ഇടുക്കി: കൂട്ടാറില്‍ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച കമ്പംമെട്ട് സിഐയെ വെള്ളപൂശി കട്ടപ്പന ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. കൂട്ടം കൂടി നിന്ന ആളുകളെ പിരിച്ചു വിടാന്‍ നിയമപരമായി മാത്രമുളള ബലം പ്രയോഗമാണ് നടന്നതെന്ന് ഇടുക്കി എസ്പിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പുതുവത്സര ദിനത്തില്‍ കൂട്ടാറില്‍ മദ്യപിച്ച് കൂട്ടം കൂടി നിന്ന് വാഹനങ്ങള്‍ക്ക് നേരെ പടക്കം എറിഞ്ഞവരെ പിരിച്ചുവിടുന്നതിനിടെയാണ് ഓട്ടോ ഡ്രൈവര്‍ മുരളിധരന് മര്‍ദനം ഏറ്റതെന്ന് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്‍ റിപ്പോര്‍ട്ട് നല്‍കി. രണ്ട് എസ് ഐമാര്‍ ഉള്‍പ്പെട്ട സംഘം പല ആവശ്യപ്പെട്ടിട്ടും പിരിഞ്ഞു പോകാതിരുന്നതിനെ തുടര്‍ന്നാണ് സി ഐ എത്തിയത്. സി ഐക്കെതിരെ നടപടി ആവശ്യം ഇല്ലെന്നാണ് റിപ്പോര്‍ട്ട്.അതേസമയം, കമ്പംമെട്ട് സി ഐ ഷമീര്‍ഖാനെ സംരക്ഷിച്ച് കേസ് തേച്ച് മായ്ച്ച് കളയാനുള്ള നീക്കമാണ് നടക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.
സിഐയുടെ മര്‍ദ്ദനത്തില്‍ മുരളീധരന്റെ ഒരു പല്ല് നഷ്ടപ്പെട്ടിരുന്നു. ഒരു മാസം മുന്‍പ് പരാതി നല്‍കിയിട്ടും അന്വേഷണം ഇഴഞ്ഞു നീങ്ങുകയായിരുന്നു. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചു പരാതി നല്‍കിയിട്ടും കുറ്റക്കാരനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടിനെതിരെ മുഖ്യമന്ത്രിയെയും കോടതിയെയും സമീപിക്കാനൊരുങ്ങുകയാണ് മുരളീധരന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: