേശ്വര്‍ജിയെ അനുസ്മരിച്ചുകൊണ്ടെഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പു വായിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പ് പരമേശ്വര്‍ജിയുടെ 70-ാം വയസ്സില്‍ എന്തെങ്കിലും ചടങ്ങുകള്‍ വേണമെന്ന പ്രാന്തകാര്യാലയ വാസികളുടെ ആഗ്രഹമറിയിച്ചപ്പോള്‍ അദ്ദേഹമത് പാടേ നിഷേധിക്കുകയായിരുന്നു. പിന്നീട് പ്രാന്ത സംഘചാലകനാ യ പി.ഇ.ബി.മേനോന്, അന്ന് ചൊവ്വരയിലെ ‘മാതൃഛായ’യിലെ അന്തേവാസികളോടൊപ്പം ഉച്ചയൂണ് കഴിക്കാമെന്ന് നിര്‍ദേശം വച്ചപ്പോള്‍ അത് അനുസരിക്കാതിരിക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. മാതൃഛായയുടെ അങ്കണത്തിലെ മരങ്ങളുടെ തണലില്‍ അദ്ദേഹത്തോടൊപ്പം ഭക്ഷണത്തിന് വന്നവര്‍ ഒരുമിച്ചു ചേര്‍ന്നു.
കാര്യാലയത്തില്‍ വെച്ചുതന്നെ, നന്ദകുമാര്‍ പരമേശ്വര്‍ജിയുമായി വളരെ നേരം ചെലവഴിക്കുമായിരുന്നു. ഒരു ജന്മദിനകുറിപ്പ് കവിതാ രൂപത്തില്‍ തയാറാക്കി വച്ചു. നന്ദകുമാര്‍ കുറെ വര്‍ഷങ്ങളായി കാര്യാലയവാസിയിരുന്നു. കളമശ്ശേരി പോളിടെക്നിക്കല്‍ പ്രവേശം തേടിയതു തന്നെ കാര്യാലയത്തില്‍ താമസിക്കണമെന്ന മോഹത്തോടെയായിരുന്നു. അച്ഛന് ജനാര്ദ്ദനന് സാറാണ് മകനെക്കാള്‍ മികച്ച സ്വയംസേവകന് എന്ന് ഒരിക്കല്‍ പരമേശ്വര്‍ജി എന്നോട് പറഞ്ഞിരുന്നു. അക്കാര്യത്തില്‍ നിങ്ങള്‍ രണ്ടുപേരും സമാനരാണല്ലോ എന്നുകൂടി അഭിപ്രായപ്പെട്ടു. 1967 ലെ ജനസംഘത്തിന്റെ അഖിലഭാരത മഹാസമ്മേളനത്തിന്റെ ഭാരവും, തിരക്കുകളും കഴിഞ്ഞയുടന്‍ പരമേശ്വര്‍ജിക്കു ‘ദേവിയുടെ വിളയാട്ട'(വസൂരി)മുണ്ടായി. അതു വളരെ രൂക്ഷമായിരുന്നു താനും. രോഗം മാറി കുളി കഴിഞ്ഞ് രണ്ടാഴ്ചയെങ്കിലും പരിപൂര്‍ണ വിശ്രമം വേണമെന്ന ഡോക്ടറുടെ നിര്‍ദേശമനുസരിച്ചു അദ്ദേഹത്തെ അയച്ചത് തൊടുപുഴയ്ക്കടുത്ത് മണക്കാട്ടെ എന്റെ വീട്ടിലേക്കായിരുന്നു. അവിടെ അച്ഛനും അമ്മയും സന്തോഷത്തോടെ ചുമതലയേറ്റെടുത്തു. അവിടെ സ്വയംസേവകര്‍ക്ക് കര്‍ശന നിയന്ത്രണവുമുണ്ടായിരുന്നു. ഇതുകൊണ്ടായിരിക്കാം എന്നെയും നന്ദകുമാറിനെയും പരമേശ്വര്‍ജി താരതമ്യം ചെയ്തത്.
ചൊവ്വരയില്‍ ഊണ് കഴിക്കുന്നതിന് മുന്‍പ് പ്രൗഢമായ സൗഹൃദ കൂട്ടായ്മയാരംഭിച്ചു. അപ്പോഴേക്കും കേരളത്തിലെ ആദ്യ പ്രചാരകനായ ദത്തോപന്ത് ഠേംഗഡിയുമെത്തി. ആ ചടങ്ങിന്റെ തുടക്കത്തില്‍ പരമേശ്വര്‍ജി രചിച്ച ഞാന്‍ എന്ന ആത്മാവിഷ്കാര കവിത നന്ദകുമാര്‍ ഭാവഗംഭീരമായി പാരായണം ചെയ്തു.
ഭൂവില്‍ പിറന്നനാളല്ലതാനാരെന്ന
നേരറിയുന്ന നാളത്രേ പിറന്നനാള്‍
രാജഹര്മ്യത്തില് വെച്ചല്ല വനത്തിലെ
ബോധിച്ചുവട്ടില്‍ തഥാഗതന് ജാതനായ്
അക്ഷരചൈതന്യ പൂര്ണമാമേതൊരു
ദിവ്യമഹസ്സീ പ്രപഞ്ചൈക കാരണം
ആ ദിവ്യതേജസ്ഫുരണമേ ഞാനെന്ന
നേരറിയുന്ന നാളാണെന് പിറന്ന നാള്
ആദിയുമന്തവുമില്ലാത്തയാത്രയില്
ആറേഴുമാത്രകള്‍ പിന്നിട്ടതെങ്കിലും
മുന്നിലോ താങ്ങുവാനെത്ര താരാപഥം
ആകാശവീഥിയില്‍ ചുറ്റിത്തിരിയുമീ
കൊച്ചുഭൂഗോളം വെറുമിടത്താവളം
ഭൂവില്‍ ഭ്രമണപഥത്തിലെന് കാല്‍മുദ്ര
വീഴും മുഹൂര്ത്തമല്ലല്ലോ പിറന്നനാള്‍
കാലസര്‍പ്പത്തിന്‍ ഫണത്തില്‍ ചവുട്ടി
നിന്നാലോലമാടുമെനിക്കോ ജനിമൃതി
സൃഷ്ടിപത്മങ്ങള് വിരിവതെന് നാഭിയില്‍
സംഹാരതാണ്ഡവമെന്കാല് ചിലങ്കയില്‍
എങ്ങുപിറന്നാളെനിക്ക്? ബ്രഹ്മാണ്ഡങ്ങള്‍
എന്നില്‍ പിറന്നുലയിക്കും കുമിളകള്‍
പണ്ടാപ്രളയപയോധിയിലാലില-
യ്ക്കുള്ളിലുറങ്ങിക്കിടന്നു ഞാന്‍ ബീജമായ്.
……………………………………………..
……………………………………………..
ഞാനോ പിറന്നു മരിക്കുന്നു? മൃത്യുവും
ജന്മവുമൊക്കെയെന്‍ കണ്ണിമവെട്ടുകള്‍
അണ്ഡകടാഹങ്ങളുണ്ടായ് നശിക്കുന്ന
താണ്ഡവനൃത്ത താളത്തിന് ലയങ്ങളില്‍
ആനന്ദമൂര്‍ച്ഛ പൂണ്ടെന്നോ ശിവനായി
മാറുന്നിതന്നെന് പിറന്നാള്‍ മഹോത്സവം.
പരമേശ്വര്‍ജിയുടെ ആത്മാഭിലാഷം ഭാവനകളെ ഉല്ലംഘിച്ച് കുതിക്കുന്നതായാണു കവിതകളില്‍ കാണുന്നത്.
ശാഖകളില്‍ സ്വയംസേവകര്‍ മുമ്പൊക്കെ പാടിത്തകര്ത്തിരുന്ന ഒരു ഗണഗീതമുണ്ട്. തനിമലയാള വൃത്തത്തില്‍ മണ്ണിന്റെ മണം പേറുന്ന ഒരു പാട്ട്. അതേസമയം ആവേശം പകരുന്നതും.
അനുപദമനുപദമന്യദേശങ്ങള്തന്
അപദാനം പാടുന്ന പാട്ടുകാരാ
ഇവിടത്തെ മണ്ണിന്റെ മഹിമകള്‍ പാടുവാ-
നിനിയുമില്ലാത്മാഭിമാനമെന്നോ?
…………………………..
മതി മതി ദേശാഭിമാനത്തിന് തോലേന്തി
ഞെളിയായ്ക നീ ശുദ്ധനന്ദികേടേ
ആ ചോദ്യം എവിടെയാണു ചെന്നുതറച്ചുകയറുന്നതെന്നു പറയേണ്ടതില്ലല്ലൊ?
പരമേശ്വര്‍ജി ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ”ചേര്‍ത്തല ഇംഗ്ലീഷ് ഹൈസ്കൂള്‍ വാര്‍ഷികോത്സവം സംബന്ധിച്ച് നടത്തിയ കവിതാ മത്സരപ്പരീക്ഷയില്‍ പ്രഥമ സമ്മാനത്തിനര്‍ഹമായത്” എന്ന കുറിപ്പോടെ 1944 മാര്‍ച്ച് 18-ാം തീയതിക്കു തുല്യമായ 1119 കുംഭം 30-ാം തീയതി തിങ്കളാഴ്ചത്തെ മലയാളരാജ്യം പത്രത്തില്‍ പ്രസിദ്ധീകരിച്ച ‘കോളുകൊണ്ട വേമ്പനാടന്‍’ പരമേശ്വര്‍ജിയുടെ പ്രതിഭയെ വെളിവാക്കുന്നതായിരുന്നു. സഹപാഠിയായിരുന്ന വയലാര്‍ രാമവര്‍മ്മയും മത്സരിച്ചിരുന്നു.
വേമ്പനാട്ടു കായില്‍ എന്നും പരമേശ്വര്‍ജിയുടെ ഭാവനയെ ഉത്തേജിപ്പിച്ചിരുന്നു. അദ്ദേഹം കോഴിക്കോട്ട് പ്രചാരകനായി. ആദ്യകാലങ്ങളില്‍ ചേര്‍ത്തലനിന്നും എറണാകുളത്തേക്ക് നേരിട്ട് റോഡ്മാര്ഗ്ഗമുണ്ടായിരുന്നില്ല. അരൂര്‍ പാലം വരാത്തതാണ് കാരണം. തന്റെ ഗൃഹത്തിനു സമീപമുള്ള മുഹമ്മയിലെ ജട്ടിയില്‍നിന്ന് പുലര്‍ച്ചെ നാലു മണിക്കുള്ള ബോട്ടിലായിരുന്നു യാത്ര. വേമ്പനാട്ടു കായലിലൂടെ വെളുപ്പാന്കാലത്തു പോയപ്പോള്‍ കിഴക്ക് പ്രഭാതപൂര്വ കിരണങ്ങള്‍ വരുത്തിയ വര്‍ണ്ണപ്പകിട്ടുകള്‍ ഹൃദയത്തെ ഉത്തേജിപ്പിച്ചതിന്റെ ഫലമായി ഉണ്ടായതാണത്രേ പൂജനീയ ഡോക്ടര്‍ജിയെ അനുസ്മരിപ്പിക്കുന്ന ”നമസ്കരിപ്പൂ ഭാരതമങ്ങേ സ്മരണയെയാനമ്രം” എന്നാരംഭിക്കുന്ന ഗീതം. അതിന്റെ അവസാനത്തെ ചരണമായ ”അതാ കിഴക്കന്‍ മലകളിലരുണിമ കളഭം പൂശുന്നു. പ്രപഞ്ചമേതോ സത്യയുഗത്തിന് പ്രതീക്ഷ കൊള്ളുന്നു” ആണത്രേ ആദ്യം മനസ്സില്‍ വന്നത്.
പരമേശ്വര്‍ജിയുടെ സവ്യസാചിത്വം ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ വിളയാടി. ബാംഗളൂരുവില്‍ കമ്യൂണിസത്തിന്റെ ഭാവിയെപ്പറ്റി നടത്തിയ പ്രഭാഷണ പരമ്പര അവര്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. കമ്മ്യൂണിസത്തിന്റെ പ്രസക്തിയെ അദ്ദേഹം അതില്‍ പ്രവചിച്ചതാണ്. അതുപോലെ വിവിധ ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനങ്ങളെപ്പറ്റി ദല്‍ഹിയില്‍ ചെയ്ത പ്രഭാഷണ പരമ്പരയും ഏറെ ശ്രദ്ധിക്കപ്പെട്ടു. ക്രൈസ്തവസഭകളുമായി സമന്വയമുണ്ടാക്കാനുള്ള ശ്രമങ്ങളിലാണ് അതുചെന്നെത്തിയത്. ആലുവയിലെ വൈഎംസിഎ സത്രത്തിലും എളമക്കരയിലെ കാര്യാലയത്തിലും, പാലയ്ക്കടുത്ത ക്രൈസ്തവ പഠനകേന്ദ്രത്തിലും അതിന്റെ തുടര്‍ പരിപാടികള്‍ നടത്തപ്പെട്ടു. സര്‍സംഘചാലകനായിരുന്ന കെ.സി. സുദര്‍ശന്‍ജിയും അതില്‍ പങ്കെടുത്തിരുന്നു. ആപ്രക്രിയ മുന്നോട്ടുപോയില്ല എന്നതു നിര്‍ഭാഗ്യകരമാണ്. ഹിന്ദുധര്‍മത്തിന്റെ സര്‍വാശ്ലേഷകത്വം മറ്റു മതങ്ങളുടെ പ്രസക്തിയെ ഇല്ലായ്മ ചെയ്യുമോ എന്ന വിവിധ സഭാനേതൃത്വങ്ങളുടെ ആശങ്കയാവാം കാരണം.
പരമേശ്വര്‍ജിയുടെ ക്രാന്തദര്ശിത്വത്തിന്റെ ഉത്തമ ഉദാഹരണം വിശാലഹിന്ദു സമ്മേളനത്തില്‍ കര്‍ക്കിടകമാസം രാമായണമാസമായി ആചരിക്കണമെന്ന ആഹ്വാനമാണ്. 1980 നുശേഷം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന പുസ്തകം അധ്യാത്മ രാമായണമായി എന്നതുതന്നെയാണതിന്റെ വിജയലക്ഷണം. മാപ്പിള രാമായണം പോലും പുറത്തിറങ്ങിയത്രേ.
മാനനീയ ഏകനാഥ റാനഡേയെന്ന ഭഗീരഥന്റെ സൃഷ്ടിയായ വിവേകാനന്ദ ശിലാസ്മാരകസമിതിയുടെ അധ്യക്ഷപദം പരമേശ്വര്‍ജി വഹിച്ച കാലം ഏറെ പുഷ്കലമായിത്തീര്ന്നിരുന്നു. അവിടത്തെ മാസികയില്‍ അദ്ദേഹമെഴുതിയ ലേഖനങ്ങളുടെ സമാഹാരത്തിന് ഹിന്ദുരാഷ്ട്രത്തിന്റെ ഹൃദയത്തുടിപ്പുകള്‍ (ഒലമൃയേലേെമ ീള ഒശിറൗ ഞമേെവൃമ) എന്ന പേരാണ് നല്കപ്പെട്ടത്. ഏതു ഹിന്ദുവിന്റെയും ആത്മാഭിമാനത്തെ ഉണര്‍ത്തുന്ന വാങ്മയമാണവ. ഹിന്ദുധര്‍മ്മത്തിന് അവമതിപ്പുണ്ടാക്കുന്ന നീക്കങ്ങള്‍ ഏതു കോണില്‍നിന്നു വന്നാലും, അതു രാഷ്ട്രപതിയോ, ക്രിസ്തുമത മേലധക്ഷ്യനോ, ശ്രീരാമകൃഷ്ണ മിഷന് അധ്യക്ഷനോ എന്നു നോക്കാതെ അദ്ദേഹം എതിര്‍പ്പു രേഖപ്പെടുത്തി.
പരമേശ്വര്‍ജിയുടെ പെരുമ നമ്മുടെയൊക്കെ ഭാവനാപരിധിയെ ഉല്ലംഘിക്കുന്നതായിരുന്നുവെന്നാണ് എന്റെ ധാരണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: