തൃശൂര്‍:ചാലക്കുടിയില്‍ ഫെഡറല്‍ ബാങ്കിന്റെ പോട്ട ശാഖയില്‍ നിന്ന് 15 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ പ്രതിയ്‌ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കവര്‍ച്ച നടത്തിയ പ്രതിയെക്കുറിച്ച് നിര്‍ണായക വിവരം ലഭിച്ചതായാണ് പൊലീസ് അറിയിച്ചത്. എന്‍ട്രോക്ക് എന്ന സ്‌കൂട്ടറിലാണ് പ്രതി എത്തിയതെന്ന് കണ്ടെത്തി. ക്യാഷ് കൗണ്ടറില്‍ 45 ലക്ഷം രൂപയുണ്ടായിട്ടും മൂന്ന് ബണ്ടില്‍ നോട്ടുകള്‍( 15 ലക്ഷം രൂപ) മാത്രമാണ് പ്രതി കവര്‍ന്നത്.
ബാങ്കുമായി പരിചയമുള്ള ഇവിടത്തെ കാര്യങ്ങള്‍ വ്യക്തമായി അറിയുന്നയാളാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. ഉച്ചയ്‌ക്ക് 2.12ന് ബാങ്കില്‍ എത്തിയ പ്രതി രണ്ടര മിനിട്ടിനുള്ളില്‍ കവര്‍ച്ച നടത്തി മടങ്ങി. പ്രതിയെ പിടികൂടാന്‍ എല്ലാ പ്രധാന പാതകളിലും പരിശോധന നടത്തുകായാണ്.
പ്രതി പോകാന്‍ സാധ്യതയുള്ള ഇടവഴികളും ഒഴിഞ്ഞ സ്ഥലങ്ങളിലും പരിശോധന നടത്തുന്നുണ്ട്. സംഭവ സമയത്ത് ബാങ്കിനുള്ളില്‍ ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയെടുത്തു. ഹെല്‍മറ്റ് ധരിച്ചാണ് പ്രതി എത്തിയത്. കത്തി കാട്ടി ഭീഷണിപ്പെടുത്തിയ പ്രതിയെ പ്രതിരോധിക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചിരുന്നില്ല. ഹിന്ദിയിലാണ് പ്രതി സംസാരിച്ചത്. പ്രതി എത്തുമ്പോള്‍ ബാങ്കിന്റെ ഫ്രണ്ട് ഓഫീസില്‍ പ്യൂണ്‍ മാത്രമാണ് ഉണ്ടായിരുന്നത്.ബാക്കിയുള്ളവര്‍ മറ്റൊരു മുറിയില്‍ ഭക്ഷണം കഴിക്കുകയായിരുന്നു. ഇതിനിടെയാണ് കവര്‍ച്ച നടന്നത്.
ജീവനക്കാരെ ശുചിമുറിക്കുളളിലാക്കി പൂട്ടിയ ശേഷം കൗണ്ടര്‍ തകര്‍ത്താണ് പണം കവര്‍ന്നത്.ആസൂത്രിതമായ കവര്‍ച്ചയെന്നാണ് പൊലീസിന്റെ നിഗമനം. മോഷ്ടാവ് നേരത്തെയും ബാങ്കില്‍ എത്തിയിട്ടുണ്ടാകാമെന്നും പൊലീസ് പറയുന്നു. ഉച്ചഭക്ഷണ ഇടവേളയില്‍ ഇടപാടുകാരില്ലാത്ത സമയത്താണ് അക്രമി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: