ന്യൂദല്‍ഹി: അന്തരിച്ച സിപിഎമ്മിന്റെ തീപ്പൊരി നേതാവ് സൈണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കര്‍ മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ് രാജില്‍ എത്തി. അവര്‍ ത്രിവേണിസംഗമത്തില്‍ സ്നാനം ചെയ്യുകയും ചെയ്തു.
വിദ്യാര്‍ത്ഥി രാഷ്‌ട്രീയക്കാലത്ത് 1983 ഒക്‌ടോബർ 14ന് കത്തിക്കുത്തേറ്റ് അരയ്‌ക്ക് താഴെ സ്വാധീനം നഷ്ടപ്പെട്ടു. തുടർന്നുള്ള കാലം മുഴുവൻ അദ്ദേഹം ചക്രക്കസേരയില്‍ ജീവിച്ച സൈമണ്‍ ബ്രിട്ടോയ്‌ക്ക് താങ്ങും തണലുമായിരുന്നു ഭാര്യ സീന ഭാസ്കര്‍.
സൈമണ്‍ ബ്രിട്ടോയുടെ ഭാരതയാത്രയുടെ അനുഭവങ്ങള്‍ ഭാര്യ സീന ഭാസ്കര്‍ പുസ്തകമാക്കിയിരുന്നു. സൈമണ്‍ ബ്രിട്ടോ 2015 ഏപ്രില്‍ ഒന്നാം തീയതി തുടങ്ങി ഏതാനും ആഴ്ചകള്‍ എടുത്ത് ഭാരതം മുഴുവന്‍ യാത്ര ചെയ്തിരുന്നു. ആ അനുഭവങ്ങള്‍ പുസ്തകമാക്കാന്‍ അദ്ദേഹം മൂന്ന് വര്‍ഷത്തോളം കുത്തിയിരുന്ന് പല സഹായികളെയും ഉപയോഗിച്ച് എഴുതിയെങ്കിലും അത് പൂര്‍ത്തിയാക്കും മുന്‍പേ ബ്രിട്ടോ മരിച്ചു. എന്നാല്‍ ബ്രിട്ടോ പോയതിന് ശേഷം ബ്രിട്ടോ എഴുതിയ പല പേജുകളും നഷ്ടപ്പെട്ടതായി കണ്ടു. ഏകദേശം 1500ഓളം പേജുകള്‍ നഷ്ടപ്പെട്ടിരുന്നു. പിന്നീടാണ് ബ്രിട്ടോ സഞ്ചരിച്ച വഴികളിലൂടെ ഭാര്യ സീന ഭാസ്കര്‍ സഞ്ചരിച്ച് രചന പൂര്‍ത്തിയാക്കിയത്.
സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ഭാര്യ സീന ഭാസ്കര്‍ ചില സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. അസുഖം വന്ന് 12 മണിക്കൂറിലധികം കഴിഞ്ഞാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്നാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ പറഞ്ഞത്. “ബ്രിട്ടോയുടെ മരണം സംബന്ധിച്ച് ഒരോരുത്തരും അവരവരുടേതായ രീതിയില്‍ കഥകള്‍ മെനഞ്ഞു. എന്താണ് സത്യാവസ്ഥയെന്ന് ഇപ്പോഴും അറിയില്ല. മെഡിക്കല്‍ റിപോര്‍ടില്‍ തെറ്റുസംഭവിച്ചിട്ടുണ്ട്. ഇതില്‍ തനിക്ക് വല്ലാത്ത സങ്കടമുണ്ട്.”- ഭര്‍ത്താവ് സൈമണ്‍ ബ്രിട്ടോയുടെ മരണം സംബന്ധിച്ച് സീന ഭാസ്കര്‍ അന്ന് പങ്കുവെച്ച അസ്വാസ്ഥ്യമാണിത്. ഇപ്പോള്‍ ദല്‍ഹിയിലാണ് സീന ഭാസ്കര്‍ മകള്‍ക്കൊപ്പം സ്ഥിരതാമസം.
മഹാകുംഭമേളയ്‌ക്കെത്തിയ സീന ഭാസ്കര്‍ ജുന അഖാഡയുടെ വക ടെന്‍റിലാണ് പ്രയാഗ് രാജില്‍ താമസിച്ചത്. അവിടെ ഒട്ടേറെ പഴയ കാല എസ് എഫ് ഐ പ്രവര്‍ത്തകരും സ്നാനം ചെയ്യാന്‍ എത്തിയിരുന്നു. ജുന അഖാഡയിലെ മഹാമണ്ഡലേശ്വര്‍ ആയ ആനന്ദവനം ഭാരതി എന്ന സ്വാമി പഴയ എസ് എഫ് ഐ പ്രവര്‍ത്തകനായ സലില്‍ ആണ്. അതുപോലെ ഈയിടെ ജുന അഖാഡയില്‍ സന്യാസിനിയായി മാറിയ അഖില വിമല്‍ മഹാരാജാസ് കോളെജില്‍ പഠിക്കുമ്പോഴും പിന്നീട് എംഎയ്‌ക്കും പിഎച്ച്ഡിയ്‌ക്കും ജെഎന്‍യുവില്‍ പഠിക്കുമ്പോഴും എസ് എഫ് ഐയുടെ സജീവപ്രവര്‍ത്തകയായിരുന്നു. എസ് എഫ്ഐയുടെ കേന്ദ്രകമ്മിറ്റിയിലും അഖില വിമല്‍ ഉണ്ടായിരുന്നതായി പറയുന്നു. നിഖില വിമല്‍ എന്ന നടിയുടെ ചേച്ചിയായ അഖില വിമലിന്റെ ഇപ്പോഴത്തെ പേര് അവന്തിക ഭാരതി എന്നാണ്. ഈ മഹാകുംഭമേളയിലാണ് അഖില വിമല്‍ സന്യാസം സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: