കൊച്ചി: എട്ട് വർഷമായി ഇന്ത്യയിൽ തങ്ങിയ ബംഗ്ലാദേശി പിടിയിൽ. റൗജാൻ ജില്ലയിൽ നോവര ഗ്രാമത്തിൽ തപൻ ദാസ് (37) നെയാണ് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ ക്ലീൻ പദ്ധതിയിൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന നടത്തിയത്.
മത്സ്യ ബന്ധനമായിരുന്നു ജോലി. എട്ട് വർഷം മുമ്പ് ബംഗ്ലാദേശിൽ നിന്ന് മത്സ്യ ബന്ധനത്തിന് പുറപ്പെട്ട ഇയാൾ അതിർത്തിയിലെ നദി നീന്തിക്കടന്ന് ബംഗാളിലെത്തി. അവിടെ ഏജൻ്റിന് ആയിരം രൂപ നൽകി പശ്ചിമ ബംഗാൾ വിലാസത്തിൽ ആധാർ കാർഡ് നിർമ്മിച്ചെടുത്തു. പിന്നീട് കേരളത്തിലെത്തി ബേപ്പൂർ, പൊന്നാനി എന്നിവിടങ്ങളിൽ മീൻ പിടുത്തത്തിൽ ഏർപ്പെട്ടു.
നാല് മാസം മുമ്പാണ് മുനമ്പത്ത് എത്തിയത്. ഇവിടെ മീൻ പിടുത്ത ബോട്ടിൽ ജോലി ചെയ്തുവരികയായിരുന്നു. ശംബളം ബംഗാളിലുള്ള ഏജൻ്റിന് അയച്ചുകൊടുക്കും. ഏജൻ്റാണ് ബംഗ്ലാദേശിൽ എത്തിക്കുന്നത്. തപൻ ദാസിന് ഇവിടെ സഹായം ചെയ്തു കൊടുത്തവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
സ്പെഷൽ ബ്രാഞ്ച് ഡി വൈ എസ് പി വി. എസ് നവാസ്, മുനമ്പം ഡി വൈ എസ് പി എസ്.ജയകൃഷ്ണൻ, ഇൻസ്പെക്ടർ കെ.എസ് സന്ദീപ് തുടങ്ങിയവർ ഉൾപ്പെട്ട പോലീസ് സംഘമാണ് അന്വേഷണത്തിനുണ്ടായിരുന്നത്. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി റൂറൽ ജില്ലയിൽ ഒന്നര മാസത്തിനുള്ളിൽ പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം മുപ്പത്തിയെട്ട് ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: