താരതമ്യേന സജീവമായിരുന്നു വിദൂരവിദ്യാഭ്യാസം കേരളത്തില്‍. എന്നാല്‍, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല ആരംഭിച്ചതോടെ മറ്റു സര്‍വകലാശാലകള്‍ വിദൂരവിദ്യാഭ്യാസ കോഴ്സുകള്‍ നടത്തുന്നതു സര്‍ക്കാര്‍ വിലക്കി. ഇതാകട്ടെ, വലിയ തിരിച്ചടിയായി. ശ്രീനാരായണ ഗുരു സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്യുന്നതു വളരെ കുറച്ചു വിദ്യാര്‍ഥികള്‍ മാത്രം. ഫലത്തില്‍, മറ്റു സര്‍വകലാശാലകളില്‍ വിദുരവിദ്യാഭ്യാസ വിഭാഗത്തില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥികളും കേരളം വിട്ടു. സംസ്ഥാനത്തിനുപുറത്തുള്ള സര്‍വകലാശാലകളെയും കോളജുകളെയുമാണ് ഇവിടുത്തെ പഠിതാക്കള്‍ വിദൂരവിദ്യാഭ്യാസത്തിനായി ഇപ്പോള്‍ കൂടുതലും ആശ്രയിക്കുന്നത്.
ഇത്രയൊക്കെയായിട്ടും പാഠം പഠിക്കുന്നില്ല എന്നതാണ് ഞെട്ടിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയുടെ സ്വാശ്രയത്വവും സ്വാതന്ത്ര്യവും മികവുമൊക്കെ തങ്ങളുടെ രാഷ്‌ട്രീയ താല്‍പര്യത്തിനായി ബലികൊടുക്കുന്നതിനാണ് ഏറ്റവുമൊടുവില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. അത്രയൊന്നും ഗൗരവതരമല്ലാതെ നടത്തിയ ചില പഠനങ്ങളുടെ പേരില്‍ സര്‍വകലാശാലകളെ തച്ചുടയ്‌ക്കാന്‍ ഒരുങ്ങുകയാണ്.
ചാന്‍സലറുടെ നേതൃത്വത്തില്‍ തുടങ്ങുന്ന സര്‍വകലാശാലാ ഭരണ സംവിധാനം ഇപ്പോഴുള്ള പുഴുക്കുത്തുകള്‍ നീക്കി കുറ്റമറ്റ രീതിയില്‍ നടത്തണമെന്നു സുപ്രീം കോടതി ഉള്‍പ്പെടെയുള്ള നീതിന്യായസംവിധാനം ആവര്‍ത്തിച്ച് കേരള സര്‍ക്കാരിനോടു നിര്‍ദേശിച്ചിട്ടുള്ളതാണ്. എന്നാല്‍, തങ്ങളുടെ രാഷ്‌ട്രീയ താല്‍പര്യത്തിന് എതിരായി ഓരോ തവണ കോടതിവിധികള്‍ ഉണ്ടാകുമ്പോഴും അത് അംഗീകരിക്കുകയല്ല, മറിച്ച് രാഷ്‌ട്രീയതാല്‍പര്യത്തിനനുസരിച്ചു സര്‍വകലാശാലകളെ വളച്ചൊടിക്കാനുള്ള മറുവഴികളും കുറുക്കുവഴികളും തേടുകയാണ് ഇടതുസര്‍ക്കാര്‍.
ചാന്‍സലറെന്ന നിലയില്‍ കേരളത്തിലെ സര്‍വകലാശാലകളെ നേര്‍വഴിക്കു നടത്താനും പ്രവര്‍ത്തനം സുതാര്യമാക്കാനും മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഏറെ ശ്രമങ്ങള്‍ നടത്തിയിരുന്നു. ഉദ്യോഗസ്ഥ സംവിധാനം ഉടച്ചുവാര്‍ത്തുകൊണ്ട് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നു നീക്കമുണ്ടായി. ഇത് ഏറെ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചു തുടങ്ങിയിട്ടുമുണ്ട്. ഇനി, കേരളത്തിലെത്തും മുന്‍പേ ബിഹാര്‍ ഗവര്‍ണറെന്ന നിലയില്‍ അവിടത്തെ സര്‍വകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ യത്നിച്ച ഇന്നലെകളാണ് ഇപ്പോഴത്തെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് ഉള്ളത്. എന്നാല്‍, നിലനില്‍പിനു തന്നെ വെല്ലുവിളികള്‍ നേരിടുന്ന സമയത്ത് ഉന്നതവിദ്യാഭ്യാസ മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ പരിണതപ്രജ്ഞരായ ചാന്‍സലര്‍മാരുടെ നേതൃത്വത്തില്‍ നീക്കമുണ്ടാവുമ്പോള്‍ ആ കൈകള്‍ എങ്ങനെ വെട്ടാമെന്ന ഗൂഢാലോചനയിലാണ് ഇടതു സര്‍ക്കാര്‍.
ഇതിനുള്ള കാരണമാകട്ടെ, പകല്‍പോലെ വ്യക്തമാണ്. അക്കാദമികമായ കരുത്ത് ഇടതുപക്ഷത്തിന്, വിശേഷിച്ച് സിപിഐ(എം)ക്കു ചോര്‍ന്നുപോയിക്കഴിഞ്ഞു. ‘വാഴക്കുല പിഎച്ച്ഡി’ക്കാരുടെയും കവിത മോഷണത്തിലൂടെ കീര്‍ത്തി നേടുന്ന പ്രൊഫസര്‍മാരുടെയും നിരയേ പാര്‍ട്ടിക്ക് ഇപ്പോള്‍ മുന്നോട്ടുവയ്‌ക്കാനുള്ളൂ. ഉന്നതവിദ്യാഭ്യാസ മേഖലയെ ഇവരിലൂടെ മാത്രമേ പാര്‍ട്ടിക്ക് ഇനിയങ്ങോട്ടു പിടിച്ചുനിര്‍ത്താനാകൂ. എന്നാല്‍, ഇത്തരക്കാരെ അധികാരസ്ഥാനത്തു വാഴിക്കണമെങ്കിലാകട്ടെ, ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലവാരം താഴ്‌ത്തുകയല്ലാതെ മറ്റു പോംവഴികളില്ല. അതിനാല്‍, ഈ വഴിക്കാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ നീക്കങ്ങള്‍.
അക്കാദമിക മികവോ, കഴിവോ സര്‍വകലാശാലകളുടെ തലപ്പത്തോ ഭരണത്തിലോ വരുന്നതിനു മാനദണ്ഡമാകരുതെന്ന് ഇടതുപക്ഷം കരുതുന്നു. ഒരു രാഷ്‌ട്രം കെട്ടിപ്പടുക്കുന്നതില്‍ ഉന്നതവിദ്യാഭ്യാസ മേഖലയ്‌ക്കു നിര്‍ണായക പങ്കുണ്ടെന്നു തിരിച്ചറിഞ്ഞ്, സാംസ്‌കാരിക ബോധത്തോടെ കലാശാലകളെ നയിക്കാന്‍ സാധിക്കുന്നവര്‍ സര്‍വകലാശാലകളുടെ താക്കോല്‍സ്ഥാനങ്ങളില്‍ എത്തുന്നതു തടയുക എന്നതാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, അണിയറയിലുള്ള സര്‍വകലാശാലാ നിയമ പരിഷ്‌കരണ ബില്ലിന്റെ കാതല്‍.
ഇത്തരമൊരു സാഹസത്തിനു സംസ്ഥാന സര്‍ക്കാര്‍ മുതിരുന്നതാകട്ടെ, വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാനസൗകര്യവികസനത്തിനോ ഗവേഷണത്തിനോ മറ്റോ ഒരു സഹായവും നല്‍കാതെയാണെന്നതും ശ്രദ്ധിക്കേണ്ടതാണ്. സര്‍വകലാശാലകള്‍ക്കു ഫണ്ട് നല്‍കുമെന്ന് ഇടയ്‌ക്കിടെ മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയുമൊക്കെ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതല്ലാതെ നാമമാത്രമായ സഹായം പോലും നല്‍കുന്നില്ല. ഈ മേഖലയിലെ പദ്ധതി പ്രഖ്യാപനങ്ങള്‍ കടലാസിലുറങ്ങുന്നു. എന്നു മാത്രമല്ല, മറുവശത്തു വിത്തെടുത്തു കുത്തുകയുമാണ്. ദശാബ്ദങ്ങള്‍കൊണ്ട് സര്‍വകലാശാലകള്‍ സമാഹരിച്ച പണം ഇടതു മേല്‍ക്കയ്യുള്ള സിന്‍ഡിക്കേറ്റ്, സെനറ്റ് പോലുള്ള സംവിധാനങ്ങള്‍ മത്സരിച്ചു ചെലവിട്ടുതീര്‍ക്കുകയാണിപ്പോള്‍. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനവിഹിതം പിന്നീട് ലഭ്യമാക്കാമെന്ന പൊള്ളയായ വാഗ്ദാനം നല്‍കി സര്‍വകലാശാലകളുടെ തനതു ഫണ്ടു വകമാറ്റി ചെലവിടാന്‍ നിര്‍ദേശം നല്‍കുന്ന സാഹചര്യവും ഉണ്ടാവുന്നു. ഫലത്തില്‍ സര്‍വകലാശാലകള്‍ക്കു ഫണ്ട് ഇല്ലാതായിത്തീരുകയും അത് ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഭാവി തന്നെ ഇരുളടഞ്ഞതാക്കി മാറ്റുകയും ചെയ്യും.
സുതാര്യതയും ചോദ്യം ചെയ്യലും ഇല്ലാതാക്കി എല്ലാം തമ്പ്രാന്റെ ഇഷ്ടംപോലെ എന്ന സ്ഥിതി സര്‍വകലാശാലകളില്‍ സൃഷ്ടിച്ചെടുക്കുകയും ഒരു സിപിഐ(എം) സ്വപ്നമാണ്. സിന്‍ഡിക്കേറ്റ് പോലുള്ള ഭരണനിര്‍വഹണ സംവിധാനങ്ങളില്‍ ഇടതുപക്ഷക്കാര്‍ മാത്രം കുത്തിനിറയ്‌ക്കപ്പെടുന്ന സംവിധാനമാണ് പുതിയ ബില്ലിലൂടെ ലക്ഷ്യംവയ്‌ക്കുന്നത് എന്നാണു റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷ സാന്നിധ്യവും ശബ്ദവും ഇത്തരം ഫോറങ്ങളില്‍ ഇല്ലാതാകുന്നതോടെ കൈക്കൊള്ളുന്ന വിദ്യാഭ്യാസവിരുദ്ധവും രാഷ്‌ട്രീയപരവുമായ തീരുമാനങ്ങള്‍ ചോദ്യംചെയ്യപ്പെടുകയില്ല എന്നു മാത്രമല്ല, പുറത്തറിയുകയുമില്ല എന്ന് ഇടതുപക്ഷം കരുതുന്നു.
അക്കാദമിക രംഗത്തെ അടിമുടി തകര്‍ക്കുന്നതിനുള്ള നീക്കങ്ങള്‍ പുരോഗമനവാദികളെന്ന പ്രച്ഛന്നവേഷമണിയുന്ന ഇടതുസര്‍ക്കാരില്‍ നിന്ന് തുടരെത്തുടരെ ഉണ്ടായിട്ടും അക്കാദമിക വിദഗ്ധരെന്നോ സാംസ്‌കാരിക നായകരെന്നോ അവകാശപ്പെടുന്നവരുടെ കേന്ദ്രങ്ങളില്‍നിന്ന് ഒരെതിര്‍പ്പും ഉയരുന്നില്ല എന്നതാണ് ഇടതുസര്‍ക്കാരിന്റെ നയങ്ങളെക്കാള്‍ ഭയപ്പെടുത്തുന്നത്. ചുറ്റും നടക്കുന്നതൊന്നും കണ്ടില്ലെന്നു നടിക്കാന്‍ മാത്രമുള്ള ഈ കൂട്ടത്തിന്റെ ‘അന്ധത’ നല്‍കുന്ന സൂചന കേരളത്തിന്റെ ഭാവി ഇരുളിലേക്കാണ് എന്നു തന്നെയാണ്. വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണത്തിന്റെ മുളകള്‍ ഓരോന്നായി ചവിട്ടിമെതിച്ചുകളയുകയായിരുന്നു പിണറായി സര്‍ക്കാര്‍ ഇതുവരെ ചെയ്തിരുന്നെങ്കില്‍, ഇപ്പോള്‍ നോട്ടം തായ്‌ത്തടിയില്‍ത്തന്നെയാണ്. തങ്ങളുടെ നീച ലക്ഷ്യപ്രാപ്തിക്കായി ഈ രാഷ്‌ട്രീയക്കൂട്ടം അറിവിന്റെ തായ് വേരറുക്കും മുന്‍പു പ്രതികരിക്കേണ്ടത് കേരളത്തിന്റെ നിലനില്‍പിനുള്ള അടിസ്ഥാനപരമായ ആവശ്യമായിത്തീര്‍ന്നിരിക്കുന്നു.
(അവസാനിച്ചു)
(പ്രമുഖ പത്രപ്രവര്‍ത്തകനും കോഴിക്കോട് മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടറും കോഴിക്കോട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: