ന്യൂദൽഹി : ദൽഹി മുൻ മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്റെ വസതിയായ 6 ഫ്ലാഗ്‌സ്റ്റാഫ് ബംഗ്ലാവിന്റെ നവീകരണത്തിനും ആഡംബര കൂട്ടിച്ചേർക്കലുകൾക്കുമുള്ള ചെലവിനെക്കുറിച്ച് വിശദമായ അന്വേഷണത്തിന് കേന്ദ്ര വിജിലൻസ് കമ്മീഷൻ (സിവിസി) ഉത്തരവിട്ടു. 40,000 ചതുരശ്ര യാർഡ് വിസ്തീർണ്ണമുള്ള ആഡംബര മാളിക നിർമ്മിക്കുന്നതിന് കെട്ടിട മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന ആരോപണങ്ങൾ അന്വേഷിക്കാൻ കേന്ദ്ര പൊതുമരാമത്ത് വകുപ്പിനോട് (സിപിഡബ്ല്യുഡി) സിവിസി നിർദ്ദേശിച്ചതായാണ് റിപ്പോർട്ട്.
ബിജെപി നേതാവ് വിജേന്ദർ ഗുപ്തയുടെ പരാതിയെത്തുടർന്നാണ് നടപടി. കെജ്‌രിവാളിന്റെ മുൻ വസതിയായ 6 ഫ്ലാഗ് സ്റ്റാഫ് റോഡിൽ അനധികൃത നിർമ്മാണം നടത്തിയതായി ആരോപിച്ച് കഴിഞ്ഞ ഒക്ടോബർ 14 ന് ഗുപ്ത പരാതി നൽകിയിരുന്നു.
40,000 ചതുരശ്ര യാർഡ് (8 ഏക്കർ) വിസ്തൃതിയുള്ള ആഡംബര മാളിക (‘ശീഷ് മഹൽ’) നിർമ്മിക്കാൻ കെജ്‌രിവാൾ കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
രാജ്പൂർ റോഡിലെ പ്ലോട്ട് നമ്പർ 45 ഉം 47 ഉം (മുമ്പ് ടൈപ്പ്-V ഫ്ലാറ്റുകളിൽ മുതിർന്ന ഉദ്യോഗസ്ഥരെയും ജഡ്ജിമാരെയും പാർപ്പിച്ചിരുന്നു) രണ്ട് ബംഗ്ലാവുകളും (8-A & 8-B, ഫ്ലാഗ് സ്റ്റാഫ് റോഡ്) ഉൾപ്പെടെയുള്ള സർക്കാർ സ്വത്തുക്കൾ പൊളിച്ചുമാറ്റി പുതിയ വസതിയിൽ ലയിപ്പിച്ചതായും ഗ്രൗണ്ട് കവറേജും ഫ്ലോർ ഏരിയ റേഷ്യോ മാനദണ്ഡങ്ങളും ലംഘിച്ചതായും അംഗീകൃത ലേഔട്ട് പ്ലാനുകളുടെ അഭാവമുണ്ടെന്നും പരാതിയിൽ ബിജെപി നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: