ന്യൂദല്‍ഹി: ബംഗ്ലാദേശ് പ്രതിസന്ധിയില്‍ ഭാരതത്തിന് സര്‍വ്വസ്വാതന്ത്ര്യം നല്കി യുഎസ് പിന്മാറ്റം. അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന് ബംഗ്ലാദേശ് വിഷയത്തില്‍ യാതൊരു പങ്കുമുണ്ടാവില്ലെന്ന് പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ്, ബംഗ്ലാദേശ് പ്രശ്നം പ്രധാനമന്ത്രി മോദിക്ക് കൈമാറുകയാണെന്നും വ്യക്തമാക്കി. ജോ ബൈഡന് സര്‍ക്കാരിന്റെ ബംഗ്ലാദേശ് നിലപാടുകള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ച്, ഭാരതത്തിന് അനുകൂലമായ യുഎസ് പ്രഖ്യാപനമാണ് പ്രസിഡന്റ് ട്രംപ് നടത്തിയത്.
ഭാരതം ദീര്‍ഘകാലമായി കൈകാര്യം ചെയ്യുന്ന വിഷയമാണ് ബംഗ്ലാദേശ് എന്ന് മോദിയുമായി വാഷിങ്ടണില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ചു. ‘യുഎസിന്റെ ഡീപ്പ് സ്റ്റേറ്റിന് ബംഗ്ലാദേശില്‍ പങ്കില്ല. പ്രധാനമന്ത്രി മോദി ദീര്‍ഘകാലമായി ബംഗ്ലാദേശ് വിഷയത്തില്‍ പ്രവര്‍ത്തിക്കുന്ന ആളാണ്. നൂറുകണക്കിന് വര്‍ഷങ്ങളായി അക്കാര്യത്തില്‍ ഭാരതത്തിന് നിലപാടുമുണ്ട്’, ട്രംപ് വ്യക്തമാക്കി. തുടര്‍ന്ന് മോദിയെ നോക്കിക്കൊണ്ട് ബംഗ്ലാദേശ് ഞാന്‍ മോദിക്ക് വിടുകയാണെന്ന് ട്രംപ് പറഞ്ഞത്. ഷെയ്ക് ഹസീനയെ പുറത്താക്കി മുഹമ്മദ് യൂനുസ് സര്‍ക്കാര്‍ ബംഗ്ലാദേശില്‍ അധികാരത്തിലെത്തിയതും രാജ്യത്ത് തുടരുന്ന ഹിന്ദു കൂട്ടക്കൊലയും അടക്കം നിരവധി വിഷയങ്ങളില്‍ പ്രധാനമന്ത്രി മോദിക്ക് കൂടുതല്‍ സ്വതന്ത്ര ഇടപെടലുകള്‍ക്കുള്ള സാധ്യതകളാണ് തുറന്നിരിക്കുന്നത്.
മോദി-ട്രംപ് കൂടിക്കാഴ്ചയിലെ പ്രധാന വിഷയം ബംഗ്ലാദേശ് ആയിരുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ പുതിയ പ്രതിസന്ധികളും ഭാരതത്തിന്റെ നിലപാടുകളും മോദി ട്രംപിനെ അറിയിച്ചതായും മിസ്രി പറഞ്ഞു. ഭാരതവുമായി സ്ഥിരതയും ഫലപ്രദവുമായ ബന്ധം പുലര്‍ത്തുന്ന ദിശയിലേക്കുള്ള മാറ്റങ്ങള്‍ ബംഗ്ലാദേശിലുണ്ടാവുമെന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കിയിട്ടുമുണ്ട്.
മോദി നടത്തിയ ആദ്യ കൂടിക്കാഴ്ച യുഎസ് ഇന്റലിജന്‍സ് മേധാവി തുളസി ഗബ്ബാര്‍ഡുമായാണ്. ഈ കൂടിക്കാഴ്ചയില്‍ മുന്നോട്ട് വെച്ച പ്രധാന ആവശ്യങ്ങളിലൊന്ന് ബംഗ്ലാദേശില്‍ ബൈഡന് സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളില്‍ നിന്നുള്ള പിന്മാറ്റമാണ്. മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി തഹാവുര്‍ റാണയെ കൈമാറണമെന്ന ദീര്‍ഘകാലമായുള്ള മോദിയുടെ ആവശ്യത്തിനും ട്രംപ് ഭരണകൂടം അനുമതി നല്കിയതും നേട്ടമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: