തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് വിദ്യാർഥിയുടെ അമ്മാവൻ രംഗത്ത്. സ്കൂളിലെ ക്ലർക്ക് ഇന്നലെ കുട്ടിയോട് മോശമായി പെരുമാറിയെന്നും അമ്മാവൻ മാധ്യമങ്ങളോട് പറഞ്ഞു.
അസൈമെന്റ് സൈൻ ചെയ്തതിൽ സീൽ വെച്ച് നൽകാൻ കുട്ടി ആവശ്യപ്പെട്ടിരുന്നു എന്നാൽ ക്ലർക്ക് ഇത് നൽകിയില്ല. ഇതേ തുടർന്ന് കുട്ടിയോട് ക്ലർക്ക് കയർത്ത് സംസാരിച്ചെന്ന് കുട്ടി വീട്ടിൽ പറഞ്ഞിരുന്നുവെന്നും അമ്മാവൻ വെളിപ്പെടുത്തി. മകൻ കൊല്ലപ്പെട്ടതാണ് ആത്മഹത്യ എന്ന് പറയില്ല. മരണത്തിലേക്ക് മകനെ തള്ളി വിടുകയായിരുന്നു. ഇന്നലെ റെക്കോർഡ് സീൽ ചെയ്യേണ്ട ദിവസമായിരുന്നു.
സീൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് കാണാൻ ചെന്നപ്പോൾ ഇത് നൽകാതെ ക്ലർക്ക് വേറെ എവിടെയോ നോക്കിയിരുന്നു. കുറേ തവണ പറഞ്ഞതിന് ശേഷം കുട്ടികൾ സീലെടുത്ത് കൊണ്ട് വന്നപ്പോൾ ‘നിന്റെ അപ്പന്റെ വകയാണോ സീൽ’ എന്ന് ചോദിച്ച് അപമാനിച്ചുവെന്നും ക്ലർക്കിനെതിരെ നടപടി വേണമെന്നും’ കുട്ടിയുടെ അമ്മാവൻ പറഞ്ഞു.
അതേ സമയം വിഷയത്തെ പറ്റി പ്രിൻസിപ്പലിനോട് സംസാരിച്ചെന്നും റെക്കോർഡുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തർക്കമുണ്ടായെന്ന് പ്രിൻസിപ്പൽ പറഞ്ഞുവെന്നും അരുവിക്കര എം എൽ എ ജി സ്റ്റീഫൻ അറിയിച്ചു. റെക്കോർഡ് സബമിറ്റ് ചെയ്യുന്നതിനിടയിൽ ക്ലർക്കുമായി തർക്കം ഉണ്ടായി. അതിന്റെ ഭാഗമായി കുട്ടിയുടെ രക്ഷിതാവിനെ വിളിച്ച് കൊണ്ടു വരാൻ പറഞ്ഞിരുന്നുവെന്ന് പ്രിൻസിപ്പൽ അറിയിച്ചുവെന്നും എം എൽ എ പറഞ്ഞു.
ആർഡിഒയും പൊലീസും വിഷയം പരിശോധിച്ചാൽ മാത്രമേ ബാക്കി കാര്യങ്ങൾ പറയാനാകൂവെന്നും എംഎൽഎ പറഞ്ഞു. ഇന്ന് രാവിലെയാണ് കാട്ടാക്കടയിലെ കുറ്റിച്ചലിൽ പരുത്തിപ്പള്ളി വിഎച്ച്എസ്‌സി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബെന്‍സണ്‍ ഏബ്രഹാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: